പാലക്കാട്: എം.പി.ഗ്രൂപ്പ് ബ്രൂവറിക്കായി കൃഷിഭൂമി വാങ്ങിയത് കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചാണെന്ന് ആരോപണം. പാലക്കാട്ടെ എലപ്പുള്ളി പോക്കാന്തോട്ടിലാണ് എം.പി ഗ്രൂപ്പ് പത്തേക്കറോളം ഭൂമി വാങ്ങിയത്. ജീവനക്കാര്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണത്തിനാണെന്ന് പറഞ്ഞാണ് ഭൂമി വാങ്ങിയത്. 2008ലാണ് ഏക്കറിന് 2.45 ലക്ഷം രൂപ നിരക്കില്‍ ഭൂമി വാങ്ങിയത്.
അതേസമയം എലപ്പുള്ളിയിൽ ബ്രൂവറിക്ക് അനുമതി നൽകിയത് രാഷ്ട്രീയ ആയുധമാക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ കഴിഞ്ഞ ദിവസം എലപ്പുള്ളി സന്ദർശിച്ചത്. ജലദൗർലഭ്യ മേഖലയിൽ ബ്രൂവറി അനുവദിച്ച വിഷയത്തിൽ സിപിഐഎം പ്രാദേശിക-ജില്ലാ നേതൃത്വങ്ങൾ പ്രതിരോധത്തിലാണ്.
ബ്രൂവറികൾ അനുവദിച്ചതിലെ നയപരമായ തെറ്റും ശരിയുമൊക്കെ രാഷ്ട്രീയ രംഗത്ത് വാദപ്രതിവാദങ്ങളായി നിറയുകയാണെങ്കിലും പാലക്കാട്ടെ ബ്രൂവറി വിരുദ്ധസമരത്തിന് വേറെ മാനമാണുള്ളത്. കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്ന എലപ്പുള്ളിയിൽ ബ്രൂവറി അനുവദിച്ചത് ന്യായീകരിക്കാൻ സിപിഐഎം നേതാക്കൾക്ക് പോലും ഇതുവരെ സാധിച്ചിട്ടില്ല. ഇത് കൃത്യമായി തിരിച്ചറിഞ്ഞ് ആദ്യം തന്നെ സമരരംഗത്തിറങ്ങിയതിലും കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ജനങ്ങളെ അണിനിരത്തുന്നതിലും ജില്ലയിലെ കോൺഗ്രസ് നേതൃത്വം വിജയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരത്തിന് ഊർജം പകരാൻ രണ്ടാം ദിവസം തന്നെ എത്തുകയും ചെയ്തു.
ഇതിലെ രാഷ്ട്രീയമായ അപകടം തിരിച്ചറിഞ്ഞാണ് സ്ഥലം എം.എൽ.എ കൂടിയായ വി എസ് അച്യുതാനന്ദൻ കോൺഗ്രസ് സമരം തുടങ്ങിയ ദിവസം തന്നെ ബ്രൂവറിക്കെതിരെ പ്രസ്താവനയിറക്കിയത്. എലപ്പുള്ളിയിലെ ബ്രൂവറിയുമായി മുന്നോട്ടു പോയാൽ ജലമൂറ്റുന്ന കോളക്കമ്പനികൾക്കെതിരായ സമരത്തിൽ വി.എസും സിപിഐഎമ്മും അവകാശപ്പെടുന്ന പങ്കാളിത്തത്തിലെ ആത്മാർത്ഥതയടക്കമായിരിക്കും രാഷ്ട്രീയ രംഗത്ത് ചോദ്യം ചെയ്യപ്പെടുക.