ഡ്രൈവിങ് ടെസ്റ്റ് കടുപ്പത്തിലേക്ക്: മികവു പരിശോധിക്കാന്‍ ഇനി ക്യാമറയും
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിക്കാനുമുള്ള നടപടികള്‍ക്കു മോട്ടോര്‍വാഹന വകുപ്പ് തുടക്കമിട്ടു. ക്യാമറകളുടെ സഹായത്തോടെയാണ് ഒരാളുടെ ഡ്രൈവിങ് മികവ് ഇനി പരിശോധിക്കുക. എട്ടും, എച്ചും മാത്രമെടുത്താല്‍ ഇനി മുതല്‍ ലൈസന്‍സ് കിട്ടണമെന്നില്ല. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് ആസൂത്രണ കമ്മിഷന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളിലെപോലെ വേറെയും പരീക്ഷണങ്ങള്‍ ടെസ്റ്റ് പാസാകുന്നതിന് ഇനി അഭിമുഖീകരിക്കേണ്ടി വരും. മാത്രമല്ല എട്ടും എച്ചും എടുക്കുന്നതിനായി സ്ഥാപിക്കുന്ന കമ്പികള്‍ ഘട്ടംഘട്ടമായി ഒഴിവാക്കും. ടെസ്റ്റില്‍ പങ്കെടുക്കുന്നയാള്‍ ഓടിക്കുന്ന വാഹനം വരകള്‍ മറികടന്നോ എന്നു കംപ്യൂട്ടര്‍ പരിശോധിക്കും.
വാഹമോടിക്കാന്‍ അറിയാത്തവര്‍പോലും ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും സഹായത്തോടെ ടെസ്റ്റെന്ന കടമ്പ മറികടക്കുന്നതായി പലയിടത്തുനിന്നും മോട്ടോര്‍വാഹന വകുപ്പിനു റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇത്തരത്തില്‍ ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നതു നിയന്ത്രിക്കാനാണ് സര്‍ക്കാരിന്റെ പുതിയ നടപടി.
നിലവില്‍ കോഴിക്കോട്, കണ്ണൂര്‍, കഴക്കൂട്ടം എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍ നിയന്ത്രിത ഡ്രൈവിങ് ടെസ്റ്റ് നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍, പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നതിനു സ്ഥലസൗകര്യം പ്രശ്നമായി. ആസൂത്രണ കമ്മിഷന് അനുമതി നല്‍കിയതോടെ സ്വകാര്യ വ്യക്തികളുടെ പങ്കാളിത്തത്തില്‍ പദ്ധതിക്കായി സ്ഥലം കണ്ടെത്താനാണു തീരുമാനം.
സ്ഥലം വിട്ടുനല്‍കുന്നതിന് സ്വകാര്യവ്യക്തികള്‍ക്ക് മികച്ച പ്രതിഫലം നല്‍കും. ടെസ്റ്റ് പാസാകുന്നവര്‍ക്കു മികച്ച ഡ്രൈവിങ് സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ഡ്രൈവിങ് ബോധവല്‍ക്കരണ ക്ലാസുകള്‍ എടുക്കാനും തീരുമാനമായിട്ടുണ്ട്.