മന്ത്രി കെ.ടി.ജലീലിനുനേരെ യൂത്ത്ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം; മന്ത്രിയെ തടഞ്ഞുവെച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി
മന്ത്രി കെ.ടി.ജലീലിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് തടഞ്ഞുവച്ചു. ഇമ്പിച്ചിബാവ ഭവനനിര്‍മാണപദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് വന്‍ പ്രതിഷേധം ഉയര്‍ന്നത്. ഇരുനൂറോളം പ്രവര്‍ത്തകര്‍ കാര്‍ വളഞ്ഞുവച്ച് മുദ്രാവാക്യം മുഴക്കി. പൊലീസ് ബലംപ്രയോഗിച്ചാണ് ഇവരെ നീക്കിയത്. ഇടയ്ക്ക് ലാത്തിവീശുകയും ചെയ്തു.
മലപ്പുറം കൊണ്ടോട്ടിയില്‍ മന്ത്രിയെ തടയാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ശ്രമിച്ചത് രാവിലെയും സംഘര്‍ഷാവസ്ഥയുണ്ടാക്കിയിരുന്നു. കൊണ്ടോട്ടിയില്‍ മോയിന്‍കുട്ടി വൈദ്യര് സ്മാരകത്തിന് മുന്നില്‍ മന്ത്രിയുടെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. യൂത്ത് ലീഗുകാരെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിരോധിക്കാനെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിന് പരസ്യപിന്തുണയുമായി സിപിഎം രാവിലെ രംഗത്തെത്തി. ജലീല്‍ തെറ്റ് ചെയ്തെന്ന് കരുതുന്നില്ലെന്നും നിയമലംഘനമുണ്ടെന്ന് തോന്നുന്നവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
കെ.ടി ജലീലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ വ്യക്തിഹത്യ നടത്തനാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. മുസ്ലീങ്ങള്‍ക്കിടയില്‍ കെ.ടി ജലീലിനുളള സ്വാധീനമാണ് മുസ്ലീം ലീഗിന്റെ നീക്കത്തിന് പിന്നിലെന്നും കോടിയേരി ബാലകൃഷ്ണന് കോഴിക്കോട്ട് പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണത്തിന് പിന്നാലെ കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി. പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് കോടിയേരി പറഞ്ഞത് കേട്ടില്ലേയെന്ന് ജലീല്‍ ചോദിച്ചു.
ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിച്ചാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെടുമെന്ന് കെ.ടി. ജലീല്‍ പറഞ്ഞു. ഹജ് ഹൗസിലെ നിയമനവുമായി തനിക്ക് ബന്ധമില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലിക നിയമനം ലഭിച്ച ലീഗുകാരാണ് ഇപ്പോള്‍ പുതിയ നിയമനം നടത്തുമ്പോള്‍ പ്രതിഷേധിക്കുന്നത്. സിപിഎമ്മിന്റെ പിന്തുണ തനിക്കുണ്ട്. കെ.ടി.ജലീല്‍ മലപ്പുറം കൊണ്ടോട്ടിയില്‍ പറഞ്ഞു.
ജലീലിന്റെ അഴിമതി മുഖ്യമന്ത്രിയുടെ പിന്തുണയോടാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ജലീലിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്. ഏതുമന്ത്രിക്കും ബന്ധുക്കളെ നിയമിക്കാമെന്നതാണ് അവസ്ഥ. ജലീലിനെതിരെ യുഡിഎഫ് പോരാട്ടം ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.