ഇങ്ങനെ ദ്രോഹിക്കാന്‍ മാത്രം ഞങ്ങള്‍ ചെയ്ത തെറ്റെന്താണ്? പപ്പടവടയിലെ ഗുണ്ടാ ആക്രമണത്തിന് പിന്നിലുള്ള കാര്യങ്ങള്‍; മിനു പോളിന് സംസാരിക്കുന്നു
കടപ്പാട് ..അഴിമുഖം പോർട്ടൽ ...
വിശക്കുന്നവര്‍ക്ക് സൗജന്യമായി ആഹാരം കൊടുക്കുന്ന ‘നന്മമരം’ എന്ന സംവിധാനം ഏര്‍പ്പെടുത്തിയ റെസ്റ്റോറന്റാണ് കൊച്ചി കലൂരില്‍ പ്രവര്‍ത്തിക്കുന്ന പപ്പടവട. അഞ്ചു വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം ഇതിനിടയില്‍ മികച്ച പേരെടുക്കുകയുമുണ്ടായി. എന്നാല്‍ കുറച്ച് നാളുകളായി പപ്പടവടയ്ക്ക് നേരെ തുടര്‍ച്ചയായി ഗുണ്ടാ ആക്രമണങ്ങള്‍ നടക്കുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയും ഇതേ വിധത്തില്‍ പപ്പടവടയും സ്ഥാപന ഉടമകളും ആക്രമിക്കപ്പെട്ടു. നന്മമരം എന്ന പേരില്‍ കടയ്ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ഫ്രിഡ്ജ് ഉള്‍പ്പെടെ തല്ലിത്തകര്‍ത്തു. എന്താണ് ഇതിനു പിന്നില്‍? കടയുടമയായ മിനു പോളിന് സംസാരിക്കുന്നു
“ജീവിതം സുരക്ഷിതമാക്കുന്നൊരു ജോലി ഉപേക്ഷിച്ചാണ്, എടുക്കുന്നത് റിസ്ക് ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഫുഡ് ബിസിനസ്സിലേക്ക് ഞാന്‍ ഇറങ്ങുന്നത്. 2013-ല്‍ എം ജി റോഡില്‍ വളരെ ചെറിയ സൗകര്യത്തില്‍ പപ്പടവട ആരംഭിക്കുമ്പോള്‍, മനസില്‍ ഈ ദിവസങ്ങളില്‍ അനുഭവിക്കുന്ന ഭയമോ അനിശ്ചിതത്വങ്ങളോ എനിക്കില്ലായിരുന്നു. പക്ഷേ, ഇപ്പോള്‍ ഞാന്‍ എന്റെ മുന്നോട്ടുള്ള വഴികളെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടുകയാണ്.
സ്ത്രീകള്‍ അത്രയധികം മുന്നോട്ടു വന്നിട്ടില്ലാത്ത ഒരു ബിസിനസിലേക്കായിരുന്നു അഞ്ച് വര്‍ഷം മുന്‍പ് ഞാന്‍ ഇറങ്ങിയതെങ്കിലും പപ്പടവട ആരംഭിച്ചു കഴിഞ്ഞപ്പോള്‍ തൊട്ട് അതിന്റെ നടത്തിപ്പില്‍ എനിക്ക് ആത്മവിശ്വാസം കിട്ടിയിരുന്നു. കച്ചടവടത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ക്കപ്പുറം നമ്മളെ പിന്നോട്ടടിക്കുന്ന സംഭവങ്ങളൊന്നും തന്നെ എനിക്ക് നേരിടേണ്ടി വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍, അതൊന്നും എന്റെ ഭാഗത്ത് നിന്നും അറിഞ്ഞുകൊണ്ട് ഉണ്ടായിട്ടുള്ള പിഴവുകളില്‍ നിന്നല്ലാതിരുന്നിട്ടു കൂടി എന്നെ ഒരേ സമയം അമ്പരിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ്. എന്നോട് എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് മനസിലാകുന്നതേയില്ല. കസ്റ്റമേഴ്സിന്റെ ഇടയില്‍ നിന്നും മാധ്യമങ്ങള്‍ക്കിടയില്‍ നിന്നും അധികാരികളുടെ ഭാഗത്തു നിന്നുമൊക്കെ ഇതേ വരെ എന്റെ സംരംഭത്തെ കുറിച്ച് തെറ്റായ രീതിയില്‍ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ലായിരുന്നു. ഇപ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയില്ല… കഷ്ടകാലം എന്ന് പറയണോ എന്നുപോലും അറിയില്ല. ഒരുതരത്തിലും മുന്നോട്ട് പോകാന്‍ ആരോ സമ്മതിക്കാത്ത പോലെയാണ് കാര്യങ്ങള്‍ പോകുന്നത്.
