ഒക്ടോബര്‍ 10, ലോക മാനസികാരോഗ്യ ദിനം
മാനസിക ആരോഗ്യം
ഡോ. സി.കെ. ഷൈലജ, ഗവ. ആയുര്‍വേദ ആശുപത്രി, കരിമണ്ണൂര്‍
(നോഡല്‍ ഓഫീസര്‍
മാനസിക ആരോഗ്യ ചികിത്സാ പദ്ധതി
ഭാരതീയ ചികിത്സാ വകുപ്പ്, ഇടുക്കി.)
ഇന്ന് നമ്മുടെ സമൂഹത്തിന് നേരെ ഉയരുന്ന ഒരു പ്രധാന വെല്ലുവിളിയാണ് മാനസിക അനാരോഗ്യം. നമ്മുടെ ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സയ്ക്കായി എത്തുന്ന രോഗികളില്‍ നല്ലൊരു പങ്കും വിവിധങ്ങളായ മാനസിക രോഗങ്ങള്‍ക്കടിമകളാണ്. പ്രായമായവര്‍ക്കു മാത്രമല്ല, കുട്ടികള്‍ക്കും ഇന്ന് പലവിധത്തിലുള്ള മനോരോഗങ്ങള്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്നു.
ചെറിയ പ്രശ്നങ്ങളായി നമുക്ക് തോന്നുന്ന സ്ട്രെസ്സ്, ഫോബിയ, ടെന്‍ഷന്‍, ആംങ്ക്സൈറ്റി മുതലായ രോഗങ്ങള്‍ ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ കാലക്രമേണ കാഠിന്യമേറിയ മാനസിക രോഗങ്ങളായി മാറാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ കുട്ടികളിലുണ്ടാകുന്ന ശ്രദ്ധാ വൈകല്യം, പഠനവൈകല്യങ്ങള്‍, പെരുമാറ്റ വൈകല്യം, ബുദ്ധിമാന്ദ്യം മുതലായവയും പ്രായമാകുമ്പോള്‍ തീവ്രത കൂടിയ മാനസിക രോഗങ്ങളിലേയ്ക്ക് എത്തിച്ചേരാറുണ്ട്. മനസ്സുംശരീരവും തമ്മില്‍ പരസ്പരം വേര്‍തിരിക്കാനാവാത്ത പരസ്പര പൂരകങ്ങളായി ജനനം മുതല്‍ മരണം വരെ പ്രവര്‍ത്തിക്കുന്നു. ഒരാളുടെ മനസ്സ് അയാള്‍ ഗര്‍ഭസ്ഥ ശിശു ആയിരിക്കുമ്പോള്‍ തന്നെ രൂപം കൊള്ളുന്നതായാണ് ആയുര്‍വേദ ശാസ്ത്രം പറയുന്നത്. മനസ്സിനെ കൂടാതെ ശരീരത്തിനോ ശരീരത്തെ കൂടാതെ മനസ്സിനോ നിലനില്ക്കുക സാധ്യമല്ല. അതുകൊണ്ടു തന്നെ ശരീരത്തിന് ഒരു രോഗം വന്നാല്‍ അത് ക്രമേണ മനസ്സിനെയും മനസ്സിന് രോഗം വന്നാല്‍ അത് ശരീരത്തെയും ബാധിക്കുന്നു.
