പൊലീസ് സ്റ്റേഷന് ചുമതലക്കാരുടെ നിയമനവും സ്ഥലംമാറ്റവും ഇനി ഡി.ജി.പി.യുടെ നിയന്ത്രണത്തില്‍
തൃശ്ശൂര്‍: സംസ്ഥാനത്തെ 268 പോലീസ് സ്റ്റേഷനുകളില്‍കൂടി സി.ഐ.മാര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരാകും. ഇതോടെ സ്റ്റേഷന് ചുമതലക്കാരുടെ നിയമനവും സ്ഥലംമാറ്റവും ഡി.ജി.പി.യുടെ നിയന്ത്രണത്തിലാകും. മുഴുവന്‍ സ്റ്റേഷനുകളിലും സി.ഐ.മാരെ സ്റ്റേഷന് ഹൗസ് ഓഫീസര്മാരാക്കാനുള്ള (എസ്.എച്ച്.ഒ.) ഉത്തരവ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
സംസ്ഥാനത്ത് 471 സ്റ്റേഷനുകളാണുള്ളത്. 196 സ്റ്റേഷനുകളില്‍ ഒരു കൊല്ലംമുമ്പ് സി.ഐ.മാരെ എസ്.എച്ച്.ഒ.മാരാക്കി. തിരുവനന്തപുരം വെസ്റ്റ്, പത്തനംതിട്ട, റാന്നി, പമ്പ, കൊച്ചി ഇന്‍ഫോപാര്‍ക്ക്, പാലക്കാട് നോര്‍ത്ത്, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനുകളുടെ ചുമതല വര്‍ഷങ്ങളായി സി.ഐ.മാര്‍ക്കാണ്.
ഇവയൊഴികെയുള്ളവയുടെ ചുമതല ഇതുവരെ എസ്.ഐ.മാര്‍ക്കായിരുന്നു. ഇവരുടെ നിയമനവും സ്ഥലംമാറ്റവും നിയന്ത്രിച്ചിരുന്നത് എസ്.പി.മുതല്‍ മേലോട്ടുള്ള ഉദ്യോഗസ്ഥരും. എന്നാല്‍, ഇനി ഡി.ജി.പി.ക്ക് കൂടി ബോധ്യപ്പെട്ടാല്‍മാത്രമേ സി.ഐ.യെ സ്ഥലംമാറ്റാനാവൂ.
നാഷണല്‍ പോലീസ് കമ്മിഷന് റിപ്പോര്‍ട്ട്, കെ.ടി. തോമസ് കമ്മിഷന് റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിഷ്കരണമാണ് ഇപ്പോള്‍ പൂര്‍ണതയിലെത്തിയത്. കമ്മിഷന് ശുപാര്‍ശകള്‍ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും നടപ്പാക്കിയപ്പോള്‍ കേരളം പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു.
ഇത് നടപ്പാക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മത്സരിച്ചത്. എന്നാല്‍, അധികാരത്തിലെത്തിയിട്ടും നടപ്പാക്കാന്‍ പല തടസ്സങ്ങളുണ്ടായി. ലോക്നാഥ് ബെഹ്റയുടെ ഡി.ജി.പി. ആയുള്ള രണ്ടാം വരവിനുശേഷമാണ് പദ്ധതിക്ക് ജീവന്‍വെച്ചത്.
ഇതുവരെ ഒന്നില്‍ക്കൂടുതല്‍ സ്റ്റേഷനുകളുടെ നിയന്ത്രണാധികാരമുണ്ടായിരുന്ന സി.ഐ.മാര്‍ക്ക് ഇനി ഒരു സ്റ്റേഷന്റെകാര്യം നോക്കിയാല്‍ മതി. ക്രമസമാധാനത്തിനും കേസന്വേഷണത്തിനും രണ്ട് എസ്.ഐ.മാരുണ്ടാവും.രണ്ടു സംവിധാനങ്ങളുടെയും മേല്‍നോട്ടം സി.ഐ.യ്ക്കായിരിക്കും. ഇതിനുപുറമേ ജനമൈത്രി, സ്റ്റുഡന്റ് പൊലീസ് തുടങ്ങിയവയുടെ നോഡല്‍ ഓഫീസര്‍ ചുമതലയുമുണ്ടാകും.