പ്രളയകാല കേരളത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഏതൊരു സാധാരണക്കാരനും ആ സമയത്ത് തോന്നിയ അതേ വികാരത്തിന്റെ പുറത്ത്, ആരോടെങ്കിലും വാശി തീര്‍ക്കാനോ, ആരുടെയെങ്കിലും മുന്നില്‍ ആളാകാനോ വേണ്ടിയല്ലാതെയും ചെയ്ത ചില പ്രവര്‍ത്തികളുടെ പേരില്‍ ഉന്നതരായ ആളുകളുടെ പോലും എതിര്‍പ്പ് എനിക്ക് നേരിടേണ്ടി വന്നിരുന്നു. അന്‍പൊട് കൊച്ചിയിലെ ചില വ്യക്തികളില്‍ നിന്നും വ്യക്തിപരമായി ചില ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍, പിന്തിരിഞ്ഞില്ല എന്നത് ഞാന്‍ ചെയ്ത് തെറ്റാണെന്ന് അന്നും കരുതുന്നില്ല ഇന്നും കരുതുന്നില്ല. പക്ഷേ, എന്നോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചവര്‍ക്ക് എന്റെ പ്രവര്‍ത്തനങ്ങള്‍ തെറ്റായി തോന്നിയിരിക്കാം. അതിന്റെ പ്രത്യാഘാതങ്ങളാണോ ഇപ്പോഴും എനിക്ക് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നതെന്നും അറിയില്ല.
എന്റെ സംരംഭം ആരംഭിച്ച് അഞ്ചു വര്‍ഷത്തിനിടയ്ക്ക് അതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു പകപോക്കലായിരുന്നു പപ്പടവടയില്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ നടന്ന റെയ്ഡ്. ആ റെയ്ഡ് തികച്ചും ആസൂത്രിതവും ചിലര്‍ ചേര്‍ന്ന് നടത്തിയ പക്ഷപാതപരമായ പ്രവര്‍ത്തിയുമായിരുന്നുവെന്ന് ഏതൊരാള്‍ക്കും മനസിലാകുന്നതായിരുന്നു. അതുവരെ നമ്മളൊക്കെ ബഹുമാനത്തോടും ആരാധാനയോടും കൂടി കണ്ടിരുന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും എന്നെപ്പോലൊരാളോട് അത്തരത്തില്‍ പ്രതികാരം ഉണ്ടായത് എന്ത് പ്രകോപനത്തിന്റെ പേരിലാണെങ്കിലും ഞാന്‍ ശക്തമായി പ്രതികരിച്ചു എന്നതാണോ ഇപ്പോഴും ഞാന്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ കാരണമെന്ന് അറിയില്ല. എന്നാല്‍ അത് ഉറപ്പിക്കുന്ന പലതും ഞാന്‍ തിരിച്ചറിയുന്നുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം എന്റെ കടയ്ക്കു നേരെ നടന്ന ആക്രമണവും എന്റെ ഭര്‍ത്താവ് അമലിന് ഏല്‍ക്കേണ്ടി വന്ന മര്‍ദ്ദനവും ഞങ്ങളുടെ തന്നെ കുഴപ്പം കൊണ്ടാണെന്ന രീതിയിലാണ് ചില കോണുകളില്‍ നിന്നും പ്രചരിപ്പിക്കുന്നത്. സംരക്ഷണം നല്‍കേണ്ട പൊലീസിന്റെ ഭാഗത്തു നിന്നും പോലും നീതിയല്ല, നീതി നിഷേധമാണ് ഞങ്ങള്‍ക്ക് ഉണ്ടായത്. ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കാത്തവരാണെന്നും അവരോട് മോശമായ രീതിയില്‍ പെരുമാറുന്നവരാണ് ഞങ്ങളെന്നും ചിലര്‍ പറഞ്ഞു പരത്തുന്നു. പപ്പടവടയെക്കുറിച്ച് അറിയുന്നവര്‍ക്ക് മനസിലായിട്ടുള്ളതാണ് ജോലിക്കാരെന്നോ ഉടമകളെന്നോ വ്യത്യാസമില്ലാതെ, ഒരു കുടുംബം എന്ന നിലയിലാണ് ഞങ്ങളെല്ലാം മുന്നോട്ടു പോയിരുന്നതെന്ന്. ജീവനക്കാര്‍ക്ക്, അവര്‍ ആവശ്യപ്പെടുമ്പോഴെല്ലാം മുന്‍കൂറായി പണം നല്കിയിട്ടേ ഉണ്ടായിരുന്നുള്ളു ഇതുവരെ. അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി സഹായിക്കാനാണ് ഞാനും ഭര്‍ത്താവും എപ്പോഴും തയ്യാറായിട്ടുള്ളത്. അതേ ഞങ്ങളെ തന്നെയാണ്, ഇത്രയും ആക്രമണം ഞങ്ങള്‍ നേരിടേണ്ട വന്നിട്ടും-തൊഴിലാളി വിരുദ്ധരും അഹങ്കാരികളുമാക്കുന്നതെന്നു കാണുമ്പോള്‍ മനസ് തകര്‍ന്നു പോവുകയാണ്.
തിങ്കളാഴ്ച ഞങ്ങളുടെ കട ആക്രമിച്ചത് അവിടെ ജോലി ചെയ്തിരുന്നവരാണെന്നും അവര്‍ക്ക് കൂലി കൊടുക്കാത്തതിന്റെ പ്രകോപനമാണ് ഉണ്ടായതെന്നും പറയുന്നതില്‍ ഒരു വാസ്തവവും ഇല്ല. യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ഓഗസ്റ്റ് മാസത്തില്‍ നടന്ന ആ ആസൂത്രിത റെയ്ഡിനു ശേഷം കടയടച്ചിട്ട ദിവസങ്ങള്‍ക്കു ശേഷം വീണ്ടും തുറന്ന സമയത്താണ് ആദ്യമായി പപ്പടവടയില്‍ അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ നടക്കുന്നത്. ജീവനക്കാരനായിരുന്നു മുരുകന് എന്ന പയ്യന് മദ്യലഹരിയില്‍ ഇതര സംസ്ഥാനക്കാരനായ മറ്റൊരു ജീവനക്കാരന് പയ്യനെ അകാരണമായി ആക്രമിച്ചു. കസ്റ്റമേഴ്സ് കടയില്‍ ഉണ്ടായിരുന്ന സമയത്താണത്; കടയ്ക്കുള്ളിലേക്ക് വരെ ആ പ്രശ്നം വന്നെത്തി. അതുവരെ അത്തരമൊരു പ്രവര്‍ത്തി മുരുകന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെങ്കിലും അന്ന് നടന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതായതിനാല്‍ അയാളെ ഞങ്ങള്‍ക്ക് ജോലിയില്‍ നിന്നും മാറ്റേണ്ടി വന്നു. ശമ്പളത്തില്‍ നിന്നും മുന്‍കൂറായി പണം വാങ്ങിയിരുന്ന മുരുകന് ബാക്കി തുക ശമ്പളത്തീയതിയില് നല്‍കാമെന്ന് ഞങ്ങള്‍ പറഞ്ഞത് മുരുകനും അംഗീകരിച്ചതാണ്. 16 ാം തീയതിയാണ് മുരുകന്റെ ശമ്പള ദിവസം. സംഭവിച്ചുപോയ തെറ്റുകള്‍ക്ക് മുരുകന് അയാളുടെ നാട്ടില്‍ എത്തിയതിനു ശേഷവും എന്നെ വിളിച്ച് മാപ്പ് പറഞ്ഞതുമാണ്.
