എസ്.എന്‍.ഡി.പി യോഗത്തിലെ അഴിമതിയും ഗുരുനിന്ദയും ശ്രീനാരായണ ധര്‍മ്മവേദി വിവാഹപത്രിക നല്‍കും
തൊടുപുഴ: വെള്ളാപ്പള്ളി നടേശന് അധികാരമേറ്റ് കഴിഞ്ഞ 20 വര്‍ഷമായി നടത്തി വരുന്ന അഴിമതി, സ്വജനപക്ഷപാതം, ഗുരുനിന്ദ അടക്കമുള്ള യോഗവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ഒരു തിരുത്തല്‍ശക്തിയായി രൂപം കൊണ്ടതാണ് ശ്രീനാരായണധര്‍മ്മവേദി. യോഗത്തിനകത്തു നിന്നുകൊണ്ട് പ്രവര്‍ത്തിച്ച ധര്‍മ്മവേദി ഇനി സ്വതന്ത്രനിലപാടുകള്‍ എടുക്കും. ആദ്യപടിയായി അംഗങ്ങളുടെ വിവാഹ ആവശ്യത്തിനുള്ള വിവാഹപത്രിക ധര്‍മ്മവേദി നല്‍കും. കൂടാതെ വിവാഹം നടത്താനുള്ള ശാന്തിമാരേയും ഏര്‍പ്പാടാക്കി കൊടുക്കും. ഒരു വിവാഹ പത്രികയ്ക്കു അംഗങ്ങളില്‍ നിന്നും ആയിരം രൂപാ മാത്രമേ ഈടാക്കൂ. ഈ സ്ഥാനത്ത് എസ്.എന്‍.ഡി.പി യോഗം മാസവരി അടക്കമുള്ള വിവിധ പരിപാടികളുടെ പേരുപറഞ്ഞ് പതിനായിരങ്ങളാണ് വാങ്ങുന്നത്. ചില ശാഖകളില്‍ 25000 വും 50000 വും വരെ വാങ്ങുന്നു. ഈ അനീതി കാരണം ധര്‍മ്മവേദി കഴിഞ്ഞ കുറച്ചു നാളുകകളായി ശിവഗിരി മഠത്തിന്റെ പത്രിക ആണ് ഉപയോഗിച്ചു വന്നുകൊണ്ടിരുന്നത്. നൂറുകണക്കിന് പത്രികകള്‍ ഇപ്രകാരം ശിവഗിരിയില്‍ നിന്നും വാങ്ങിയിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ഭാരവാഹികള്‍ എടുക്കുന്ന നിലപാടുകളോടും വെള്ളാപ്പള്ളി നടേശനോടുള്ള സമീപനത്തോടും ധര്മ്മവേദിക്ക് അഭിപ്രായവ്യത്യാസമുണ്ട്. ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് ഘടകവിരുദ്ധമായ പല നിലപാടുകളും ശിവഗിരി മഠം ഭാരവാഹികള്‍ കൈക്കൊള്ളുന്നു. കഴിഞ്ഞ 20 വര്‍ഷക്കാലമായി ശിവഗിരിക്കും അനുബന്ധസ്ഥാപനങ്ങള്‍ക്കും താങ്ങും തണലുമായി നിന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും സഹകരിപ്പിക്കാതെയും ആലോചിപ്പിക്കാതെയും അകറ്റി നിര്‍ത്തിയും പുതിയ ഭരണസമിതി പരിപാടികള്‍ സംഘടിപ്പിക്കുന്നു. ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് സ്കീമിനു വിരുദ്ധമായി അംഗത്വമെടുത്ത പല സ്വാമിമാരും ശിവഗിരിയില്‍ ഗുരുനിന്ദ കാണിക്കുന്നു. ഗുരുദേവ ദര്‍ശനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഘടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. ശിവഗിരിയെ തീര്‍ത്തും ഒരു ഹിന്ദുമഠമായി അധഃപതിപ്പിച്ചു. വിശ്വമാനവികതയുടെ മഹാപ്രവാചകനായ ശ്രീനാരായണഗുരുദേവനെ ഹിന്ദുസന്യാസിയാക്കി പ്രചരണം നടത്തുന്നു. ഇത്തരത്തില്‍ മഠത്തിലെ ഭരണാധികാരികളുടെ നിലപാടു കാരണം ഇനി മുതല്‍ ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റില്‍ നിന്നും വിവാഹപത്രിക വാങ്ങേണ്ടതില്ലെന്നും തീരുമാനിച്ചു. ഗുരുദേവ ദര്‍ശനത്തില്‍ വിശ്വസിക്കുന്ന ജാതി മത ഭേദമന്യെ 18 വയസ് പൂര്‍ത്തിയാക്കിയ ഏവര്‍ക്കും ശ്രീനാരായണ ധര്‍മ്മവേദി വിവാഹ പത്രിക നല്കുവാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബിജു രമേശ്, സംസ്ഥാന വര്‍ക്കിംഗ് ചെയര്മാന് കെ.കെ. പുഷ്പാംഗദന്, വര്‍ക്കിംഗ് ചെയര്മാന് പ്രൊഫ. ജി. മോഹന്‍ദാസ്, ജോയിന്റ് സെക്രട്ടറിമാരായ അഡ്വ. വി.വി. സത്യന്, അജോയ്കുമാര്‍ മാവേലിക്കര, കെഎം.എസ്. ലാല്‍,
രവീന്ദ്രന് പൊയ്ലൂര്, വനിതാസംഘം സെക്രട്ടറി പ്രഭാ അനില്‍, ആര്യ ബൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. പ്രഭുകുമാര്‍, ഭദ്രന് കായകുളം, സദാനന്ദന് പുതിയവിള, കെ.റ്റി. രാജപ്പന് അമ്പലപ്പുഴ, വിളക്കുവട്ടം ഭദ്രന്, പോളച്ചിറ ബാബു, കെ.കെ. രഘു ഉടുമ്പന്‍ചോല, സോമരാജന് കടയ്ക്കല്‍, പോളച്ചിറ ബാബു, റെജികുമാര്‍ കായംകുളം, അഡ്വ, എസ്.എന്‍. ശശികുമാര്‍, പി.എന്‍. പ്രഭാകരന് തൊടുപുഴ, അനില്‍കുമാര്‍ കരുനാഗപ്പള്ളി, സുരേഷ് കുന്നത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.