പതിനാലാം വയസ്സില്‍ വിവാഹം; ഭര്‍ത്താവിന്റെ മര്‍ദ്ദനം താങ്ങാനാകാതെ രണ്ട് മക്കളെയും കൊണ്ട് വീട് വിട്ടിറങ്ങി; ഇന്ന് സിനിമയിലെ അറിയപ്പെടുന്ന സ്റ്റണ്ട് വുമണ്‍.
മുംബൈ: ഭര്‍ത്താവിന്റെ കുനിച്ചു നിര്‍ത്തിയുള്ള ഇടി സഹിക്കാതെ ആയപ്പോഴാണ് ഗീതാ ടണ്ടന് എന്ന യുവതി നന്നേ ചെറുപ്പത്തില്‍ തന്നെ ഭര്‍തൃ വീട് വിട്ടിറങ്ങിയത്. ഇന്ന് വിധിയെ പോരാടി തോല്‍പ്പിച്ച ഗീതാ ലോകം അറിയുന്ന സ്റ്റണ്ട് വുമണ്‍ എന്ന പദവിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. 14ാം വയസ്സു മുതല്‍ ഭര്‍ത്താവിന്റെ ക്രൂര പീഡനത്തിന് ഇരയായ ഗീത രണ്ടു മക്കളുമായതിനു ശേഷമാണ് ഭര്‍തൃഗൃഹം വിട്ടിറങ്ങുന്നത്. മക്കളുമായി വിധിയെ തോല്‍പ്പിച്ച ഗീത ഇന്ന് ലോകം അറിയുന്ന സ്റ്റണ്ട് വുമണ്‍ ആണ്. ഇനി ഒരു ആക്ഷന്‍ സിനിമ സംവിധാനം ചെയ്യണം, അതാണ് ഗീതയുടെ ആഗ്രഹം.
അക്കാലത്ത് ശൈശവ വിവാഹത്തിന്റെ ഇരയായിരുന്നു ഗീത എന്ന കൊച്ചു പെണ്‍കുട്ടി. 14ാം വയസ്സിലായിരുന്നു ദാരിദ്രം നിറഞ്ഞ വീട്ടില്‍ നിന്നും സമ്പന്ന കുടുംബത്തിലേക്ക് ഗീതയെ വിവാഹം ചെയ്ത് അയക്കുന്നത്. അതോടെ ഗീതയുടെ കഷ്ടകാലവും തുടങ്ങുകയായിരുന്നു. പാട്ടുപാടുന്ന അച്ഛനു കിട്ടുന്ന തുച്ഛമായ തുക മാത്രമായിരുന്നു വീട്ടിലെ വരുമാനമാര്‍ഗം. അച്ഛനു കിട്ടുന്ന തുക കൊണ്ടുമാത്രം ജീവിതം മുന്നോട്ടുപോകില്ല. മുടി കളര്‍ ചെയ്തു കൊടുക്കുന്ന ജോലി ചെയ്തിട്ടുണ്ട്. വീടുകളിലേക്കുവേണ്ട പച്ചക്കറി വാങ്ങിക്കൊടുത്തിട്ടുണ്ട്. അതൊക്കെ അമ്പതു പൈസയ്ക്കും ഒരു രൂപയ്ക്കുമൊക്കെ വേണ്ടിയായിരുന്നു. ഒടുവില്‍ വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചു.
ഒന്നും അറിയാത്ത പ്രായത്തില്‍ വിവാഹം കഴിച്ചയച്ചെങ്കിലും ഭര്‍ത്താവിന്റെ വീട്ടില്‍ പട്ടിണി കിടക്കേണ്ടി വരില്ല എന്ന മാതാപിതാക്കളുടെ ഉറപ്പിലാണ് ഗീത വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. എന്നാല്‍ സമ്പന്നതയുടെ നടുവില്‍ ഗീതയെ കാത്തിരുന്നത് അതിലും വലിയ പീഡനമായിരുന്നു. വിവാഹത്തിന്റെ പിറ്റേന്നുതന്നെ ഭര്‍ത്താവ് മര്‍ദനവും തുടങ്ങി. വീട്ടിലെ പട്ടിണിയേക്കാളും ഭീതിതമായിരുന്നു ചെറുപ്രായത്തില്‍ ഗീതയ്ക്ക് ഏല്‍ക്കേണ്ടി വന്ന മര്‍ദ്ദനം.ഒരു കാരണവുമില്ലാതെ ആയിരുന്നു മൂക്കറ്റം കുടിച്ചു വരുന്ന ഭര്‍ത്താവിന്റെ മര്‍ദ്ദനം. ഭര്‍ത്താവു മര്‍ദിക്കുമ്പോള്‍ കാഴ്ചക്കാരായി നിന്നു വീട്ടിലുള്ളവര്‍. സഹായിക്കാന്‍ നിയമപാലകര്‍ പോലുമെത്തിയില്ല. ‘പ്രശ്നം വീട്ടിനുള്ളില്‍ തന്നെ പരിഹരിക്കൂ, അല്ലെങ്കില്‍ ഏതെങ്കിലും ബന്ധുവീട്ടില്‍ പോയി താമസിക്കൂ’ പൊലീസ് ഉപദേശിച്ചു. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ. എല്ലാ ദിവസവും ഭര്‍ത്താവ് മദ്യപിച്ചെത്തും. മര്‍ദ്ദിക്കുന്നതൊക്കെ അമ്മായിയമ്മ കാണുമെങ്കിലും എനിക്കൊന്നും ചെയ്യാനാവില്ല എന്നു പറഞ്ഞ് കൈമലര്‍ത്തും.
