എന്നാലും ഇനി നിങ്ങളില്ലല്ലോ ചേട്ടാ...കണ്ണീരോടെ ഫിറോസ്
ലെജൻസ് ഒക്കെ ഇടക്ക് റെസ്റ്റെടുക്കാറുണ്ട് എന്നോർമിപ്പിച്ച് കാത്തിരിക്കുകയായിരുന്നു.. പോയല്ലോ ചേട്ട..ഇനിയാ വാകപ്പൂക്കൾക്കു മുകളിലൂടെ ഗുൽമോഹർ മരങ്ങൾക്കു ചുവട്ടിലൂടെ ചേച്ചി ഓർമകളിലൂടെ ഒറ്റക്ക് നടക്കണമല്ലോ.. ധൈര്യം കിട്ടട്ടെ ചേച്ചിക്ക്.
ബാലഭാസ്കറിനു അപകടം സംഭവിച്ചു എന്നറിഞ്ഞ നിമിഷം മുതൽ ആർ ജെ കിടിലം ഫിറോസ് ആശുപത്രിയിൽ ഉണ്ടായിരുന്നു. അപകടനില തരണം ചെയ്തു എന്ന വിവരം അറിഞ്ഞതു മുതൽ ബാലഭാസ്കറിന്റെ മടങ്ങി വരവിനെക്കുറിച്ച് ഫിറോസ് ചർച്ചകൾ തുടങ്ങിയിരുന്നു. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ പ്രിയപ്പെട്ട ചേട്ടൻ വിടപറഞ്ഞതിന്റെ സങ്കടങ്ങൾ പങ്ക് വച്ചിരിക്കുകയാണ് കിടിലം ഫിറോസ്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രതീക്ഷകളുടെ തന്ത്രികൾ ആണല്ലോ ചേട്ടാ പൊട്ടിപ്പോയത് !ഇന്നലെ ബോധം വീണു എന്നു കേട്ടപ്പോൾ നിറഞ്ഞ പ്രകാശമായിരുന്നു മനസ്സിൽ !!ചേച്ചിയെ ഒറ്റക്കാക്കി ,ഞങ്ങളെ മുഴുവൻ നിരാശരാക്കി ,ലോകമലയാളികളെ കണ്ണു നിറയിച്ച് പ്രകാശത്തിന്റെ ലോകത്തേക്ക് നിങ്ങള് പൊയ്ക്കളഞ്ഞല്ലോ മനുഷ്യാ !!അതെങ്ങനെ പോകാതിരിക്കും !രണ്ടു തികഞ്ഞിട്ടില്ലാത്ത കുഞ്ഞു തേജസ്വിനിക്ക് ഒറ്റയ്ക്ക് പോകാനാകുമോ ?നല്ലച്ഛൻ ഇല്ലാതെ അവൾക്ക് പിച്ചപാദങ്ങൾ വച്ചു എങ്ങിനെ ഒറ്റയ്ക്ക് മരണത്തിന്റെ ഇരുട്ടിലൂടെ നടക്കാനാകും ?
ന്നാലും ഇനി നിങ്ങളില്ലല്ലോ ചേട്ടാ ! എന്തൊരു ശൂന്യതയാണ് ആ ചിന്ത പോലും !ചിരിക്കുമ്പോൾ കുറുകുന്ന കണ്ണുകൾ ഇനിയില്ല !സംസാരിക്കുമ്പോൾ പടർത്തുന്ന പ്രകാശം ഇനിയില്ല !വയലിനിൽ വിരിയാനിരുന്ന ആയിരമായിരം മാന്ത്രിക നാദവിസ്മയങ്ങൾ ഇനിയില്ല !!
ഞാൻ കണ്ടു വളർന്ന ,കേട്ടു വളർന്ന പ്രണയമായിരുന്നു നിങ്ങൾ .യൂണിവേഴ്സിറ്റി കോളേജിന്റെ വലിയ തടി വാതിലിനു താഴെ പടവിൽ , വാകമരചുവട്ടിലെ പൊഴിഞ്ഞു വീണ മഞ്ഞപ്പൂക്കൾ നോക്കിയിരുന്നു നിങ്ങൾ പ്രണയം പറഞ്ഞു മഴയാകുന്നത് കണ്ടു മനസ്സ് നിറഞ്ഞിരുന്നത് ഓർമ വരുന്നു .ഗുൽമോഹർ മരങ്ങൾക്കിടയിലൂടെ ചേച്ചിയുടെ കൈ ആ മാന്ത്രിക വിരലുകളിൽ കോർത്തു ,മറുകൈയിൽ പ്രിയപ്പെട്ട വയലിനും തൂക്കി നിങ്ങൾ ചേർന്നു നടക്കുന്നത് ഞങ്ങൾക്കെന്നും പ്രിയപ്പെട്ട കാഴ്ചയായിരുന്നു .യുവജനോത്സവ വേദികളിലേക്ക് എന്നെയടുപ്പിച്ചത് ,പാടാൻ പോകാൻ പണമില്ലാത്തതിനാൽ നിങ്ങളും സുഹൃത്തുക്കളും ചേർന്ന് കോളേജ് പടിക്കൽ തോർത്ത് വിരിച്ചു പാടി സമ്പാദിച്ച ആ നാണയത്തുട്ടുകളിലെ കലാകാരന്റെ നിഷ്കളങ്കതയും ആത്മാർഥതയുമാണ്! നാഷണൽ തലത്തിലെ യുവജനോത്സവങ്ങളിൽ പങ്കെടുക്കാനുള്ള യാത്രകളിൽ ,നീണ്ട തീവണ്ടി യാത്രകളിൽ നിങ്ങളുടെ കുറുമ്പും തമാശയും സംഗീതത്തിലെ അപാര പാടവവും കണ്ടു അതിശയത്തോടെ നോക്കിയിരുന്ന ഞങ്ങൾ എല്ലായ്പ്പോഴും പറയുമായിരുന്നു ,ബാലുച്ചേട്ടൻ ലോകത്തെ അതിശയിപ്പിക്കുമെന്ന് !പിന്നീട് ജീവിതത്തിന്റെ യാത്രകളിൽ പലപ്പോഴായി വന്നു അനുജനാക്കി പരിചയപ്പെടുത്തിയ പ്രിയപ്പെട്ടവൻ .ഒരിക്കൽ ദുബായിൽ റേഡിയോയിൽ ജോലി ചെയ്യുമ്പോൾ,സ്റ്റുഡിയോയിൽ വെച്ച് ശ്രോതാക്കളോട് ഇവനെന്റെ അനുജൻ ,അടുത്തത് ഇവനായി മാത്രം എന്നു പറഞ്ഞു എനിക്കായി വയലിനിൽ എൻ നെഞ്ചിലെ കനൽപ്പൂക്കളിൽ എന്ന അദ്ദേഹത്തിന്റെ എനിക്കേറ്റവും പ്രിയപ്പെട്ട ഗാനം വായിച്ചു തന്നു സ്നേഹം കൊണ്ട് നിറച്ചവൻ !
