പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടങ്ങി; ശരണം വിളികളുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയത് ആയിരങ്ങള്‍
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഏകദിന ഉപവാസ സമരം തുടങ്ങി. രാവിലെ 9 മണിക്ക് ആരംഭിച്ച സമരം വൈകുന്നേരം 6 മണി വരെയാണ്. അയ്യപ്പധര്‍മ സംരക്ഷണസമിതി ചെയര്മാന് എസ്. കൃഷ്ണകുമാര്‍, കൊട്ടാരം നിര്‍വാഹകസമിതി വൈസ് പ്രസിഡന്റ് രവിവര്‍മ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവര്‍മ ഉദ്ഘാടനം ചെയ്തു.അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങള്‍, തിരുവാഭരണവാഹക സ്വാമിമാര്‍, പല്ലക്ക് വാഹകസ്വാമിമാര്, പടക്കുറുപ്പുമാര്‍, നായാട്ടുവിള സ്വാമിമാര്‍, ഗുരുതിപൂജ സ്വാമിമാര്‍, ക്ഷേത്ര ഉപദേശകസമിതികള്‍, ക്ഷേത്രഭരണസമിതികള്‍, മുന്മേല്ശാന്തിമാര്, തന്ത്രിമാര്‍, അയ്യപ്പസേവാസമാജം, വിവിധ ഹിന്ദുസംഘടനകള്‍, സമുദായസംഘടനകള്‍, അയ്യപ്പഭക്തര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ആയിരങ്ങളാണ് ശരണം വിളികളുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയത്. നാമജപഘോഷയാത്ര സെക്രട്ടറിയേറ്റ് പടിക്കല്‍ പുരോഗമിക്കുകയാണ്.
സ്ത്രീകളുടെ നാമജപമുന്നേറ്റം കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിനോ ദേവസ്വംബോര്‍ഡിനോ കഴിയില്ല. വിധി ഏകപക്ഷീയമായി നടപ്പാക്കുന്നതില്‍നിന്ന് പിന്മാറി സര്‍ക്കാര്‍ വിശ്വാസിസമൂഹവുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണം. നിയമം കൈയിലെടുക്കുന്ന നടപടി വിശ്വാസിസമൂഹത്തില്‍നിന്ന് ഉണ്ടാകില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നതുവരെ ശബരിമലയിലെ സ്ത്രീ പ്രവേശനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളരുത്. സര്‍ക്കാരുമായി മുന്‍വിധി കൂടാതെയുള്ള ചര്‍ച്ചയ്ക്ക് പന്തളം രാജകുടുംബവും തന്ത്രികുടുംബവും തയ്യാറാണ്. വ്യത്യസ്തങ്ങളായ താന്ത്രികാചാരങ്ങളാണ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ളത്. സര്‍ക്കാര്‍ കോടതിയില്‍ നല്കിയ പ്രസ്താവനയില്‍ ആചാര്യര്‍, പണ്ഡിതര്‍, രാജകുടുംബം, തന്ത്രികുടുംബം ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോടതി ഇത് പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ക്ഷേത്രസംരക്ഷകന്‍ എന്നനിലയില്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാഹര്‍ജി നല്‍കണം എന്നതാണ് സമരക്കാരുടെ ആവശ്യം.