ലോകമാനസിക ആരോഗ്യദിനമാണ് ഒക്ടോബര്‍ 10. ഈ അവസരത്തില്‍ നാം ഓരോരുത്തരും, ഇത്തരം മാനിസക രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന സമൂഹത്തെ കുറിച്ച് ഒന്ന് ഗാഢമായി ചിന്തിച്ചു നോക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ ദിനത്തില്‍ ഡബ്ല്യു.എച്ച്.ഒ. ഊന്നല്‍ നല്‍കുന്നത് ചെറുപ്പക്കാരുടെയും കുട്ടികളുടെയും മാനസിക ആരോഗ്യസംരക്ഷണത്തിലാണ്. ഇത് മനോബലമുള്ള ഒരു സമൂഹത്തെ മെനഞ്ഞെടുത്ത് ഭാവിയില്‍ മാനസിക രോഗങ്ങളെ പ്രതിരോധിക്കുവാന്‍ വളരെ അത്യാവശ്യമാണ്. ഒരു കുടുംബത്തില്‍ ഒരു മാനസിക രോഗിയുണ്ടെങ്കില്‍ സ്വാഭാവികമായും ആ കുടുംബം സമൂഹത്തില്‍ നിന്ന് പല രീതിയിലും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നു
. ആ കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കുവാന്‍ പോലും സാധാരണ ജനങ്ങള്‍ തയ്യാറാകുകയില്ല. അധികം കുടുംബങ്ങളും അതുകൊണ്ട് ഇത്തരം രോഗികളെ കുറേയൊക്കെ ചികിത്സിച്ചും തീരെ ചികിത്സിക്കാതെയും ഒക്കെ ക്രമേണ പുനരധിവാസ കേന്ദ്രങ്ങളിലേയ്ക്കും മറ്റും കൊണ്ടുചെന്നാക്കി ഒഴിവാക്കുന്നു. മാനസി രോഗികള്‍ക്ക് പഠനത്തിനും ചികിത്സയ്ക്കും സ്വത്ത് കൈവശം വയ്ക്കുവാനും വിവാഹം കഴിക്കുവാനും ഒക്കെയുള്ള നിമയങ്ങള്‍ സാധാരണക്കാരുടെതില്‍ നിന്നും വളരെ വ്യത്യസ്ഥങ്ങളാണ്. ഈ നിയമങ്ങളെ പറ്റിയും മാനസികമായി അവശതയനുഭവിക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങളെ പറ്റിയുമെല്ലാം ഇന്ന് അഭ്യസ്തവിദ്യര്‍ പോലും അജ്ഞരാണ്.
ശാരീരിക ആരോഗ്യ സംരക്ഷണരംഗം പോലെ തന്നെ, മാനിസിക ആരോഗ്യസംരക്ഷണരംഗത്തും ആയുര്‍വേദത്തിന് ഒട്ടനവധി സംഭാവനകള്‍ നല്കുവാനുണ്ട്. ആയുര്‍വ്വേദ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ മനസ്സിന്റെ സ്വഭാവങ്ങള്‍, കര്‍മ്മങ്ങള്‍, സ്ഥാനങ്ങള്‍, ശരീരവും മനസ്സും തമ്മിലുള്ള ആശ്രയ ആശ്രയീ ബന്ധം, മനസ്സും ബുദ്ധിയും തമ്മിലുള്ള പരസ്പര പൂരകത്വം ഇവ കൃത്യമായി വിവരച്ചു കാണുന്നു. കൂടാതെ, ശാരീരികവും മാനസികവുമായ നൈസര്‍ഗ്ഗിക ഘടന അനുസരിച്ച് ഓരോ വ്യക്തിയിലുമുള്ള സ്വഭാവവൈശിഷ്യങ്ങള്, അവയ്ക്ക് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വരുന്ന വ്യതിയാനങ്ങള്‍ എന്നിവയെല്ലാം ഈ ശാസ്ത്രത്തില്‍ വളരെ വിശദമായി തന്നെ പ്രതിപാദിക്കുന്നു. മനോബലം കുറഞ്ഞവരിലാണ് മാനസികരോഗങ്ങള്‍ എളുപ്പത്തിലുണ്ടാകുന്നതെന്ന് ആയുര്‍വേദം വ്യക്തമാക്കുന്നു. ഇങ്ങനെയുള്ളവരില്‍ മലിനമായ ആഹാരം കൊണ്ടും, അനാരോഗ്യകരമായ ജീവിത ശൈലികള്‍ കൊണ്ടും ജനിതകമായ പ്രത്യേകതകള്‍ കൊണ്ടും ലഹരി വസ്തുക്കളുടെ അമിതോപയോഗം കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും മനസ്സ്, ബുദ്ധി, ബോധമണ്ഡലം, ചിന്ത, ശ്രദ്ധ, വിവേകം, ഏകാഗ്രത, സംസാരം, പ്രവര്‍ത്തികള്‍ എന്നീ മേഖലകളില്‍ ശിഥിലതയുണ്ടാകുന്നു. ഇതിന്റെ ഫലമായി ആ വ്യക്തി സ്വന്തം ക്രീയാത്മകത ക്ഷയിച്ച് സമൂഹത്തില്‍ നിന്ന് വല്ലാതെ പിന്തള്ളപ്പെടുന്നു. ക്രമേണ തൊഴിലിടങ്ങളില്‍ നിന്നും കുടുംബത്തില്‍ നിന്നുമെല്ലാം ഉപേക്ഷിക്കപ്പെട്ട നിലയിലായി തീരുന്നു.
