നിരാലംബർക്ക് കാരുണ്യം ചൊരിഞ്ഞ് ഫാ.വർഗീസ് താണിയത്ത് ; നിർമിച്ചു നൽകിയത് 1850 വീടുകൾ
തൃശൂർ : വൈദിക ജീവിതത്തിന്റെ പുണ്യം നിരാലംബർക്കുമേൽ കാരുണ്യമായി ചൊരിയുകയാണ് ഫാ.വർഗീസ് താണിയത്തും അദ്ദേഹത്തിന്റെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റും. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ നിരാലംബരായ നൂറുകണക്കിന് ആളുകളുടെ ജീവിതത്തിലെ വെളിച്ചമാവാൻ വൈദികരായ സഹോദരങ്ങൾ നയിക്കുന്ന ഈ ട്രസ്റ്റിന് കഴിഞ്ഞു. കാരുണ്യത്തിന്റെ മാതൃകാ വഴികളിൽ ഈ ട്രസ്റ്റിന്റെ സഞ്ചാരം തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിനോടടുക്കുന്നു.
വൈദിക സഹോദരന്മാരായ ഫാ.വർഗീസ് താണിയത്തും,ഫാ.ഫ്രാൻസിസ് താണിയത്തും അവരുടെ സഹോദരിമാരും കന്യാസ്ത്രീകളുമായ സിസ്റ്റർ മഗ്ദലിനും,സിസ്റ്റർ കർമലിയും മറ്റു സഹോദരങ്ങളും ചേർന്നാണ് ഈ ട്രസ്റ്റിന്റെ സജീവ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. തലചായ്ക്കാനൊരിടം എന്ന പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചു നൽകിയ സന്നദ്ധ സംഘടന കൂടിയാണ് ഫാ.വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ്. 1850ലധികം വീടുകളാണ് ഇതിനോടകം പാവങ്ങൾക്കായി നിർമിച്ചു നൽകിയത്.
കോട്ടപ്പുറം അതിരൂപതയുടെ കീഴിലാണ് ഫാ.വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ.
ഓസ്ട്രിയയിലെ ഒറാൾബർഗിലെ രൂപതയിലാണ് ട്രസ്റ്റിന്റെ ഡയറക്റ്ററും സ്ഥാപകനുമായ ഫാ.വർഗീസ് താണിയത്ത് പ്രവർത്തിക്കുന്നത്. വൈദികപട്ടം സ്വീകരിച്ച കാലത്ത് ഒരു ബൈക്ക് വാങ്ങാൻ നീക്കിവച്ച തുക കൊണ്ട് അയൽവാസിയുടെ കണ്ണുനീർ തുടച്ചതാണ് ഫാ.വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ പിറവിയിലേക്കു നയിച്ചത്.
സമ്മാനമായി ലഭിച്ച 27000രൂപ ഓസ്ട്രിയയിൽ നിന്നും ബൈക്ക് വാങ്ങാൻ നാട്ടിലേക്ക് അയച്ചപ്പോഴാണ് വീടു തകർന്നു പോയ അയൽവാസിയുടെ ദുരിതം പിതാവ് താണിയത്ത് ഔസോ വർഗീസ് അച്ചനെ അറിയിച്ചത്. ഉടനെ ആപണം കൊണ്ട് ആ വീട് നേരെയാക്കാൻ നൽകാൻ അന്നു നിർദേശിച്ചു. അന്ന് അയൽവാസിയുടെ കണ്ണുനീര് തുടക്കാൻ നീട്ടിയ കൈകൾ പിന്നീട് ആയിരങ്ങളുടെ നെഞ്ച് തൊട്ടറിഞ്ഞു, അവരുടെ കണ്ണുനീരിന് പരിഹാരം കണ്ടു.
താണിയത്ത് ഔസോ- വിരോണി ദമ്പതികളുടെ 11 മക്കളിൽ നാലാമനാണ് ഫാ.വർഗീസ് താണിയത്ത്. കൊപ്ര വ്യാപാരിയായിരുന്ന ഔസോ നാട്ടുകാർക്ക് നൽകിയിരുന്ന സഹായങ്ങൾ കണ്ടു വളർന്ന മക്കളും ജീവിതത്തിൽ പിതാവിനെ മാതൃകയാക്കി.1987ലാണ് വർഗീസച്ചൻ വൈദികപട്ടം സ്വീകരിച്ചത്. വരാപ്പുഴ അതിരൂപതയിലെ ചാത്യാത്ത് ഇടവകയിൽ ആദ്യ നിയമനം,പിന്നീട് ഓസ്ട്രിയയിൽ പഠനവും സേവനവും തുടർന്നു.
