തിരുവനന്തപുരം എടിഎം കവര്‍ച്ച: മുഖ്യപ്രതി മുംബൈയില്‍ അറസ്റ്റില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഹൈടെക് എ.ടി.എം കവര്‍ച്ചക്കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. റുമേനിയന്‍ ക്രയോവാ സ്വദേശി ഗബ്രിയേല്‍ മരിയന്‍ (47) ആണ് ചൊവ്വാഴ്ച 6.22 ഓടെ മുംബൈ-കേരള പൊലീസിന്റെ സംയുക്ത ഓപറേഷനില്‍ പിടിയിലായത്. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി അരുണിന്റെ അക്കൗണ്ടില്‍നിന്ന് 100 രൂപ പിന്‍വലിക്കുന്നതിനിടെ മുംബൈയിലെ സ്റ്റേഷന് പ്ളാസയിലെ എ.ടി.എം കൗണ്ടറില്‍നിന്നാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. തട്ടിപ്പു സംഘം ഉപയോഗിച്ച ബൈക്കുകളും പാസ്പോര്‍ട്ടിന്റെ പകര്‍പ്പുകളും കണ്ടെത്തി. നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള രണ്ട് സ്കൂട്ടറുകളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്.
പിടിയിലായ പ്രതിയുടെ കൂട്ടാളികളായ മറ്റ് രണ്ടുപേരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. കഴിഞ്ഞ ജൂണ്‍ 25നാണ് മരിയനും കൂട്ടാളികളും ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയത്. സെപ്റ്റംബര്‍ വരെയാണ് വിസാ കലാവധി. മുംബൈയില്‍ ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാത്രി വൈകിയും പൊലീസിന്റെ റെയ്ഡ് നടക്കുകയാണ്. ഇന്ന് ഇയാളെ കേരളത്തിലത്തെിക്കുമെന്ന് അറിയുന്നു.
റുമാനിയക്കാരായ വിക്ടര്‍ ക്രിസ്റ്റിന്, മരിയന്‍ ഗബ്രിയേല്‍, ഫ്ലോറിയന്‍ എന്നിവര്‍ ഇടപാടുകള്‍ നടത്തിയതു മുംബൈയിലെ കൊളാബയില്‍ നിന്നായിരുന്നു. പ്രതികളുടെ രാജ്യാന്തര ബന്ധം കണക്കിലെടുത്ത് അന്വേഷണത്തിനു ഇന്റര്‍പോളിന്റെ സഹായം തേടിയതായി എഡിജിപി ബി.സന്ധ്യ അറിയിച്ചിരുന്നു. എടിഎം തട്ടിപ്പ് അന്വേഷണത്തിന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
ഗബ്രിയേല്‍ മരിയന്‍, ബോഗ് ബീന്‍ ഫ്ളോറിയന്‍, കോണ്സ്റ്റാന്റിന് എന്നിവരാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കവര്‍ച്ചയുമായി ബന്ധപ്പെട്ട് 40 പരാതികളാണ് ലഭിച്ചത്. കൂടുതല്‍പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഹൈടെക് തട്ടിപ്പിനിരയായ ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ നല്‍കുമെന്ന് എസ്.ബി.ടി ഉറപ്പുനല്‍കി.
വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറില്‍നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞത്. ഇവര്‍ എ.ടി.എം കൗണ്ടറിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ലഭ്യമായത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തലസ്ഥാനത്ത് താമസിച്ച നക്ഷത്രഹോട്ടലില്‍ അന്വേഷണസംഘം എത്തിയത്. ഇവിടെനിന്ന് ലഭ്യമായ സിഫോമില്നിന്നാണ് പേരുവിവരങ്ങള്‍ ലഭിച്ചത്.