ശബരിമല: പ്രതിഷേധ സമരങ്ങൾ കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് കെമാൽ പാഷ
കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിയെ പിൻതുണച്ചും, പ്രതിഷേധ സമരങ്ങളെ തള്ളിപ്പറഞ്ഞും ജസ്റ്റിസ് ബി. കെമാൽ പാഷ. സുപ്രീം കോടതി വിധിക്കെതിരേ ഇപ്പോൾ നടക്കുന്ന സമരങ്ങൾ കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ അദ്ദേഹം സമരത്തിനായി ജനങ്ങളെ തെറ്റിധരിപ്പിച്ച് തെരുവിലിറക്കിയ രാഷ്ട്രീയ പാർട്ടികളുടെ ലക്ഷ്യം വോട്ട് ബാങ്കാണെന്നും കുറ്റപ്പെടുത്തി.
സുപ്രീം കോടതി വിധി തെറ്റാണെന്നു പറയാൻ സാധിക്കില്ല. ഏതെങ്കിലും ഒരു പൊതുസ്ഥലത്ത് ലിംഗവിവേചനമുണ്ടെന്ന പരാതി കോടതിയ്ക്ക് മുന്നിലെത്തിയാൽ ഇത്തരത്തിലല്ലാതെ കോടതിയ്ക്ക് തീരുമാനം എടുക്കാൻ സാധിക്കില്ല. സ്ത്രീകൾ സ്വയാർജിതമായി ഒരു നിയന്ത്രണം ഇക്കാര്യത്തിൽ കൊണ്ടു വരികയാണ് വേണ്ടതെന്നാണ് തന്റെ വ്യക്തിപരമായ നിലപാട്. പോകണോ വേണയോ എന്ന് ഭക്തരായ സ്ത്രീകൾ തന്നെ തീരുമാനിക്കുകയാണ് വേണ്ടത്. അവർ ഭക്തരാണെങ്കിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആചാരം ലംഘിച്ച് ശബരിമലയിൽ പോണോ വേണ്ടയോ എന്ന് അവർ സ്വയം ഒരു തീരുമാനത്തിൽ എത്തിച്ചേരും. അല്ലാതെ കോടതി വിധിക്കെതിരെ തെരുവിൽ ബഹളത്തിനിറങ്ങുകയല്ല വേണ്ടത്. യഥാർത്ഥത്തിൽ ഇപ്പോൾ നടക്കുന്ന സമരങ്ങളെല്ലാം കോടതി അലക്ഷ്യമാണ്. അതെല്ലാം തെറ്റാണ്. സമരത്തിന്റെ മുൻപന്തിയിൽ നിൽക്കുന്നവരിൽ പലരും പറയുന്നത് ശുദ്ധ വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ തീരുമാനം പെട്ടന്നായിപോയി എന്ന് പറയാനാവില്ല. വർഷങ്ങളോളം കേസിൽ വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഭരണഘടനാപരമായ പ്രശ്നമുണ്ടെങ്കിൽ സുപ്രീം കോടതി അത് നോക്കണം. അത് നോക്കാതിരിക്കാനാവില്ല. പക്ഷേ, ഈ ഒരു വിഷയം കോടതിയിൽ വരേണ്ടിയിരുന്നോ എന്നതാണ് പരിശോധിക്കേണ്ടിയിരിക്കുന്നത്. എപ്പോഴാണെങ്കിലും കോടതിയ്ക്ക് ഈ കേസ് പരിഗണിക്കാതിരിക്കാൻ പറ്റില്ല. അതിനെ നമുക്ക് തെറ്റ് പറയാൻ പറ്റില്ല. എന്നാൽ, സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിൻതുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അയ്യപ്പൻമാർ എന്നത് ഒരു റിലീജിയസ് ഗ്രൂപ്പാണോ എന്ന രീതിയിലായിരുന്നു ചർച്ച. ക്രൈസ്തവ സഭയിലെ മാർത്തോമാ, ഓർത്തഡോക്സ് എന്ന പോലെ ഒരു റീലീജിയസ് ഡിനോമിനേഷൻ ആണ് അയ്യപ്പ എന്ന വാദം ആർട്ടിക്കിൾ 26 പ്രകാരം നിൽക്കില്ലന്നാണ് കോടതി കണ്ടെത്തിയത്. അത് ശരിയായ തീരുമാനമാണ്. കോടതിയിൽ വന്നതുകൊണ്ട് അതിൽ കോടതിയ്ക്ക് തീരുമാനം എടുക്കാം. അതിൽ തെറ്റ് പറയാൻ സാധിക്കില്ല.
കോടതിയിൽ പോയി സ്ത്രീ പ്രവേശനത്തെ പിൻതുണച്ച ശേഷം ഇപ്പോൾ തെരുവിൽ സമരം നടത്തുകയാണ്. റിലീജിയസ് പ്രാക്ടീസാണ് ഇത് മാറ്റാനാവില്ലെന്നായിരു കോടതിയിൽ വാദിക്കേണ്ടിയിരുന്നത്. ഇത് ഇലക്ഷൻ സ്റ്റണ്ട് മാത്രമാണ്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. സുപ്രീം കോടതിയിൽ പറയേണ്ട കാര്യം പറയാതെ, കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ആളുകളാണ് തെരുവിൽ സമരം നടത്തുന്നത്. അവിടെ അവർ സമ്മതിച്ചത് എന്തിനാണ്. ഓർഡിനൻസ് ഒന്നും ഇറക്കാൻ സാധിക്കില്ല. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഇനി മേൽശാന്തി നിയമനത്തിൽ സ്ത്രീകൾ വേണം എന്ന് പറഞ്ഞാൽ എന്ത് ചെയ്യും. ജൻഡർ ജസ്റ്റിസ് എന്നേ പറയാനാവൂ. പബ്ലിക്ക് ഫണ്ട് ഉപയോഗിച്ചു പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജൻഡർ ജസ്റ്റിസ് വന്നാൽ കോടതിയ്ക്ക് ഇങ്ങനെ അല്ലാതെ വിധിക്കാനാവില്ല. ഇനി റിവ്യുപെറ്റീഷൻ വന്നാലും കാര്യമില്ല. കോടതി വിധിയിൽ തെറ്റില്ല. ജഡ്ജ്മെന്റിൽ തെറ്റില്ല. കോടതിയിൽ വരേണ്ട കാര്യമില്ലായിരുന്നു.
ഒരു വർഷമായി സുപ്രീം കോടതി ഇതുപോലെയുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഇതൊന്നും ഒരു സോഷ്യൽ ഇഷ്യു അല്ല. ഒരു വർഷം സുപ്രീം കോടതിയുടെ ജോലികളാണ്, എത്ര കോടികളാണ് ചിലവഴിക്കുന്നത്. ഇത് വേണോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.