നാട്ടിലെ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഫാ.വർഗീസിന്റെ ഇളയ സഹോദരനും വൈദികനുമായ ഫാ.ഫ്രാൻസിസ് താണിയത്താണ്.
കേരളം കണ്ട മഹാപ്രളയത്തിൽ ദുരിതാശ്വാസ സഹായങ്ങളെത്തിക്കുന്ന തിരിക്കിലാണ് ഫാ.ഫ്രാൻസിസ് താണിയത്തിപ്പോൾ. ഇതിനോടകം 800ലധികം കിടക്കകളുടെ വിതരണവും,കിറ്റുകളും ട്രസ്റ്റ് നിർവഹിച്ചു കഴിഞ്ഞു. ഇപ്പോഴും വീടുകൾക്കായി നിരവധി അപേക്ഷകളാണ് ട്രസ്റ്റിന്റെ ഓഫീസിൽ കെട്ടിക്കിടക്കുന്നത്. പലതും തരം തിരിച്ചു കഴിഞ്ഞിട്ടുപോലുമില്ലെന്ന് ഫാ.ഫ്രാൻസിസ് താണിയത്ത് പറയുന്നു.
ജാതിയോ മതമോ വേർതിരിവില്ലാതെ തികച്ചും പിന്നോക്കം നിൽക്കുന്ന മേഖലകളിൽ മാനുഷികമായ പരിഗണനകളുടെ പേരിലാണ് ഇവരുടെ സഹായമെത്തുന്നത്.
രേഖകളെല്ലാം കൃത്യമാണെങ്കിൽ അപേക്ഷ നൽകിയാൽ നാല് സെന്റ് സ്ഥലത്ത് നിശ്ചിത അളവിൽ അർഹരായവർക്ക് വീട് ഒരുക്കും. കൃത്യമായ അളവിലാണ് എല്ലാ വീടുകളും ഒരുക്കുന്നത്,സ്ഥലത്തിന് അനുയോജ്യമായ എഞ്ചിനീയറിങോടെ 420 സ്ക്വയർ ഫീറ്റിലൊരു മനോഹരമായ കൊച്ചു ഭവനം. ഇത്രയധികം വീടുകൾ നിർമിച്ചു നൽകിയ സന്നദ്ധ സ്ഥാപനം എന്ന നിലയിലും ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമായി വേറിട്ടു നിൽക്കുന്നു. തൃശൂർ- എറണാകുളം ജില്ലകളിലായാണ് ട്രസ്റ്റിന്റെ സജീവ പ്രവർത്തനം നടക്കുന്നത്. പ്രതിവർഷം 50-60 വീടുകൾ ട്രസ്റ്റ് നിർമിച്ചു നൽകുന്നു. ഈ വർഷം പ്രളയത്തിന്റെ മാന്ദ്യത്തിലും മറ്റുമായി 30ഓളം വീടുകളാണ് ഒരുക്കിയിട്ടുള്ളത്.
95ൽ തുടങ്ങിയ തലചായ്ക്കാനൊരിടം പദ്ധതിയിലൂടെ പ്രതിവർഷം വീടുകളും നിർമിച്ചു തുടങ്ങിയ പദ്ധതിയാണ് ഇന്ന് ആയിരങ്ങളുടെ ആശ്രയമായി മാറിയത്. പിന്നീട് 2000 ജൂണിലാണ് ഫാ.വർഗീസ് താണിയത്തിന്റെ പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയത്. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലൂടെ കേരളത്തിന് പുറത്തും സഹായങ്ങളെത്തിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ വിവിധമേഖലകളിൽ 1300ഓളം വീടുകളും, 1500ഓളം വള്ളം വലകളും എഞ്ചിനുകളുമെല്ലാം വിതരണം ചെയ്തതും ഈ ട്രസ്റ്റാണ്. ഇതിനെല്ലാം പുറമെയാണ് സുനാമി,ഓഖി,ദുരന്തബാധിത മേഖലകളിലെത്തിച്ച നൂറുനൂറു സഹായങ്ങളും, ഇപ്പോഴത്തെ പ്രളയ പ്രതിസന്ധിയിലെ കൈത്താങ്ങുകളും. ഈ വർഷം നൂറു വീടുകളാണ് നിർമിച്ചു നൽകാൻ ട്രസ്റ്റ് ലക്ഷ്യമിടുന്നത്, അതിന്റെ പ്രാരംഭഘട്ടമെന്ന നിലയിൽ 20 വീടുകളുടെ നിർമാണത്തിനുള്ള ഒരുക്കം അടുത്തയാഴ്ച നടക്കും.