മനസ്സിന്റെ സ്വാഭാവിക അവസ്ഥയില്‍ നിന്ന് മുമ്പു പറഞ്ഞ കാരണങ്ങള്‍കൊണ്ട് വ്യതിചലനങ്ങള്‍ സംഭവിച്ച് എന്തൊക്കെ അസ്വാഭാവിക അവസ്ഥകള്‍ ഉണ്ടാകുന്നു എന്നും അവ എങ്ങനെയൊക്കെ രോഗാവസ്ഥയ്ക്ക് വഴി തെളിക്കുന്നുവെന്നും എല്ലാം വിശദമായ വിവരണങ്ങള്‍ ആയുര്‍വേദ ഗ്രന്ഥങ്ങളിലുണ്ട്. അതായത്, ഒരാളുടെ ചിന്ത, വിചാരം, ഊഹം, സങ്കല്‍പ്പങ്ങള്‍ മുതലായ മേഖലകളിലാണ് ഈ അസ്വാഭാവികതകള്‍ ആദ്യമായുണ്ടാകുന്നത്. ഈ വ്യത്യാസങ്ങള്‍ ക്രമേണ വാക്കുകളെയും പ്രവര്‍ത്തികളെയും തകരാറിലാക്കുന്നു, ക്രമേണ രോഗം പ്രകടമാകുന്നു.
ഇതിനെ പ്രതിരോധിക്കുന്നതിനായി ആയുര്‍വേദം അനുശാസിക്കുന്നത് നമ്മുടെ ചിന്താശക്തിയെ കുറ്റമറ്റതാക്കുക എന്നതാണ്. ശരിയായ മനോബലം ആര്‍ജ്ജിക്കുക വഴിയേ നമ്മുടെ ചിന്താശക്തി കുറ്റമറ്റതാകൂ. ഉന്മാദരോഗം മുതല്‍ വിവിധങ്ങളായ മാനസിക രോഗങ്ങള്‍, അഴയുടെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, രോഗനിര്‍ണ്ണയം, ചികിത്സകള്‍, പഥ്യക്രമങ്ങള്, രോഗം മാറിക്കഴിഞ്ഞാല്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ എന്നിങ്ങനെ മാനസികാരോഗ്യ രംഗത്ത് കാലികപ്രസക്തിയുള്ള ഒട്ടനവധി അറിവുകള്‍ ഈ ശാസ്ത്രം നമുക്ക് പറഞ്ഞു തരുന്നു.