സെപ്തംബര്‍ 11-ആം തീയതി പപ്പടവട ആരംഭിച്ചതിന്റെ അഞ്ചാം വാര്‍ഷികമായിരുന്നു. അന്ന് രാാത്രിയിലാണ് മുരുകന് മറ്റ് നാലുപേരോടൊപ്പം കടയിലേക്ക് വരുന്നത്. ഞാന്‍ ആ സമയം അവിടെയില്ല, ഭര്‍ത്താവ് അമല്‍ ഉണ്ട്. മുരുകന് ജോലി ചെയ്തതിന്റെ കൂലി ഞങ്ങള്‍ കൊടുക്കുന്നില്ലെന്നാരോപിച്ച് അവര്‍ അമലിനോട് വാക്കുതര്‍ക്കം നടത്തി. മുരുകന്റെ കൂടെയുള്ളത് യൂണിയന്കാരാണെന്നാണ് പറഞ്ഞത്. എന്നാല്‍ അന്വേഷിച്ചപ്പോള്‍ അവര്‍ ഒരു യൂണിയനിലും പെട്ടവരല്ലെന്നു മനസിലായി. ഇതേ തുടര്‍ന്ന്, ‘നിന്റെ കടയിനി ഞങ്ങള്‍ തുറപ്പിക്കില്ലെ’ന്നൊക്കെ വെല്ലുവിളിച്ച് അവര്‍ പോയെങ്കിലും ആ വന്നവര്‍ പിറ്റേദിവസം (സെപ്തംബര്‍ 12) വീണ്ടും വന്ന് ക്രൂരമായ ആക്രമണം അഴിച്ചു വിടുകയായിരുന്നു. കടയവര് തല്ലിത്തകര്‍ത്തു. അമലിനെ ആയുധങ്ങള്‍ ഉള്‍പ്പെടെ കൊണ്ട് മര്‍ദ്ദിച്ചു. ഇതിന്റെയെല്ലാം തെളിവുകള്‍ സിസിടിവിയില്‍ പകര്ത്തപ്പെട്ടതുമാണ്. ഞാന്‍ ഈ വിവരം അറിഞ്ഞ് എത്തുമ്പോള്‍ ആക്രമികള്‍ക്കൊപ്പം, മര്‍ദ്ദനത്തിന് ഇരയായ അമലിനെയും കൊണ്ട് പോലീസ് പോയിരുന്നു.
