ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി; രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാനല്ല അത് തടയാനാണ് നിയമങ്ങളെന്നും കോടതി
കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ശബരിമലയിലെ യുവതീപ്രവേശനം താത്കാലികമായി തടയാനാകില്ല. രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാനല്ല, അത് തടയാനാണ് നിയമങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.
ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിയില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. റിവ്യൂ ഹര്‍ജി പരിഗണിക്കും വരെ യുവതീപ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സംസ്ഥാന സർക്കാർ നടപടികളെ പിന്തുണച്ച് ഹൈക്കോടതി ശക്തമായ നിലപാടെടുത്തതോടെ സ്വകാര്യ ഹർജി പിൻവലിച്ചു.
ഹര്ജിക്കാരന് പ്രധാനമായും മുന്നോട്ടുവെച്ചത് ഒരു നിയമപ്രശ്നമാണ്. ശബരിമലയില്‍ 10 നും 50 നും ഇടയിലുള്ള പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം തടഞ്ഞത് മഹേന്ദ്രന് എന്നയാളുടെ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ്. ഇതില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിച്ചിട്ടില്ലെന്നാണ് ഹര്ജിക്കാരന് ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ആ വിധി പരാമര്‍ശിക്കാതെ മറ്റൊരു വിഷയത്തിലാണ് ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സുപ്രീംകോടതി അനുമതി നല്‍കിയത്.
അതുകൊണ്ട് തന്നെ മഹേന്ദ്രന് കേസിലെ വിധി ഉന്നയിച്ചുകൊണ്ട് സുപ്രീം കോടതിയിലെ പുനഃപ്പരിശോധന ഹര്‍ജികളില്‍ തീരുമാനം എടുക്കുന്നതുവരെ യുവതി പ്രവേശനം തടയണമെന്ന ആവശ്യമാണ് ഹര്ജിക്കാരന് മുന്നോട്ടുവെച്ചത്.
എന്നാല്‍ വിധി പുറപ്പെടുവിച്ചത് മഹേന്ദ്രന് കേസിലെ വിധി പരിശോധിച്ചാണോ അല്ലയോയെന്ന് സുപ്രീം കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. അതിനാല്‍ ഹര്‍ജി ഇവിടെ നിലനില്‍ക്കുന്നതല്ല, വേണമെങ്കില്‍ ഹര്ജിക്കാരന് സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് ഹൈക്കോടതി നിലപാടെടുത്തത്. സുപ്രീംകോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് നിയമപരമായി അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.