92.7 ബിഗ് എഫ് എം ന്റെ തീം സോങ് വയലിനിലൂടെ വായിച്ചു തന്ന് ഞങ്ങളെ അതിശയിപ്പിച്ചവൻ!കഴിഞ്ഞതിന് മുൻപത്തെ ഓണത്തിന് ഒരു ബാലഭാസ്കർ നൈറ്റ് ചെയ്യാൻ വിളിച്ചപ്പോൾ തുക എത്രയാകും എന്ന ചോദ്യത്തിന് മൃദുവായി ചിരിച്ചു നമ്മുടെ നാടല്ലേ,നീ നോക്കി ചെയ്താൽ മതിയെന്ന് പറഞ്ഞു തിരികെ നടന്നതോർക്കുന്നു.പ്രളയസമയത് പുന്തല ക്യാമ്പിൽ നിൽക്കുമ്പോളാണ് ഒടുവിൽ നിങ്ങളുടെ കാൾ .പ്രതീക്ഷിച്ചതു പോലെ ഞാനും കൂടാം നീയറിയിച്ചാൽ മതി എന്ന വാചകങ്ങൾ മനസ്സിൽ തൊട്ടിരുന്നു !യൂണിവേഴ്സിറ്റി കോളേജിലെ ഒരു വിഷയം വന്നപ്പോൾ കാലങ്ങൾക്കിപ്പുറം ഒരേ വേദി പങ്കിട്ടു ഞങ്ങൾ .അന്നു ഞാൻ പ്രസംഗിച്ചു കഴിഞ്ഞു വന്നടുത്തിരുന്നപ്പോൾ ചെവിയിൽ പറഞ്ഞിരുന്നു -നീയീ വാക്കുകളിലെ തീപ്പൊരിയൊക്കെ ഒളിപ്പിച്ചു വയ്ക്കാതെ പരമാവധി പുറത്തെടുക്ക് .ഒരു മോട്ടിവേഷണൽ സ്പീക്കർ നിന്റെയുള്ളിലുണ്ട് !! ആ വാക്കുകളായിരുന്നു എന്റെ ഏറ്റവും വലിയ മോട്ടിവേഷൻ !അതേ വാക്കുകൾ കൊണ്ട് നിങ്ങൾക്ക് ഓർമപ്പൂക്കൾ അർപ്പിക്കേണ്ടി വരുന്നല്ലോ ചേട്ടാ !
ഇന്നലെ വൈകുന്നേരവും നിങ്ങൾക്ക് ബോധം വീണതറിഞ്ഞപ്പോൾ സുഹൃത്തുക്കളോട് നിങ്ങളുടെ മടങ്ങി വരവിലെ ആദ്യവേദി തയാറാക്കാൻ ചർച്ചചെയ്യുകയായിരുന്നു !ന്നാലും ബാലുച്ചേട്ടൻ കിടന്നുപോയല്ലോ എന്ന് പറഞ്ഞവരോട് ,ലെജന്റ്സ് ഒക്കെ ഇടക്ക് റെസ്റ്റെടുക്കാറുണ്ട് എന്നോര്മിപ്പിച്ചു കാത്തിരിക്കുകയാരുന്നു!!
പോയല്ലോ ചേട്ടാ ! ഇനിയാ വാകപ്പൂക്കൾക്കു മുകളിലൂടെ ഗുൽമോഹർ മരങ്ങൾക്കു ചുവട്ടിലൂടെ ചേച്ചി ഓർമകളിലൂടെ ഒറ്റയ്ക്ക് നടക്കണമല്ലോ !ധൈര്യം കിട്ടട്ടെ ചേച്ചിക്ക് !അദൃശ്യനായി പ്രിയപ്പെട്ടവൾക്കൊപ്പം നടന്നു നിങ്ങൾ ആ മാന്ത്രിക സംഗീതം പൊഴിക്കുമെന്ന് ഞങ്ങൾക്കറിയാം !
വിട ഒക്ടോബറിന്റെ നഷ്ടമേ ...
വിട