ആൾക്കൂട്ട ആരവത്തിന് 75
അധികാരമുള്ളപ്പോഴും അല്ലാത്തപ്പോഴും ജനങ്ങൾക്ക് നടുവിലുണ്ടായിരിക്കും എന്നതാണ് ഉമ്മൻ ചാണ്ടിയെ മറ്റു നേതാക്കളിൽ നിന്നും വേറിട്ട് നിർത്തുന്നത്. രാഷ്ട്രീയ പ്രതിയോഗികൾക്കു ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ വിവാദങ്ങളിലും ആരോപണങ്ങളിലും തളച്ചിടാൻ സാധിക്കാത്തതും ഈ എളിമ നിറഞ്ഞ പ്രവർത്തന ശൈലിയിലൂടെ ജനങ്ങളുടെ മനസിൽ ജീവിക്കുന്നതിനാലാണ്. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്, സഹപ്രവർത്തകരുടെ ഓസി, കേരളവും കടന്നു ഇന്നു ആന്ധ്രയിലെത്തുമ്പോൾ ഓസിഗാരുവായി മാറുന്നതും അനന്യമായ അനുഭവങ്ങളിൽ നിന്നും കരസ്ഥമാക്കിയ രാഷ്ട്രീയ പാഠങ്ങളുടെ പിൻബലത്താലാണ്.
2011ൽ കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തു മാത്രം സീറ്റുണ്ടായിരുന്നിട്ടും പല തരക്കാരും സ്വഭാവക്കാരുമായ സഖ്യകക്ഷികളെ ഒപ്പം നിർത്തി ഉമ്മൻചാണ്ടി അഞ്ചു വർഷം ഭരണം പൂർത്തിയാക്കിയത്, രാഷ്ട്രീയ എതിരാളികൾക്കു പോലും അത്ഭുതമാണ്. ഈ നയതന്ത്രജ്ഞതയും കൗശലവുമാണ് സമകാലീന രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയെ വേറിട്ടു നിർത്തുന്നത്. പാർട്ടിയോളം തന്നെ ഗ്രൂപ്പും പ്രസക്തമായ കോൺഗ്രസിൽ ഈരിഴയും ചേർത്തു നിർത്തുന്ന കാന്തികബലവും അദ്ദേഹമാണ്.
ഉമ്മൻചാണ്ടി പുറത്തെടുക്കുന്ന പൂഴിക്കടകിനിൽ നിലംപരിശാകാത്ത പ്രതിയോഗികൾ വിരളമാണ്. അതു പാർട്ടിക്കു പുറത്തുള്ള എതിരാളികളായാലോ സ്വന്തം പാർട്ടിയിലെ വിരുദ്ധ ചേരിയിലുള്ളവരായാലോ പലപ്പോഴും നിലംപരിശാകുന്നതിനു രാഷ്ട്രീയ കേരളം കൗതുകപൂർവം സാക്ഷിയായിട്ടുണ്ട്. നിലവാരമില്ലാത്ത ബാറുകൾ പൂട്ടാൻ കെപിസിസി നേതൃത്വം നിർബന്ധം പിടിച്ചപ്പോൾ സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും പൂട്ടിട്ടു, പാർട്ടിയെയും വിമർശകരെയും ഞെട്ടിച്ചതു ആ ചാണക്യബുദ്ധിയിലെ ഒരു ചെറിയ നമ്പർ മാത്രം.
പതിനേഴാം വയസിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് ഉമ്മൻചാണ്ടി പൊതുരംഗത്തേക്ക് കാലെടുത്തു വച്ചത്. തുടർന്നു 1967ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും ഉയർന്നു. 1970ൽ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നും 27 ആമത്തെ വയസിൽ തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ നാമം കേരള രാഷ്ട്രീയത്തിലും ആലേഖനം ചെയ്യപ്പെടുകയായിരുന്നു എന്നത് പിൽക്കാല ചരിത്രം.
