ആരെയും കൊതിപ്പിക്കുന്ന പഴങ്ങളാണ് കല്ലറയ്ക്കല്‍ പുരയിടത്തിന്റെ ആകര്‍ഷണം.
മുതലക്കോടം: ആരെയും കൊതിപ്പിക്കുന്ന പഴങ്ങളാണ് കല്ലറയ്ക്കല്‍ പുരയിടത്തിന്റെ ആകര്‍ഷണം. പുരയിടത്തില്‍ നിറയെ സ്വദേശികളും വിദേശികളുമായ പഴങ്ങളുടെ വിളനിലമാണ്. മുതലക്കോടം കല്ലറക്കല്‍ ഷീന ടോമിനു ഒരു സെക്കന്റ് സമയം പോലും വെറുതെ കളയാനില്ല.
കാരണം 42 ഓളം പഴവര്‍ഗചെടികള്‍, നാല്പതോളം ഓര്‍ക്കിട്ട് ചെടികള്‍, കൂടാതെ പച്ചക്കറികള്‍. വീടിനോടു ചേര്‍ന്നുള്ള 70 സെന്റ് കൃഷിഭൂമിയില്‍ നൂറുമേനി വിളയിക്കുകയാണ് വീട്ടമ്മയായ ഷീന ടോം. മുതലക്കോടം ഹന്നാ പോളിമേഴ്സിന്റെ ഉടമ മുതലക്കോടം ടോം ജെ. കല്ലറയ്ക്കലിന്റെ ഭാര്യ ഷീന ടോമാണ് പുരയിടം ഹരിതഭൂമിയാക്കിയിരിക്കുന്നത്.
ലോകത്തില്‍ കിട്ടാവുന്ന എല്ലാ പഴവര്‍ഗങ്ങളും ഈ വീട്ടുമുറ്റത്തു വിളയിപ്പിക്കണമെന്നാണ് ഷീനയുടെ ആഗ്രഹം. ഈന്തപ്പന വരെ മുറ്റത്തുണ്ട്. മുറ്റത്തിനു അഴകായി മാവുകള്‍, ലിച്ചി, റംബൂട്ടാന് തുടങ്ങിയവ. സ്ക്വാഷ്, ഐസ്ക്രിം, വൈന്‍ എന്നിവയുണ്ടാക്കാന്‍ വിദേശരാജ്യങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന ലിച്ചി പഴത്തിന്റെ ചെടി ചുവന്നു തിളങ്ങി നില്ക്കുന്നു. കൂടാതെ മൂട്ടിപ്പഴവും ധുരിയാനും ആകര്‍ഷകം തന്നെ.
മലേഷ്യന്‍ പഴവര്‍ഗങ്ങളാണ് കൂടുതലായിട്ടുള്ളത്. റംബുട്ടാന് (11 തരം റംബുട്ടാന്), നാടന്‍ റംബുട്ടാന്, ബ്ലോക്ക് റംബുട്ടാന്(മഞ്ഞയും ചുവപ്പും), ഫുലാസ, മാങ്കോസ്റ്റിന്‍, മുസാംബി, സബര്‍ജിന്‍, ടാര്ജെറിന് കൂടാതെ മാങ്ങയുടെ വ്യത്യസ്തതയും ഇവിടെ ദര്‍ശിക്കാം. മൂവാണ്ടന്‍ മാത്രമല്ല, കോശേരി, അല്‍ഫോന്‍സ്, വെങ്കരിപ്പിള്ളി തുടങ്ങിയ 10 ഓളം ഇനങ്ങള്‍ പുരയിടത്തിലുണ്ട്. ചാമ്പയിനത്തിലുള്ള നാടന്‍ ചാമ്പാ, പനിനീര്‍ചാമ്പ, ബ്ലോക്ക് ചാമ്പാ, ശ്രീലങ്കന്‍ ചാമ്പ, ആപ്പിളുകളില്‍ കസ്റ്റാഡ് ആപ്പിള്‍, വെല്‍വറ്റ് ആപ്പിള്‍, അര്‍ബുദത്തിനു ഫലപ്രദമായ മരുന്നു കൂടിയായ ലക്ഷ്മിതരൂ, മുള്ളാത്ത എന്നിവയും ഈ പുരയിടത്തിലുണ്ട്.
നെല്ലി, പേര, ജാതി, സപ്പോട്ട, ഫാഷന്‍ ഫ്രൂട്ട്സ്, അമ്പഴം, മധുരഅമ്പഴം, ചീമ നെല്ലി എന്നിവയും പുരയിടത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഓരോ യാത്രകളില്‍ കണ്ടുമുട്ടുന്ന ചെടികളെ സ്വന്തമാക്കിയാണ് പുരയിടം നിറച്ചിരിക്കുന്നത്.