പിന്നീട് സ്റ്റേഷനില്‍ എത്തുമ്പോള്‍ ഞാന്‍ കാണുന്നത് സെല്ലിനുള്ളില്‍ കിടക്കുന്ന അമലിനെയാണ്. മുരുകനും ആക്രമണത്തിന് നേതൃത്വം കൊടുത്ത ഷിന്റോ എന്നയാളും പുറത്താണ്. പോലീസുകാര്‍ വളരെ കാര്യത്തിലാണ് ഈ ഷിന്റോയോട് പെരുമാറുന്നതും സംസാരിക്കുന്നതുമൊക്കെ. അയാളുടെ പേര് ഷിന്റോ എന്നാണെന്ന് പോലീസുകാരുടെ സംസാരത്തില്‍ നിന്നാണ് മനസിലാകുന്നത്. ക്രൂരമായ മര്‍ദ്ദനമാണ് അമലിന് ഏറ്റിരുന്നതെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അമലാണ് കുറ്റവാളിയെന്ന നിലയിലായിരുന്നു പോലീസുകാരുടെ രീതി. ഞങ്ങളുടെ കടയില്‍ കയറി അക്രമം നടത്തുകയും അമലിനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവം തമ്മില്‍ത്തല്ല് എന്നാണ് പൊലീസ് പറഞ്ഞത്. തമ്മില്‍ തല്ലല്ല, ഞങ്ങളെ ഇങ്ങോട്ടു കയറി ആക്രമിച്ചതാണെന്നും തിരിച്ചൊന്നും ചെയ്തിട്ടില്ലെന്നും ഞങ്ങളുടെ കട തല്ലിപ്പൊളിച്ചെന്നും അതിന്റെയെല്ലാം തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും ഞാന്‍ പറഞ്ഞപ്പോള്‍, അതൊന്നും കണക്കിലെടുക്കാതെ വേണമെങ്കില്‍ നിങ്ങളുടെ മൊഴിയെടുക്കാം എന്നായിരുന്നു പൊലീസുകാരുടെ മറുപടി. അവര്‍ ആയുധങ്ങള്‍ കൊണ്ടാണ് അമലിനെ ഉപദ്രവിച്ചത്. അത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആ ദൃശ്യങ്ങള്‍ കണ്ടു നോക്കാന്‍ പോലും മെനക്കെടാതിരുന്ന പോലീസ് തിരിച്ച് എന്നോട് പറഞ്ഞത്, ഇല്ലാത്ത ആരോപണങ്ങള്‍ പറഞ്ഞാല്‍ പിന്നെ അതൊക്കെ കോടതിയില്‍ തെളിയിക്കാന്‍ കഴിയാതെ പ്രശ്നമാകുമെന്നുമാണ്. ഈ കേസില്‍ ഏതു വകുപ്പ് ചേര്‍ക്കണമെന്ന് തങ്ങള്‍ തീരുമാനിച്ചോളാം എന്നായിരുന്നു അവരുടെ നിലപാട്.
സ്റ്റേഷനില്‍ വച്ചാണ് മറ്റൊരു കാര്യം എനിക്ക് മനസിലായത്. മുരുകനും ഷിന്റോയും അന്നേ ദിവസം ഞങ്ങളുടെ കടയില്‍ വരുന്നതിനു മുമ്പ് സ്റ്റേഷനില്‍ ചെന്നിരുന്നു. പോലീസുകാരുടെ സംസാരത്തില്‍ നിന്ന് വ്യക്തമായ കാര്യമാണ്. ഞങ്ങള്‍ ആദ്യം കരുതിയത് ഷിന്റോ കൊച്ചിയില്‍ ഉള്ളതായിരിക്കുമെന്നാണ്. പക്ഷേ, അയാള്‍ കണ്ണൂരുകാരനാണ്. കേസുകളിലെ പ്രതികളുമാണ്. പോലീസ് സ്റ്റേഷനില്‍ ചെന്ന്, ഞങ്ങള്‍ മുരുകന് കൂലി കൊടുത്തില്ലെന്ന് പരാതിപ്പെടുകയായിരുന്നുവെങ്കില് ഞങ്ങളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുമായിരുന്നു. അപ്പോള്‍ അവര്‍ പോയിരിക്കുന്നത് പരാതി പറയാനാകില്ല, പകരം അവര്‍ ചെയ്യാന്‍ പോകുന്ന ആക്രമണങ്ങള്‍ക്ക് പോലീസിന്റെ പിന്തുണ ആവശ്യപ്പെടാനായിരിക്കാം. പോലീസിന്റെ ഇടപെടലുകള്‍ കാണുമ്പോള്‍ അത് വെറും ഊഹം മാത്രമല്ലെന്ന് മനസിലായി. അന്ന് അമലിനെ സ്റ്റേഷന് ജാമ്യത്തില്‍ ഇറക്കിക്കൊണ്ടു പോയ്ക്കോളാനാണ് പൊലീസ് പറഞ്ഞത്. അടി കൊണ്ടത് അമലാണ്. നഷ്ടം ഉണ്ടായതും ഞങ്ങള്‍ക്കാണ്. എന്നിട്ടും കുറ്റവാളി ഞങ്ങളാണെന്നപോലെയായിരുന്നു പോലീസിന്റെ പെരുമാറ്റം. കുറച്ച് ബുദ്ധിമുട്ടിയാണ് ഒരു ജാമ്യക്കാരനെ ഒപ്പിച്ച് ഞാനന്ന് അമലിനെ സ്റ്റേഷനില്‍ നിന്നും കൊണ്ടു പോരുന്നത്.
