മനാഫ് വധക്കേസ്; പിടിയിലാകാനുള്ളത് എം.എല്‍.എയുടെ അനന്തരവന്മാര്
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായിരുന്ന കോളിളക്കം സൃഷ്ടിച്ച മനാഫ് വധക്കേസില്‍ കീഴടങ്ങിയ രണ്ടു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. എളമരം മപ്രം ചെറുവായൂര്‍ പയ്യനാട്ട്തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ക്കാണ് ജഡ്ജി രാജ വിജയരാഘവന് ജാമ്യം നിഷേധിച്ചത്. കടുത്ത നിബന്ധനകളോടെ ജാമ്യം അനുവദിക്കാമെന്ന ഗവണ്മെന്റ് പ്ലീഡറുടെ നിലപാട് തള്ളിയാണ് കോടതി ഉത്തരവ്. കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന് അബ്ദുള്‍ റസാഖ് കേസില്‍ കക്ഷിചേര്‍ന്ന് ജാമ്യം അനുവദിക്കരുതെന്ന നിലപാടെടുത്തു. കേസില്‍ ഒന്നും മൂന്നും പ്രതികളായ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന് ഷഫീഖ് (49), മാലങ്ങാടന് ഷെരീഫ് (51) എന്നിവരെക്കൂടി പിടികൂടാനുണ്ടെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും അബ്ദുള്‍ റസാഖിനു വേണ്ടി ഹാജരായ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകന് എസ്. ശ്രീകുമാര്‍, പി.കെ സോയൂസ് എന്നിവര്‍ വാദിച്ചു.
കഴിഞ്ഞ 23 വര്‍ഷമായി ഉന്നതരാഷ്ട്രീയ ബന്ധവും സാമ്പത്തിക സ്വാധീനവും ഉള്ള പ്രതികള്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചാണ് ഒളിവില്‍ കഴിഞ്ഞത്. അടിക്കടി വിദേശത്തുപോയി വരുന്ന പ്രതികള്‍ക്ക് ജാമ്യം നല്കിയാല് ഇവര്‍ വീണ്ടും രക്ഷപ്പെടുമെന്നും കോടതിയെ അറിയിച്ചു. പ്രതികളുടെ പാസ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയിരുന്നില്ല.
പ്രതികള്‍ക്ക് കടുത്ത നിബന്ധനകളോടെ ജാാമ്യം അനുവദിക്കാമെന്ന് ഗവണ്മെന്റ് പ്ലീഡര്‍ നിലപാടെടുത്തതോടെ കോടതി അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നും നേരിട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തിനു വിരുദ്ധമായി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
1995 ഏപ്രില്‍ 13ന് പട്ടാപ്പകലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍ വെച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയത്. പ്രോസിക്യൂഷനുമായി ഒത്തുകളിച്ച് ഒന്നാം സാക്ഷി കൂറുമാറ്റിയതോടെയാണ് പി.വി അന്‍വര്‍ എം.എല്‍.എയടക്കം 21 പ്രതികളെയും വിചാരണക്കോടതി വെറുതെ വിട്ടത്. കേസില്‍ രണ്ടാം പ്രതിയായിരുന്ന അന്‍വര്‍ അടക്കമുള്ളവരെ വെറുതെ വിട്ട മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന് അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കൊലപാതകം നടന്ന് 23 വര്‍ഷമായിട്ടും അന്‍വറിന്റെ രണ്ട് സഹോദരീ പുത്രന്മാരടക്കം നാലു പ്രതികളെ പിടികൂടാന്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നു കാണിച്ച് അബ്ദുള്‍ റസാഖ് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന് ഷഫീഖ് , മാലങ്ങാടന് ഷെരീഫ് എന്നിവരെയും എളമരം മപ്രം ചെറുവായൂര്‍ പയ്യനാട്ട്തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍, നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് എന്നിവരെയും ലുക്കൗട്ട് നോട്ടീസ് ഇറക്കി മൂന്നു മാസത്തിനകം പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ജൂലൈ 25ന് മലപ്പുറം ജില്ലാ പൊലീസ് ചീഫിനോട് ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ആഗസ്റ്റ് 30ന് കബീറും മുനീബും മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയും തള്ളിയിരുന്നു. 63 ദിവസമായി ഇരുവരും കോഴിക്കോട് സബ് ജയിലില്‍ റിമാന്റിലാണ്.