വയനാട്ടിൽ മദ്യത്തിൽ വിഷം കലർത്തി കൊന്നത് മൂന്നു പേരെ; ആളുമാറിയതെന്ന് പൊലീസ്
വയനാട്: മദ്യത്തിൽ വിഷം കലർത്തി മൂന്ന് പേരെ കൊലപ്പെടുത്തിയത് ആളുമാറിയെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് തികിനായി, പ്രമോദ്, പ്രസാദ് എന്നിവർ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദം ചെയ്യിക്കുവാനെത്തിയ സജിത് കുമാറിനെ കൊല്ലാനായാണ് സന്തോഷ് മദ്യത്തിൽ വിഷം കലർത്തിയത്.
ഇതറിയാതെ തികിനായി മദ്യം കുടിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് സന്തോഷ് സജിത്തിനെ കൊല്ലുവാൻ മദ്യത്തിൽ വിഷം കലർത്തിയത്. വിഷം കലർത്തിയതറിയാതെ സജിത്ത് മദ്യം മന്ത്രവാദിക്കു നൽകി.
സയനൈഡ് പോലെയുള്ള മാരക വിഷം മദ്യത്തിൽ കലർന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മദ്യത്തിൽ വിഷം കലർന്നതിനെക്കുറിച്ച് അറിവ് ഇല്ലാതിരുന്നതിനാൽ സജിത്തിനെ കേസിൽ പ്രതി ചേർത്തിട്ടില്ല. സ്വർണ പണിക്കാരനായ സന്തോഷ് സ്വർണക്കടയിലെ ഉപയോഗത്തിനുള്ള സയനൈഡ് ആണ് മദ്യത്തിൽ കലർത്തിയത്.
സന്തോഷിന്റെ സഹോദരിയുടെ ഭർത്താവ് രണ്ട് വർഷം മുൻപ് ജീവനൊടുക്കിയിരുന്നു. ബന്ധുവിന്റെ മരണത്തിന് കാരണം സജിത് കുമാറാണെന്ന് ഡയറിക്കുറിപ്പ് കണ്ടതിനെ തുടർന്നാണ് സന്തോഷ് സജിത്തിനെ കൊല്ലുവാൻ തീരുമാനമെടുക്കുന്നത്.
തികിനായിയുടെ സംസ്കാരത്തിനു ശേഷം ബാക്കി വന്ന മദ്യം പ്രമോദും പ്രസാദു കുടിക്കുകയായിരുന്നു. മദ്യം അകത്തുചെന്നയുടനെ തന്നെ പ്രമോദ് മദ്യം കഴിക്കരുതെന്നും അതിൽ എന്തോ കലർന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ അപ്പോൾ തന്നെ പ്രസാദും മദ്യം കഴിച്ചിരുന്നു.
ഇരുവരുടേയും കണ്ണ് പുറത്തേക്ക് തള്ളി നിന്നിരുന്നതാണ് സയനൈഡ് ഉള്ളിൽ ചെന്നതാണെന്ന് അന്വേഷണസംഘത്തിന് സംശയം തോന്നുവാൻ കാരണം. മക്കൾക്ക് ചരട് പൂജിച്ച് കെട്ടിക്കുവാനാണ് തികിനായിയുടെ അടുത്ത് സജിത്ത് എത്തിയത്. പൂജയ്ക്ക് മുൻപ് മദ്യം കൊടുക്കുന്നതും കഴിക്കുന്നതും മന്ത്രവാദത്തിന്റെ ഭാഗമാണെന്നാണ് പറയപ്പെടുന്നത്.