ബിജെപിയുടേത് അവസരവാദം,യുഡിഎഫ് വിശ്വാസികൾക്കൊപ്പം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിയിൽ യുഡിഎഫ് വിശ്വാസികൾക്കൊപ്പമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നിലവിൽ ശബരിമലയിലുണ്ടായിട്ടുള്ള പ്രതിസന്ധിയുടെ പൂർണ ഉത്തരവാദി സംസ്ഥാന സർക്കാരാണ്. ശബരിമലയെ കലാപഭൂമിയാക്കാൻ യുഡിഎഫ് ഇല്ല. ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ അനുവദിക്കില്ല. ആർഎസ്എസും ബിജെപിയും ഈ വിഷയത്തിലെടുക്കുന്ന നിലപാട് തികച്ചും അവസരവാദമാണെന്നും രമേശ് ചെന്നിത്തല.
വർഷങ്ങളായി നടന്നുവന്ന സുപ്രീംകോടതിയിലെ കേസിൽ ഒരിക്കൽ പോലും ബിജെപി കക്ഷി ചേർന്നില്ല. ശബരിമലയുടെ പേരിൽ ബിജെപി മുതലെടുപ്പ് നടത്തേണ്ട. അതിന്റെ പേരിൽ അക്രമസംഭവങ്ങൾക്ക് ബിജെപിയോ സിപിഎമ്മോ ശ്രമിച്ചാൽ യുഡിഎഫ് എതിർക്കും.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ദേവസ്വം ബോർഡ് വിശ്വാസികളുടെ വികാരത്തിന് അനുസരിച്ചാണ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ആ നിലപാടിൽ ഇപ്പോഴും യുഡിഎഫ് ഉറച്ചുനിൽക്കുന്നു. എന്നാൽ ഇടതു സർക്കാർ വന്നപ്പോൾ ദേവസ്വം ബോർഡ് നിലപാട് മാറ്റിയെന്നും ചെന്നിത്തല.
സിപിഎം പദ്മവ്യൂഹത്തിലാണ്. പാർട്ടി കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചകൾ കഴിഞ്ഞിട്ടും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മൗനം പാലിക്കുകയാണ്. ശബരിമല വിഷയത്തിൽ ഓർഡിനൻസ് ഇറക്കുകയാണ് കേന്ദ്രനേതൃത്വം ചെയ്യേണ്ടത്. കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്.
എന്നാൽ ആർഎസ്എസും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമിയുമടക്കം ശബരിമല വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. പട്ടാളത്തെ ഇറക്കി വിധി നടപ്പിലാക്കണമെന്നാണ് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞത്. അതുകൊണ്ടുതന്നെ ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം ബ്രൂവെറി വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണെന്നും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 140 മണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. ഒക്റ്റോബർ 11ന് മണ്ഡലാടിസ്ഥാനത്തിൽ ജില്ല കേന്ദ്രങ്ങളിൽ ധർണ നടത്തും. 23ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കും. ബ്രൂവെറി വിവാദത്തിൽ ധർണ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.