ഇവ കൂടാതെ കുട്ടികളിലുണ്ടാകുന്ന പഠനവൈകല്യം, പെരുമാറ്റ വൈകല്യം, ശ്രദ്ധാവൈകല്യം, ബുദ്ധിമാന്ദ്യം, മുതലായ ചികിത്സകളും ഈ ശാസ്ത്രത്തിലുണ്ട്. താരതമ്യേന പാര്‍ശ്വഫലങ്ങളില്ലാത്ത ഔഷധങ്ങളുപയോഗിച്ചുള്ള ചികിത്സകളും മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കുന്ന പഞ്ചകര്‍മ്മ ചികിത്സകളും ബുദ്ധിയെയും ക്രീയാത്മകതയെയും ഓര്‍മ്മശക്തിയെയും വര്‍ദ്ധിപ്പിക്കുന്ന മാസ്തിഷ്ക്യ ചികിത്സകളും ഉള്‍പ്പെടുന്നവയാണ് ഈ ചികിത്സാ പദ്ധതികള്‍. സര്‍വ്വോപരി മനസ്സിനെ നിയന്ത്രിക്കാനുതകുന്ന സത്വാവജയ ചികിത്സകളും മാനസിക രോഗങ്ങള്‍ക്ക് പരിഹാരമായി ഈ ശാസ്ത്രം പറയുന്നു. ആയുര്‍വേദത്തിന്റെ എട്ട് സ്പെഷ്യാലിറ്റികളില്‍ ഒന്നായ മനോരോഗ ചികിത്സയില്‍ ബിരുദാനന്തര ബിരുദ പാഠ്യപദ്ധതിയായ ത്രിവത്സര എം.ഡി. കോഴ്സ്, കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജില്‍ ദശാബ്ദങ്ങളായി നടന്നു വരുന്നു. കേരള സര്‍ക്കാരിന്റെ , ഭാരതീയ ചികിത്സാ വകുപ്പിന്റെ അധീനതയില്‍ കോട്ടയ്ക്കലിലുള്ള ഗവ. ആയുര്‍വ്വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെന്റല്‍ ഡിസീസസ് എന്ന സ്ഥാപനം അര നൂറ്റാണ്ടോളമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. വിവിധങ്ങളായ മാനസിക രോഗങ്ങള്‍ കൊണ്ട് ബുദ്ധിമട്ടുന്ന അനേകം രോഗികള്‍ കേരളത്തില്‍ നിന്നുമാത്രമല്ല, രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ഇവിടെയെത്തി രോഗശാന്തി നേടി തിരികെ പോകുന്നു. മുമ്പ് പ്രതിപാദിച്ചിട്ടുള്ള എല്ലാ രോഗങ്ങളും ഗവേഷണാടിസ്ഥാനത്തിലും അല്ലാതെയും ഇവിടെ ചികിത്സിച്ചു വരുന്നു.
വിദ്യാര്‍ത്ഥികളില്‍ പഠനവൈകല്യത്തിന് പുറമെ ഗ്രഹണശക്തി കുറവ്, ഓര്‍മ്മക്കുറവ്, പരീക്ഷാഭയം, ശ്രദ്ധാവൈകല്യം മുതലായ അവസ്ഥകളെ പരിഹരിച്ച് അവരുടെ ഓര്‍മ്മ, ബുദ്ധി, ഗ്രഹണശക്തി, ക്രീയാത്മകത മുതലായവയെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചികിത്സകള്‍ ആയൂര്‍വേദത്തിലുണ്ട്. വാര്ദ്ധക്യത്തോടനുബന്ധിച്ചുണ്
ടാകുന്ന മാനസിക പ്രശ്നങ്ങളായ വിഷാദരോഗം, മറവി രോഗം, ഭയം മുതലായവയും ആയുര്‍വേദ ഔഷധങ്ങള്‍കൊണ്ട് ചികിത്സിക്കുവാന്‍ കഴിയുന്നു. കൂടാതെ മാനസികമായ കാരണങ്ങള്‍ (അതായത് മാനസിക പിരിമുറുക്കങ്ങള്‍, അരക്ഷിതാവസ്ഥ, സ്ട്രെസ്സ്, ഉല്‍ക്കണ്ഠാ രോഗം മുതലായവ) കൊണ്ടുണ്ടാകുന്ന ശാരീരിക രോഗങ്ങളായ പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഹൃദ്രോഗം, വിവിധ അവയവങ്ങള്‍ക്കുണ്ടാകുന്ന ക്യാന്‍സര്‍ രോഗം, അസിഡിറ്റി, ആമാശയത്തിലും കുടലിലും ഉണ്ടാകുന്ന അള്‍സറുകള്‍, പക്ഷാഘാതം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ത്വക്ക് രോഗങ്ങള്‍, ആസ്ത്മ, സ്ത്രീകളില്‍ കാണുന്ന ആര്‍ത്തവ പ്രശ്നങ്ങള്‍, മറ്റ് ഗര്‍ഭാശയ രോഗങ്ങള്‍, മുതലായവയും വന്‍തോതില്‍ ഇന്ന് പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നതും നാം ശ്രദ്ധിക്കേണ്ടതാണ്.