താരതമ്യങ്ങൾ ഏറെയില്ലാത്ത വികസന നേട്ടങ്ങൾ കേരളത്തിനു സമ്മാനിച്ചത് ഉമ്മൻചാണ്ടി അധികാരത്തിലിരുന്ന കാലത്തായിരുന്നു എന്നതു ശ്രദ്ധേയമാണ്. 1977ൽ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ തൊഴിൽ ഇല്ലായ്മ വേതനം നടപ്പിലാക്കിയായിരുന്നു അദ്ദേഹം ഭരണരംഗത്തെ മികവിനു തുടക്കമിട്ടത്. പിന്നീട് കൊച്ചി മെട്രോ, വല്ലാർപാടം, ശബരിമല മാസ്റ്റർ പ്ലാൻ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി, സ്മാർട്ട് സിറ്റി തുടങ്ങി പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനും ചാലകശക്തിയായി.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടി ദേശീയ തലത്തിലും ആഗോള തലത്തിലും വളരെയേറെ ശ്രദ്ധിക്കപ്പെട്ട നടപടിയായിരുന്നു. ഐക്യരാഷ്ട്ര സംഘടന ആഗോളതലത്തില്‍ പബ്ലിക് സര്‍വീസിനു നല്കുന്ന പുരസ്കാരം, 2013ൽ ജനസമ്പർക്ക പരിപാടിക്ക് നൽകി ആദരിച്ചതു പ്രവർത്തന മികവിനുള്ള ആഗോള അംഗീകാരമായി. മുഖ്യമന്ത്രിയുടെ ഓഫീസ് തത്സമയം വെബ്സൈറ്റിലൂടെ സംപ്രേക്ഷണം ചെയ്തു സുതാര്യതയ്ക്കും പ്രാധാന്യം നൽകി. തൊഴിൽ മന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി എന്നീ വകുപ്പുകൾ വിജയകരമായി കൈകാര്യം ചെയ്തു ഭരണപാടവവും തന്റേതായ പ്രവർത്തന ശൈലി വാർത്തെടുത്തും കർമനിരതയിലൂടെയും ജനങ്ങളുടെ ആദരവിനു പാത്രമായതും പിൽക്കാല ചരിത്രം.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ, രണ്ടു വർഷത്തോളം അദ്ദേഹം മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്നും ചെറിയൊരു ചുവടു പിന്നോട്ടുവച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിനു കീഴിൽ രാജ്യത്തെ ഗ്രാൻഡ് ഓൾഡ് പാർട്ടിയായ കോൺഗ്രസ് പുത്തൻ ഊർജം തേടുമ്പോൾ, പാർട്ടിയുടെ പഴയ തട്ടകമായ ആന്ധ്രാപ്രദേശിനെ വരുതിയിലാക്കാൻ ഹൈക്കമാൻഡ് നിയോഗിച്ചതും ഉമ്മൻചാണ്ടിയെയാണ് എന്നുള്ളത് അദ്ദേഹത്തിന്റെ രാഷ്ട്രീയരംഗത്തെ അനുഭവജ്ഞാനത്തിനും കർമകുശലതയ്ക്കുമുള്ള അംഗീകാരം കൂടിയാണ്.
ഇതിനിടയില്‍ നിരവധി ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിന്റെ മേൽവന്നുപതിച്ചിട്ടുണ്ട്. സോളാര്‍ കേസും ബാര്‍കോഴ കേസും ഒക്കെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനു തിരിച്ചടികൾ സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്തും രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങളെ നേരിട്ടും അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ഊര്‍ജസ്വലമായി മുന്നോട്ട് കൊണ്ടുപോവുകയാണ്. ആഘോഷങ്ങളുടെ പിൻബലമില്ലാതെ, ആൾക്കൂട്ടത്തിന്റെ ആരവങ്ങളുടെ നടുവിലേക്കു ഉമ്മൻചാണ്ടി 75 പിന്നിട്ടും കുതിക്കുകയാണ്. അതിവേഗം ബഹുദൂരം.