അതിനിടയില്‍ മറ്റൊരു സംഭവം കൂടിയുണ്ടായി. മുകളിലത്തെ നിലയില്‍ നിന്നും താഴെക്കിറങ്ങി വരുന്നതിനിടയില്‍ സിഐ കെ.ജെ പീറ്റര്‍ പറയുകയാണ്, ആ പപ്പടവടക്കാര് ഉണ്ടെങ്കില്‍ രണ്ട് ഇടി കൂടുതല്‍ കൊടുത്തേക്കണമെന്ന്. സ്റ്റേഷനില്‍വച്ച് ഞാനത് കേട്ടതാണ്. ഞങ്ങളെ ഭീഷണിപ്പെടുത്തുന്നതുപോലെ. പിന്നീട് ചില സുഹൃത്തുക്കള്‍ പറഞ്ഞ് ഞങ്ങള്‍ അറിഞ്ഞതാണ്, സിഐ കെ.ജെ പീറ്ററും എസ്ഐ വിപിന്‍ദാസും നിശാന്തിനി ഐപിഎസ്സിന്റെ (രാജമാണിക്യം ഐഎഎസ്സിന്റെ ഭാര്യ) ഒപ്പം മുന്‍പ് ജോലി ചെയ്തിട്ടുള്ളവരാണെന്ന്. പോലീസ് ഞങ്ങളോട് കാട്ടിയ നീതിനിഷേധത്തിന് അങ്ങനെയൊരു പിന്കളിയുണ്ടോയെന്ന് കരുതിക്കൂടെ? നിന്നെക്കൊണ്ടൊന്നും നടത്താന്‍ പറ്റില്ലെങ്കില്‍ നിര്‍ത്തിപ്പോണം, പറ്റാത്ത പണിക്ക് നടക്കരുതെന്നൊക്കെ ഞങ്ങളോട് ആക്രോശിച്ച പോലീസ് വൈരാഗ്യം തീര്‍ക്കുകയാണോ എന്നു സംശയിച്ചാല്‍ തെറ്റാകുമോ?
ഈ സംഭവം കഴിഞ്ഞ് മുരുകന് ഞങ്ങളോട് സംസാരിച്ചു. അന്ന് അങ്ങനെയൊക്കെ സംഭവിച്ചതില്‍ അയാള്‍ക്ക് വിഷമം ഉണ്ടെന്നും കട ആക്രമിക്കാനോ മര്‍ദ്ദിക്കാനോ അയാള്‍ പറഞ്ഞിരുന്നില്ലെന്നും കാര്യങ്ങള്‍ കൈവിട്ട് പോയതാണെന്നും അയാളുടെ സംസാരത്തില്‍ നിന്നും മനസിലായി. ആ സംഭവത്തില്‍ ഞാന്‍ കമ്മിഷണറെ കണ്ട് പരാതി കൊടുത്തപ്പോള്‍ കേസ് കാര്യക്ഷമമായി അന്വേഷിക്കുമെന്ന് ഉറപ്പ് കിട്ടിയിരുന്നു. എന്നാല്‍ പന്നീട് എന്നെ എന്തിനെങ്കിലും പോലീസ് വിളിപ്പിക്കുകയുണ്ടായില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അമലിന്റെ മൊഴി എടുക്കുകയുണ്ടായി. ഇതെല്ലാം കഴിഞ്ഞ് കാര്യങ്ങള്‍ ശാന്തമായി പോയിക്കൊണ്ടിരിക്കുമ്പോഴാണ് തിങ്കളാഴ്ച ആ സംഭവം നടക്കുന്നത്.