ഉള്ളില്‍ കഴിക്കുന്ന ഔഷധങ്ങള്‍ക്കു പുറമെ, വമനം (ഛര്‍ദ്ദിപ്പിക്കല്‍), വിരേചനം (വയറിളക്കല്‍), നസ്യം, വിവിധതരം വസ്തികള്‍, അഭ്യംഗം (എണ്ണ തേപ്പ്), സ്വേദനം (വിയര്‍പ്പിക്കല്‍), ധാരകള്‍, ശിരോലേപനം, തളം, അജ്ഞനം മുതലായ ചികിത്സാ ക്രമങ്ങളും മാനസിക രോഗങ്ങളില്‍ വളരെ ഫലപ്രദമാണ്. ഔഷധങ്ങള്‍ തീക്കനലില്‍ ഇട്ട് പുകച്ച് ആ പുക ശ്വസിക്കുന്ന ചികിത്സയായ ധൂമപാനം മാനസിക രോഗങ്ങളില്‍ ഫലപ്രാപ്തി തെളിയിച്ച മറ്റൊരു ചികിത്സയാണ്.
ആഹാരങ്ങളിലും ജീവിതശൈലികളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണല്ലോ പഥ്യാപഥ്യങ്ങള്‍ എന്ന് അറിയപ്പെടുന്നത്. ഓരോ മാനസിക രോഗത്തിനും, രോഗത്തിന്റെയും രോഗിയുടെയും പ്രത്യേകതകള്‍ക്കനുസരിച്ചും ചികിത്സകള്ക്കനുസരിച്ചും നിര്‍ദ്ദേശിച്ചിട്ടുള്ള പഥ്യക്രമങ്ങള് ആയുര്‍വേദത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇക്കൂട്ടത്തില്‍ രോഗം മാറിക്കഴിഞ്ഞാല്‍ അ#ത് തിരികെ വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളും പ്രത്യേകം വിവരിക്കുന്നുണ്ട്. മാനസിക രോഗങ്ങള്‍ക്ക് പ്രതിവിധികളായി നിര്‍ദ്ദേശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളില്‍ പ്രധാനപ്പെട്ടവ ബ്രഹ്മി, കുടങ്ങല്‍, ശംഖുപുഷ്പി, ത്രിഫല, ജടാമാഞ്ചി, അമൃത്, ഇരട്ടിമധുരം, വയമ്പ്, അമുക്കുരം, സര്‍പ്പഗന്ധ, ചന്ദനം, സോമലത മുതലായവയാണ്. ഇവ പ്രത്യേകമായും, പല അളവുകളില്‍ കൂട്ടിച്ചേര്‍ത്തും പല ഔഷധങ്ങളായി പാകം ചെയ്തും ഉപയോഗിച്ചു വരുന്നു. മാനസിക രോഗങ്ങള്‍ക്ക് അവ വന്നതിനുശേഷം ചികിത്സ നല്കുന്നതുപോലെ തന്നെ പ്രാധാന്യം അവരെ വരാതിരിക്കുന്നതിനുവേണ്ടിയുള്ള പ്രതിരോധ ചികിത്സകള്‍ക്കാണ്. അതായത്, ഒരു വ്യക്തിയെ എങ്ങനെ ഉത്തമമാനസിക ബലത്തിന്റെ ഉടമയാക്കാം എന്നതിനെപ്പറ്റിയാണ് ആയുര്‍വ്വേദം കൂടുതല്‍ ഊന്നല്‍കൊടുക്കുന്നത്. ഇതുനു വേണ്ടി സ്ത്രീകള്‍ ഗര്‍ഭകാലത്ത് ശീലിക്കേണ്ടവയും അതിനു മുമ്പ് ദമ്പതികള്‍ സന്താനോത്പ്പാദനത്തിന് തയ്യാറെടുക്കുമ്പോള്‍ മുതല്‍ ശീലിക്കേണ്ട ഔഷധങ്ങളും ജീവിതരീതികളും ഈ ശാസ്ത്രത്തില്‍ വ്യക്തമായി വിവരിക്കുന്നു.
