ക്ഷേത്രം ദർശനത്തിനായി തുറന്ന് വയ്ക്കേണ്ടത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്വം; തന്ത്രിക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ കേന്ദ്രീകരിക്കാൻ ഉദ്ദേശിക്കുന്ന ക്രിമിനലുകളെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസുകാരെ പോലും ജാതിയമായി വേർതിരിക്കാൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുകയാണ്. പൊലീസിൽ വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കാൻ കഴിയുമോ എന്ന ശ്രമവും ഇവർ നടത്തി. പൊലീസിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമവും ഇവർ നടത്തി.വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്.
പിന്നിൽ വലിയ ഗൂഡാലോചന നടന്നു. സ്ത്രീകൾക്ക് പൊലീസ് സംരക്ഷണം നൽകാതിരിക്കാൻ കഴിയില്ല.ഓരോരുത്തർക്കും അവരുടെ വിശ്വാസം കാത്ത് സൂക്ഷിക്കാനുള്ള അവകാശമുണ്ട്. അത് വ്യക്തിപരമാണ്.സന്നിധാനത്തും നിലയ്ക്കലും നടന്ന അക്രമണങ്ങൾ ആസൂത്രിതമാണ്.പൊലീസ് ഉദ്യോഗസ്ഥരെ സംഘപരിവാർ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണ്. മാധ്യമപ്രവർത്തകർക്ക് നേരെയും ഹീനമായ അക്രമണം നടന്നു. തങ്ങൾ പറയുന്ന രീതിയിൽ വാർത്തകൾ പുറത്ത് വരണമെന്നായിരുന്നു ഇവരുടെ ആവശ്യം.ഗൂഡാലോചനയ്ക്ക് നേതൃത്വം നൽകിയത് ആർഎസ്എസ് ആണ്.
ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷനേതാവിനെ പോലെയുള്ളവർ ഇക്കാര്യത്തിൽ അവരുടെ നിലപാട് വ്യക്തമാക്കുന്നത് നല്ലതായിരിക്കും. ഇത്തരം പ്രചരണങ്ങളെ അതിശക്തമായി നമ്മുടെ സമൂഹം തുറന്ന് കാണിക്കുകയും എതിർക്കുകയും ചെയ്യേണ്ടതാണ്.
ശബരിമലയിലെ തന്ത്രി ക്ഷേത്രം അടച്ചിടുമെന്ന പ്രഖ്യാപനം നടത്തി.പരികർമ്മികൾ 18ാം പടിക്ക് താഴെ സത്യാഗ്രഹമിരിക്കുകയും ചെയ്തു. സുപ്രീംകോടതിയുടെ വിധിയെ അട്ടിമറിക്കാൻ പരികർമ്മികൾ നടത്തിയ നീക്കം അംഗീകരിക്കാൻ കഴിയില്ല. ക്ഷേത്രം ദർശനത്തിനായി തുറന്ന് വയ്ക്കുകയും അത് കഴിഞ്ഞാൽ അത് അടയ്ക്കാനുള്ള ഉത്തരവാദിത്വം ദേവസ്വംബോർഡിനാണ്.
വിശ്വാസികളെ ക്ഷേത്രത്തിൽ കടത്താതിരിക്കുക എന്നല്ല അവർക്ക് ക്ഷേത്രത്തിൽ എത്താനുള്ള സൗകര്യം ഒരുക്കുകയെന്നതാണ് ദേവസ്വം ബോർഡിനും തന്ത്രിക്കും ഉള്ള ഉത്തരവാദിത്വമാണ് നിറവേറ്റാനുള്ളത്.കഴിഞ്ഞ രണ്ട് വർഷമായി ശബരിമല തീർത്ഥാടകർക്ക് സൗകര്യം ഒരുക്കുന്നത് സർക്കാർ ചിലവഴിച്ചത് 302 കോടിയാണ് . ദേവസ്വം ബോർഡിന്റെ ചില്ലിക്കാശ് സർക്കാരിന് വേണ്ടി എടുക്കുന്നില്ല.
ക്ഷേത്രം ദേവസ്വംബോർഡിന്റെ സ്വത്താണ് . അതിൽ മറ്റൊരാൾക്കും അവകാശമില്ലെന്നതാണ് യാഥാർത്ഥ്യം. 1949ലെ കവനന്റ് അനുസരിച്ച് ചിലർക്ക് അവകാശമുണ്ടെന്ന് ചിലർ പറയുന്നുണ്ട്.രണ്ട് കാര്യങ്ങളാണ് ഈ കവനന്റിൽ കൈകാര്യം ചെയ്തിരുന്നത്. തിരുവിതാംകൂറിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ കൊണ്ടു വരുവാനും ഇതിനായി 50 ലക്ഷം രൂപ സർക്കാർ നൽകണമെന്ന തീരുമാനവും ആണ് ഉണ്ടായിരുന്നത്.
തിരുവിതാംകൂറിന് പന്തളം രാജ്യവും ആദായവും ശബരിമലക്ഷേത്രത്തിലെ നടവരവ് സഹിതം തിരുവിതാംകൂറിന് വിട്ടു കൊടുത്തിരുന്നു. ഇത്തരം അധികാരം പണ്ട് മുതൽ തന്നെ ഇല്ലാതായതായി കാണാൻ കഴിയും. അതോട് കൂടി ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രം തിരുവിതാംകൂറിന്റെയും പിന്നിട് തിരുകൊച്ചി സംസ്ഥാനത്തിന്റേതുമായി. പിന്നീട് ഐക്യകേരളം രൂപപ്പെട്ടു. ഇതോടെ ഇത് ഐക്യകേരളത്തിന്റേതുമായി. പിന്നീട് ദേവസ്വം ബോർഡുകൾ ഉണ്ടായിയെന്നും പിണറായി വ്യക്തമാക്കി
ശബരിമല സന്നിധാനത്ത് ഒരു വിധത്തിലുള്ള ശക്തികളെയും അനുവദിക്കാനാകുന്നില്ല.അക്രമികൾക്ക് അഴിഞ്ഞാടാനുള്ള ക്ഷേത്രമാക്കാനാവില്ല. വിശ്വാസികളെയും വിശ്വാസത്തെയും ബഹുമാനിക്കും.ജാതിയും മതവും നോക്കിയല്ല കേരളത്തിലെ പൊലീസ് പ്രവർത്തിക്കുന്നത്.സന്നിധാനത്ത് അക്രമികളെ അഴിഞ്ഞാടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സുപ്രീകോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ചില ഒരുക്കങ്ങൾ നടത്തണം. അത് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇവിടെ ക്രമസമാധാന നില തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. അതിന് പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.