സ്വന്തം വീട്ടുകാരോട് പരാതി പറഞ്ഞപ്പോള്‍ അവരും കൈമലര്‍ത്തി. സ്വന്തം പിതാവു പറഞ്ഞ മറുപടിയായിരുന്നു വിചിത്രം: കല്യാണം കഴിച്ചയച്ചാല്‍ ഭര്‍ത്താവിന്റെ വീട്ടിലാണു ഭാര്യ കഴിയേണ്ടത്. അതും മരണം വരെ. അതുവരെ എല്ലാം സഹിക്കുക.മരണത്തേക്കാള്‍ ഭീകരമായിരുന്നു ആ പെണ്‍കുട്ടി കടന്നുപോയ ക്രൂരതകള്‍. ഇഷ്ടമോ അനിഷ്ടമോ നോക്കാതെ ശാരീരികമായി ഉപയോഗിക്കുന്നതും പതിവായിരുന്നു. എതിര്‍ക്കുമ്പോള്‍ അനുസരിക്കുന്നതാണു നല്ലത് എന്ന ഭീഷണിയും. 15ാം വയസ്സില്‍ ഗര്‍ഭിണിയായി. ആ ചെറിയ പ്രായത്തില്‍ ഗര്‍ഭം അലസി. ഇത്ര ചെറിയ പ്രായത്തിലേ ഗര്‍ഭിണിയായതിന്റെ പേരില്‍ ഡോക്ടര്‍ വഴക്കുണ്ടാക്കി. അവര്‍ക്കൊന്നും അറിയില്ലല്ലോ വീട്ടില്‍ നടക്കുന്ന പീഡനം.
അതിനുശേഷം രണ്ടുതവണ പ്രസവിച്ചു. രണ്ടു കുട്ടികള്‍. മര്‍ദനം അപ്പോഴും അവസാനിച്ചില്ല. ബെല്‍റ്റ് ഉപയോഗിച്ചുപോലും മര്‍ദിക്കുമായിരുന്നു. ശരീരത്തില്‍ എല്ലായിടത്തും മുറിവുകള്‍. കുട്ടികളും മര്‍ദനത്തിന്റെ ഇരയായതോടെ അവസാന തീരുമാനം എടുത്തു വീട് വിട്ടിറങ്ങുക.ഭര്‍ത്താവ് കൂടെയില്ലാത്ത ഒരു സ്ത്രീക്ക് വാടകവീട് കിട്ടുക അത്രയെളുപ്പമൊന്നുമല്ല. രണ്ടു കുട്ടികളുമായി പോകാന്‍ ഒരിടവുമില്ലാതായപ്പോള് ഒരു ഗുരുദ്വാരയുടെ വാതിലില്‍ മുട്ടി. ജീവിക്കാനുള്ള പണത്തിനുവേണ്ടി പാത്രം കഴുകി. തുണി നനച്ചു. ഭക്ഷണം പാകം ചെയ്തു. വാടകയ്ക്കു താമസിച്ച വീടിന്റെ മുന്നില്‍വന്ന് രാത്രികളില്‍ ഭര്‍ത്താവു വഴക്കുണ്ടാക്കും.വേശ്യ എന്നു വിളിച്ച് ആക്ഷേപിക്കും. പക്ഷേ , ആ യുവതി തളര്‍ന്നില്ല.
അതിനിടെ ഒരു ടെലിവിഷന്‍ ഷോയില്‍ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്റ്റണ്ട് വുമണിനെ ആവശ്യമുണ്ടെന്നുള്ള പരസ്യമാണ് ഗീതയുടെ ജീവിതം മാറ്റി മറിച്ചത്. അപേക്ഷിച്ചു. അവസരം കിട്ടി. കുട്ടിക്കാലം മുതലേ ആണ്‍കുട്ടിയെപ്പോലെയാണു വളര്‍ന്നുവന്നത്. ബൈക്ക് ഓടിക്കാനും അറിയാമായിരുന്നു. എങ്കിലും ആദ്യദിവസം പരിഭ്രാന്തയായിരുന്നു. ആത്മാര്‍ഥതയോടെ ജോലി ചെയ്തു. ഫലമുണ്ടായി. കഴിഞ്ഞ 10 വര്‍ഷമായി സ്റ്റണ്ട് വുമണ്‍ എന്ന ജോലി ചെയ്യുന്നു. അഭിമാനത്തോടെ. രോഹിത് ഷെട്ടി ഉള്‍പ്പെടെയുള്ള അഭിനേതാക്കളെ പരിചയപ്പെട്ടു. ഇനി ഒരാഗ്രഹം കൂടിയുണ്ട് ആക്ഷന്‍ സിനിമയുടെ സംവിധായിക ആകുക.