കിന്‍ഫ്രയില്‍ ബ്രൂവറി കമ്പനിക്ക് സ്ഥലം നല്‍കിയത് കോലിയക്കോട് കൃഷ്ണന് നായരുടെ മകന്; കമ്പനിക്ക് വിവരങ്ങള്‍ നല്‍കിയതില്‍ ഒരു തെറ്റുമില്ലെന്ന് ഉണ്ണിക്കൃഷ്ണന്
തിരുവനന്തപുരം: കിന്‍ഫ്രയില്‍ സ്ഥലം ബ്രൂവറി കമ്പനിക്ക് നല്‍കിയത് സിപിഐഎം സംസ്ഥാനസമിതിയംഗം കോലിയക്കോട് കൃഷ്ണന് നായരുടെ മകന് ഉണ്ണിക്കൃഷ്ണനാണെന്ന് സ്ഥിരീകരിച്ചു. കിന്‍ഫ്രയില്‍ സ്ഥലമുണ്ടെന്ന് ബ്രൂവറി കമ്പനിയെ അറിയിച്ചിരുന്നെന്ന് കിന്‍ഫ്ര ജനറല്‍ മാനേജര്‍ ഡോ. ഉണ്ണിക്കൃഷ്ണന് സമ്മതിച്ചു.
പവര്‍ ഇന്‍ഫ്രാടെകിന്റെ അപേക്ഷയ്ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്കി എന്നതിനെച്ചൊല്ലിയുള്ള ആരോപണത്തിന് കഴമ്പില്ലെന്ന് ഉണ്ണിക്കൃഷ്ണന് പ്രതികരിച്ചു. കിന്‍ഫ്രയില്‍ സ്ഥലമുണ്ടോ എന്ന് അന്വേഷിക്കുന്ന കമ്പനികളോട് സ്ഥലമുണ്ടെങ്കില്‍ ഉണ്ടെന്നും ഇല്ലെങ്കില്‍ ഇല്ലെന്നുമാണ് പറയാറുള്ളത്. പവര്‍ ഇന്‍ഫ്രാടെക് അന്വേഷണം നടത്തുമ്പോള്‍ സ്ഥലം ഉണ്ടായിരുന്നു. അത് അവരെ അറിയിക്കുക മാത്രമാണ് ചെയ്തത്. സ്ഥലം കൈമാറ്റം നടത്തി എന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. കമ്പനിക്ക് വിവരങ്ങള്‍ നല്‍കിയതില്‍ ഒരു തെറ്റുമില്ലെന്നും ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
പത്തേക്കര്‍ സ്ഥലമാണ് കമ്പനി ആവശ്യപ്പെട്ടത്. മറ്റ് വകുപ്പുകളുടെ കൂടി അനുമതി തേടിയ ശേഷം സ്ഥലം കൈമാറുന്ന കാര്യം അറിയിക്കാമെന്നാണ് ബ്രൂവറി കമ്പനിയോട് പറഞ്ഞിരുന്നത്- ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
2017 മാര്‍ച്ച് 27 നാണ് കിന്‍ഫ്രയില്‍ ഭൂമിക്കായി പവര്‍ ഇന്‍ഫ്രാടെക് സി എം ഡി അലക്സ് മാളിയേക്കല്‍ കിന്‍ഫ്ര ജനറല്‍ മാനേജര്‍ ( പ്രൊജക്റ്റി) ന് അപേക്ഷ നല്‍കുന്നത്. വെറും 48 മണിക്കൂറിനുള്ളില്‍ തന്നെ, അതായത് 28-3-2017 ന് തന്നെ അപേക്ഷ അനുവദിക്കാമെന്ന് പറഞ്ഞ് കത്ത് നല്‍കിയത്. തുടര്‍ന്ന് ഏപ്രില്‍ നാലിന് ഈ കത്തിന്റെ ബലത്തിലാണ് എക്സൈസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയത്. ഇത് പരിഗണിച്ചാണ് അപേക്ഷ എക്സൈസ് വകുപ്പ് അനുവദിച്ചത്. ഭൂമി അനുവദിക്കാന്‍ സന്നദ്ധമാണെന്നുള്ള കിന്‍ഫ്ര ജനറല്‍ മാനേജര്‍ പ്രോജക്റ്റിന്റെ കത്ത് കിന്‍ഫ്ര എം ഡി അറിഞ്ഞിരുന്നോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
തിരുവനന്തപുരത്തെ സിപിഐഎമ്മിലെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ് കോലിയക്കോട് കൃഷ്ണന് നായര്‍. കിന്‍ഫ്രയില്‍ ഭൂമി ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളെല്ലാം പാലിക്കാതെയാണ് അദ്ദേഹത്തിന്റെ മകന് നടപടി സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്. ഭൂമി അനുവദിക്കണമെങ്കില്‍ ജില്ലാതല വ്യവസായ സമിതി ചര്‍ച്ച ചെയ്യണം. ഇക്കാര്യത്തില്‍ അതുണ്ടായില്ല. പകരം എക്സ്പ്രസ് വേഗതയില്‍ അനുമതി കത്ത് നല്‍കുകയാണ് ഉണ്ടായത്. ആരുടെ താല്പര്യമാണ് ഇവിടെ നടപ്പായതെന്ന ചോദ്യമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല ഉയര്‍ത്തുന്നത്. ഇതോടെ സിപിഐഎം വലിയ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്.
കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന് ടി ഉണ്ണിക്കൃഷ്ണന് കിന്‍ഫ്ര അസി. മാനേജരായി ജോലി തരപ്പെടുത്തിയതും ഇപ്പോള്‍ ജനറല്‍ മാനേജരായി സ്ഥാനക്കയറ്റം നേടിയതും വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ബിജെപി നേതാവ് കെ സുരേന്ദ്രനാണ് ഇത്തരത്തിലൊരു ആരോപണം ഉണ്ടായത്. അന്ന് തന്റെ മകന് ഉണ്ണികൃഷ്ണന് നല്ല യോഗ്യതയുണ്ടെന്നാണ് കോലിയക്കോട് അവകാശപ്പെട്ടത്. ഇക്കാര്യത്തില്‍ അന്വേഷണവും നടന്നില്ല. അങ്ങനെ ഏറെ ആരോപണങ്ങള്‍ നേരിട്ട ഉണ്ണികൃഷ്ണനാണ് ഭൂമി നല്കല് വിവാദത്തിലും പെടുന്നത്. ബ്രൂവറി സ്ഥാപിക്കാന്‍ പവര്‍ ഇന്‍ഫ്രാടെക് കമ്പനിക്ക് കളമശേരി പാര്‍ക്കില്‍ 10 ഏക്കര്‍ ലഭ്യമാണെന്ന കത്തു നല്കിയതു കിന്‍ഫ്ര ജനറല്‍ മാനേജരാണെന്ന സൂചന നേരത്തെ പുറത്തു വന്നിരുന്നു. ഭൂമിയുടെ ലഭ്യത ആരാഞ്ഞു കമ്പനി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27നാണു കിന്‍ഫ്ര പ്രോജക്ട് ജനറല്‍ മാനേജരെ സമീപിച്ചത്. 48 മണിക്കൂറിനകം അനുകൂല മറുപടി ലഭിച്ചു (കിന്‍ഫ്ര/പിആര്‍ജെ/1617).
ഇക്കാര്യം തങ്ങള്‍ക്ക് അറിയില്ലെന്ന് കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്നത് ഉണ്ണികൃഷ്ണനെ കൂടുതല്‍ വിവാദത്തിലാക്കും. വ്യവസായ വകുപ്പ് അറിയാതെയായിരുന്നു കത്തെന്നു മന്ത്രി ഇ.പി. ജയരാജന്റെ പ്രതികരണത്തിലും വ്യക്തമാകുന്നു. മന്ത്രിയെ വരെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള നടപടി സിപിഐഎം ഉന്നതതല സമ്മര്‍ദത്തെ തുടര്ന്നായിരുന്നുവെന്നാണു സൂചന. കിന്‍ഫ്രയില്‍ ഭൂമി അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം അവഗണിക്കുകയും ചെയ്തു. ഈ ചര്‍ച്ചകള്‍ക്കിടെയാണ് ഉണ്ണിക്കൃഷ്ണന്, കോലിയക്കോടിന്റെ മകനാണെന്ന വസ്തുത പുറത്തു വരുന്നത്. കിന്‍ഫ്രയില്‍ ഭൂമി അനുവദിക്കണമെങ്കില്‍ ജനറല്‍ മാനേജര്‍ ചെയര്‍മാനായുള്ള ജില്ലാതല സമിതി ചേരണം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനും വ്യവസായ സെക്രട്ടറിയും സമിതിയില്‍ അംഗങ്ങളാണ്. എന്നാല്‍ ജില്ലാതല സമിതി ബ്രൂവറി അപേക്ഷകള്‍ ഇന്നേവരെ പരിഗണിച്ചിട്ടില്ലെന്നു കിന്‍ഫ്ര അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.
ജനറല്‍ മാനേജരുടെ അനുകൂല മറുപടി ആധാരമാക്കിയാണ് പ്രാഥമിക അനുമതിക്കുള്ള അപേക്ഷ പവര്‍ ഇന്‍ഫ്രാടെക് 2017 ഏപ്രില്‍ നാലിന് എക്സൈസ് കമ്മിഷണര്‍ക്കു സമര്‍പ്പിച്ചത്. ഭാവിയില്‍ ഭൂമി ലഭ്യമാകുമെന്ന കത്ത് മാത്രമാണ് അപേക്ഷയില്‍ ഉണ്ടായിരുന്നതെങ്കിലും എക്സൈസ് വകുപ്പ് ഇക്കാര്യത്തില്‍ കണ്ണടച്ചു. അങ്ങനെ അനുമതി പത്രവും കൊടുത്തു.
