പ്രശസ്ത സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു
കൊച്ചി: പ്രശസ്ത സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം.കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ കുറച്ച് ദിവസങ്ങളായി ചികത്സയിലായിരുന്നു. സംവിധായകൻ , നടൻ, നിർമ്മാതാവ് തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും അദ്ദേഹം പ്രവർത്തിക്കുകയും ഇവിടെയെല്ലാം വെന്നിക്കൊടി പാറിക്കുകയും ചെയ്തു.80-90 കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്ന തമ്പി കണ്ണന്താനം, 2004-നു ശേഷം അത്ര സജീവമായിരുന്നില്ല.
മോഹൻലാലിന് സൂപ്പർ സ്റ്റാർ പദവി നേടി കൊടുത്ത രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം,നാടോടി, വഴിയോരക്കാഴ്ചകൾ, മാന്ത്രികം തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. പാസ്പോർട്ട് , താവളം, ആ നേരം അൽപ്പദൂരം,ചുക്കാൻ, മാസ്മരം തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ഒരു ഹിന്ദി ചിത്രവും അദേഹം സംവിധാനം ചെയ്തു.
സിനിമയ്ക്ക് മുന്നിലും പിന്നിലും നിരവധി വേഷങ്ങൾ കെട്ടിയ തമ്പി കണ്ണന്താനം ഏഴ് സിനിമകൾ നിർമ്മിക്കുകയും ചെയ്തു.കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11 നാണ് തമ്പി കണ്ണന്താനം ജനിച്ചത്. കോട്ടയം എംഡി സെമിനാരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ , സെന്റ് ഡൊമിനിക് കോളേജ് എന്നിവടങ്ങളിലായിരുന്നു പഠനം.
ശശികുമാറിന്റെയും ജോഷിയുടെയും സഹായിയാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. ഭാര്യ
കുഞ്ഞുമോൾ, ഐശ്യര്യ , എയ്ഞ്ചൽ എന്നിവരാണ് മക്കൾ