ഒരു മാനസിക രോഗി ചികിത്സ കഴിഞ്ഞ് രോഗവിമുക്തനായി അവനവന്റെ കുടുംബത്തിലേയ്ക്കും സമൂഹത്തിലേയ്ക്കും തിരികെ വരുന്ന സമയത്ത് അയാളെ കുടുംബാംഗങ്ങളും ഉറ്റവരും സുഹൃത്തുക്കളുമെല്ലാം കൂട്ടത്തില്‍ കൂട്ടുവാന്‍ മടിക്കുകയും പേടിയോടെയും വെറുപ്പോടെയും സമീപിക്കുകയും ചെയ്യുന്ന രീതി നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ ഇത്തരം പ്രവണതകള്‍ അയാളില്‍ രോഗം വീണ്ടും ഉണ്ടാകുവാന്‍ സാധ്യതയേറുന്നു. മാനസിക രോഗികളോടും രോഗം ഒരിക്കല്‍ വന്നു മാറിയവരോടും സ്നേഹത്തോടെ പെരുമാറുവാനും അവരെ സംരക്ഷിക്കുവാനും കുടുംബാംഗങ്ങളും ഉറ്റബന്ധുക്കളും വളരെയധികം ശ്രദ്ധിക്കേണ്ടതും പരിശീലിക്കേണ്ടതും അത്യാവശ്യമാണ്.
ചുരുക്കത്തില്‍ മാനസിക രോഗമുണ്ടാകുന്നത്, ശാരീരിക രോഗമുണ്ടാകുന്നതിനേക്കാള് വളരെ എളുപ്പമാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടതാണ്. വ്യക്തികളുടെ മാനസിക ബലത്തെ ദുര്‍ബലമാക്കുന്ന രീതിയിലുള്ള പലവിധ കാരണങ്ങള്‍ ഇന്നത്തെ സമൂഹത്തിലും കാലഘട്ടത്തിലും ധാരളമായി നിലനില്‍ക്കുന്നുണ്ട്. അവയെയെല്ലാം പ്രതിരോധിച്ച് മാനസികാരോഗ്യം സംരക്ഷിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും ചികിത്സകളും ആയുര്‍വ്വേദം നമുക്ക് പറഞ്ഞു തരുന്നുണ്ട്. മനുഷ്യന് പ്രകൃതിയിലേയ്ക്ക് മടങ്ങുവാന്‍ താല്‍പ്പര്യം കാണിക്കുകയും ജൈവമൂലികകളുടെ ഗുണമേന്മ തിരിച്ചറിയുകയും ചെയ്യുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ആയുര്‍വേദ ചികിത്സകളുടെ പ്രസക്തി വര്‍ദ്ധിച്ചു വരുന്നു. ഈ പ്രസക്തി മാനസികരോഗ ചികിത്സാ രംഗത്തും ഗുണപരമായി പ്രതിഫലിക്കട്ടെ.