വിമര്‍ശനം ശക്തമാക്കി ചെന്നിത്തലയും
ആകപ്പാടെ നോക്കുമ്പോള്‍ ഈ ഇടപാടുകളിലെല്ലാം അസാധാരണത്വവും ദുരൂഹതയും നിലനില്‍ക്കുകയാണെന്ന് രമേശ് ചെന്നിത്തല പറയുന്നു. ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി നല്കിയ നാല് അപേക്ഷകളില്‍ രണ്ടെണ്ണത്തില്‍ സ്ഥലത്തിന്റെ കാര്യത്തില്‍ പോലും അവ്യക്തതയാണ്. മുന്‍ഗണന ക്രമം പാലിക്കാതെയാണ് അപേക്ഷകളില്‍ മേല്‍ തിരുമാനം എടുത്തത്. എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ല. ഇതെല്ലാം ഗൂഢാലോചനയുടെ തെളിവുകളാണ്. ഇതിനെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണം. എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനോട് ഞാന്‍ പത്ത് ചോദ്യങ്ങള്‍ ചോദിച്ചിട്ട് നാല്പ്പത്തെട്ട് മണിക്കൂര്‍ കഴിഞ്ഞു. ഒന്നിന് പോലും അദ്ദേഹം മറുപടി നല്‍കിയില്ല. പകരം എക്സൈസ് വകുപ്പിനെ കൊണ്ട് പത്രക്കുറിപ്പ് ഇറക്കിച്ചിരിക്കുകയാണ്. മന്ത്രി ഇങ്ങെനെ നിഴല്‍ യുദ്ധം നടത്തുന്നത് ശരിയല്ല. സത്യം തുറന്ന് പറയാന്‍ അദ്ദേഹത്തിന് മടിയുണ്ടാകാം. അതുകൊണ്ടാണ് അദ്ദേഹം ഒഴിഞ്ഞു മാറുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
എക്സൈസ് വകുപ്പിറിക്കിയ പത്രക്കുറിപ്പില്‍ എന്റെ ഒമ്പത് ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കിയെന്നാണ് പറയുന്നത്. മന്ത്രി എവിടെയാണ് മറുപടി നല്‍കിയത്? ഒരൊറ്റ ചോദ്യത്തിന് അദ്ദേഹത്തിന് മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ല. ആദ്യത്തെ ചോദ്യത്തിന് ഏ കെ ആന്റണിയോട് ചോദിക്കാനാണ് എക്സൈസ് വകുപ്പ് പത്രക്കുറിപ്പില്‍ ആവിശ്യപ്പെട്ടത്. 2003 ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ തൃശൂരില്‍ ചാലക്കുടിക്കടത്ത് ഷാവാലസ് കമ്പനിയുടെ സബ്സിഡിയറി കമ്പനിയായ മലബാര്‍ ബ്രൂവറീസിന് ബ്രൂവറി നടത്തുന്നതിന് ലൈസന്‍ലസ് നല്കിയ കാര്യമാണ് എക്സൈസ് വകുപ്പ് പറയുന്നത്. ഇക്കാര്യത്തില്‍ ഞാന്‍ ഇന്നലെ തന്നെ മറുപടി പറഞ്ഞതാണ്. ഇതിന്റെ പിതൃത്വം ഞങ്ങള്‍ക്കല്ല ഇടതു മുന്നണിക്കാണ്. 1998 ല്‍ ഇ കെ നയനാരുടെ കാലത്താണ് ഈ ബ്രൂവറിക്ക് അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച് ഷാവാലസ് അസിസ്റ്റന്റ് മാനേജര്‍ ഇടതു മുന്നണി സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. 15-7-1997 ലായിരുന്നു. അതിന്മേല് എക്സൈസ് കമ്മീഷണര്‍ 21-5-98 ല്‍ റിപ്പോര്‍ട്ട് നല്കി. അതിന്മേലാണ് 28-9-1998 ല്‍ നയനാര്‍ സര്‍ക്കാര്‍ ഈ ബ്രൂവറിക്ക് അനുമതി നല്‍കിയത് ചെന്നിത്തല പറയുന്നു.
സര്‍ക്കാര്‍ അനുമതി നല്കിക്കഴിഞ്ഞാല് പിന്നീടുള്ളതെല്ലാം സാങ്കേതിക കാര്യങ്ങളാണ്. മാനദണ്ഡങ്ങളെല്ലാം പാലിച്ച് ബ്രൂവറിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ എക്സൈസ് കമ്മീഷണര്‍ അതിന്റെ ലൈസന്‍സ് നല്‍കും. നയനാര്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം അനുസരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ആന്റണി സര്‍ക്കാരിന്റെ കാലത്തുണ്ടായത്. അല്ലാതെ ആന്റണി സര്‍ക്കാര്‍ ഒരു ബ്രൂവറിയും അനുവദിച്ചിട്ടില്ല. ഇടതു സര്‍ക്കാര്‍ ചെയ്ത പാതകം ഞങ്ങളുടെ തലയില്‍ കെട്ടിവച്ച് ഇപ്പോഴത്തെ വിവാദത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതണ്ടെന്നും ചെന്നിത്തല പറയുന്നു.