ഷിന്റോ അപ്രതീക്ഷിതമായി വന്ന് അമലിനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ മറ്റ് സ്റ്റാഫുകള്‍ ഓടിവന്ന് ഇടപെടുകയും ഷിന്റോയെ പിടിച്ചു മാറ്റുകയും ചെയ്തു. ഇതിനിടയില്‍ അയാള്‍ താഴെ വീഴുകയും തല പൊട്ടുകയും ചെയ്തു. ഞങ്ങള്‍ ഉടന്‍ തന്നെ പോലീസിനെ വിളിച്ചു. പോലീസ് എത്തി ആദ്യം തിരക്കിയത് ഷിന്റോയുടെ തലയ്ക്ക് എന്തു പറ്റിയെന്നാണ്. പിന്നീട് അവര്‍ ഷിന്റോയെ കൊണ്ടുപോവുകയും ചെയ്തു. പിന്നീടാണ് വിനോദ് എന്നയാള്‍ ഞങ്ങളുടെ കടയ്ക്ക് നേരെ കല്ല് എറിയുന്നതും വലിയ തോതില്‍ ആക്രമണം നടത്തുകയും ചെയ്തത്. പപ്പടവടയെ അറിയുന്നവര്‍ക്കെല്ലാം അറിയാവുന്നതാണ് അവിടെയുള്ള നന്മമരം എന്ന റഫിജ്രറേറ്റര്. അതിനി ശരിയാക്കാനാവാത്തവിധം തല്ലിത്തകര്‍ത്തു. അതും പോലീസിന്റെ സാന്നിധ്യത്തില്‍. പോലീസ് പിടിച്ചു കൊണ്ടു പോയ ഷിന്റോ ഇതിനിടയില്‍ മൂന്നു തവണ കടയില്‍ എത്തുകയും ചെയ്തു. ഓരോ തവണയും പോലീസ് പറഞ്ഞത് അവന് ചാടിപ്പോന്നതാണെന്നാണ്. കൊച്ചുകുട്ടികള്‍ പോലും വിശ്വസിക്കാത്ത നുണകളാണ് പോലീസ് പറഞ്ഞത്. പോലീസിന്റെ മുന്നില്‍ വച്ചാണ് ആ ഗുണ്ടകള്‍ ഞങ്ങളെ അസഭ്യം പറഞ്ഞത്, ഭീഷണിപ്പെടുത്തിയത്, അക്രമിച്ചത്… ഇതൊക്കെ ആര്‍ക്കുവേണ്ടി? എന്തിനു വേണ്ടി എന്നാണ് ഞങ്ങള്‍ക്ക് അറിയാത്തത്. ഈ സംഭവം ചില മാധ്യമങ്ങള്‍ ഉള്‍പ്പെടെ ചേര്‍ന്ന് തൊഴിലാളിക്ക് ജോലി ചെയ്തതിന്റെ കൂലി കൊടുക്കാത്ത പ്രശ്നമായും മാറ്റിയെടുത്തു. ഈ വിധത്തില്‍ ഞങ്ങളെ ദ്രോഹിക്കാന്‍ മാത്രം എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്? അറിയില്ല!”