കാര്‍ഷിക പ്രദര്‍ശനങ്ങളെല്ലാം തന്നെ കുടുംബസമേതം സന്ദര്‍ശിക്കും. ഏതു കാലാവസ്ഥയിലുള്ള പഴവര്‍ഗങ്ങളെയും സ്വന്തം പുരയിടത്തില്‍ പരീക്ഷിക്കാനുള്ള തന്റേടമാണ് ഷീനയ്ക്കു സ്വന്തം. കാര്‍ഷിക കുടുംബത്തില്‍ ജനിച്ച ഷീന കൃഷിയെ അത്രമാത്രം ഇഷ്ടപ്പെടുന്നു.
കുട്ടികള്‍ സ്കൂളിലും ഭര്‍ത്താവ് ഓഫീസിലേക്കും പോയി കഴിഞ്ഞാല്‍ പിന്നെ ചെടികളുടെ കൂടെയാണ് ഷീന. ചെടികള്‍ തളിര്‍ക്കുന്നതും പൂവിടുന്നതും കായ്കള്‍ പൊഴിയാതെ നോക്കിയും ഒരു നടപ്പ്. പൂര്‍ണമായും ജൈവവളമാണ് ഇവിടെ ഉപയോഗിക്കുന്നത്. വിഷമില്ലാത്ത പച്ചക്കറി, പഴവര്‍ഗം രുചിക്കുകയാണ് ലക്ഷ്യം. ഓരോ ചെടികളെ തലോടുമ്പോഴും ഷീനയ്ക്കൊരു ലക്ഷ്യം പോലെ ഒരു പ്രാര്‍ഥനയുണ്ട്. സര്‍വവും ദൈവത്തിനും മാതാവിനു സമര്‍പ്പിച്ചുള്ള പ്രാര്‍ഥന. ഈ കാലാവസ്ഥയിലും ഓരോ ചെടികളും തളിര്‍ക്കുന്നതും വിളവു നല്‍കുന്നതും ഇതുമൂലമാണെന്നു ഷീനയും ടോമും മക്കളും വിശ്വസിക്കുന്നു.
തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളായ ആന്‍ മരിയയും, നിയ മരിയയും, ജോസഫും അമ്മയ്ക്കൊപ്പം ചെടി പരിചരണത്തിലുണ്ട്.
കല്ലറയ്ക്കല്വീടിന്റെ കവാടത്തില്‍ ഇരുകൈയുംനീട്ടി നില്ക്കുന്ന പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിനു മുന്നില്‍ അലങ്കാരമായി നില്ക്കുന്ന 40 ഇനത്തിലുള്ള ഓര്‍ക്കിഡ് ചെടികളും ആരെയും ആകര്‍ഷിക്കും. ഓര്‍ക്കിഡ് പൂക്കള്‍ വില്‍ക്കാറില്ലെങ്കിലും മാതാവിനു കാഴ്ചയായി പൂവിട്ടുനില്ക്കുന്നു. മഴ മറയിലാണ് പച്ചക്കറി. കൃഷിഭവന്റെ സഹായവും ലഭിച്ചു.
കൃഷിഭവന്റെ സഹായത്തോടെ പച്ചക്കറികള്‍ പുരയിടത്തില്‍ ചെയ്യുന്നതില്‍ ഉത്സാഹിയാണ് ഷീന. ചേമ്പ്, കാച്ചില്, ചേന, ചെറുകിഴങ്ങ്, മത്തന്‍, മഞ്ഞള്‍, ഇഞ്ചി, വെണ്ട, പയര്‍, കുമ്പളം, പാവല്‍, കോവല്‍, ചീര, പച്ചമുളക്, വഴുതനങ്ങാ, കാന്താരി, തക്കാളി വരെ ഈ മഴമറയില്‍ വിളയുന്നു. മൊബൈല്‍ ഫോണിലും ടിവിസീരിയലിനും സമയം കളയുന്ന വീട്ടമ്മമാര്‍ കണ്ടു പഠിക്കേണ്ടതാണ് ഷീനയുടെ കൃഷിരീതി.
ഏഴല്ലൂരിലും ഈരാറ്റുപേട്ടയിലും ടോമിനു ഭൂമിയുണ്ട്. ഏഴല്ലൂരില്‍ പച്ചക്കറികളാണ് കൃഷി. പേട്ടയില്‍ റബറും. ഈ പുരയിടത്തില്‍ കൂടുതലായി വിളയിച്ചെടുക്കുന്ന പഴവര്‍ഗങ്ങളും പച്ചക്കറികളും വിറ്റുപോകാനും മാര്‍ക്കറ്റുണ്ട്. കോതമംഗലം രൂപത എകെസിസിയുടെ മുതലക്കോടത്തുള്ള കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് കര്‍ഷകര്‍ക്കു തുണയായി പച്ചക്കറികള്‍ ഏറ്റെടുക്കുന്നുണ്ട്. ഇവിടെയാണ് വില്പന. എകെസിസി രൂപത ഭാരവാഹി കൂടിയായ ടോം ഡിഎഫ്സി രൂപത ട്രഷറര്‍ കൂടിയാണ്