ആർത്തവസമയത്ത് ഇനി ഏതു ക്ഷേത്രത്തിലും കയറാം
കൊച്ചി: ആർത്തവ സമയത്തും ഇനി സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം സാധ്യമാകുന്നു. കേരള ഹിന്ദു ആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന്-ബി, സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് ആർത്തവ സമയത്തും സ്ത്രീകൾക്ക് ഇനി ക്ഷേത്ര ദർശനം നടത്താനുള്ള അനുമതി കിട്ടിയത്.
1965ൽ നിലവിൽ വന്ന കേരള ഹിന്ദു ആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന് (ബി) വകുപ്പു പ്രകാരമാണു ആര്‍ത്തവകാലത്തു സ്ത്രീകള്‍ക്കു ക്ഷേത്ര ദർശനത്തിനുള്ള വിലക്കേര്‍പ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം 1991ല്‍ കേരള ഹൈക്കോടതി ശരിവച്ചത്. തുടർന്ന് 2006ൽ യങ് ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷൻ എന്ന സംഘടനയാണ് ഹൈക്കോടതി വിധിക്കെതിരായി സുപ്രീം കോടതിയെ സമീപിച്ചത്.
ജീവശാസ്ത്രപരമായ കാരണത്താൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുന്നത് ഇന്ത്യൻ ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പായ 14, മത, ജാതി, സ്ഥലം, ഭാഷ എന്നിവയുടെ പേരിലുള്ള വിവേചനത്തെ തടയുന്ന വകുപ്പ് 15, തൊട്ടുകൂടായ്മ നിരോധിക്കുന്ന വകുപ്പ് 17 എന്നിവയുടെ ലംഘനമാണോ എന്ന പരിശോധനയായിരുന്നു പ്രധാനമായും ഭരണഘടനാ ബെഞ്ച് നടത്തിയത്.
വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്, എൻ.എസ്.എസ്, പന്തളം രാജകുടുംബം, പീപ്പിൾ ഫോർ ധർമ, റെഡി ടു വെയ്റ്റ്, അമിക്കസ് ക്യൂറി രാമമൂർത്തി തുടങ്ങിയവർ ആചാരങ്ങളിൽ തൽസ്ഥിതി തുടരണമെന്ന് വാദിച്ചു. മുഖ്യഹർജിക്കാർക്കു പുറമേ അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ, ഹാപ്പി ടു ബ്ലീഡ് എന്ന സംഘടന തുടങ്ങിയവർ സ്ത്രീപ്രവേശനത്തിനു വേണ്ടി ശക്തമായി വാദിച്ചു. സുദീർഘമായ വാദപ്രതിവാദങ്ങൾക്കു ശേഷം ഈ ഓഗസ്റ്റ് ഒന്നിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് വിധിപറയാൻ മാറ്റിയത്.
തുടർന്നാണ് ശബരിമലയിൽ സ്ത്രീപ്രവേശനവും ആർത്തവ കാലത്ത് വിലക്കേർപ്പെടുത്തുന്ന ചട്ടം റദ്ദാക്കികൊണ്ടും സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ശാരീരികവും ജൈവികവുമായ പ്രത്യേകതകള്‍ വിവേചനത്തിന് കാരണമാകരുത്. സ്ത്രീകളെ ശബരിമലയില്‍ അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ ലംഘനവും 21ാം വകുപ്പിന്റെ ലംഘനവുമാണ്. 41 ദിവസത്തെ വൃതം സ്ത്രീകള്‍ക്ക് എടുക്കാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും സ്ത്രീകളെ ദുര്‍ബലരായി കാണുന്നതാണ് ഈ വാദമെന്നും സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി.
ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം ആകാമെന്ന് അഞ്ചംഗ ഭരണഘടാന ബെഞ്ചിലെ നാല് ജഡ്ജിമാര്‍ ഏകാഭിപ്രായം പുലര്‍ത്തിയപ്പോള്‍ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ശക്തമായ വിയോജിപ്പു രേഖപ്പെടുത്തിയതും ശ്രദ്ധേയമായി. മതവികാരങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാവും അഭികാമ്യമെന്നും വിശ്വാസത്തിൽ യുക്തിക്ക് സ്ഥാനമില്ലെന്നും അവർ പ്രത്യേകം പുറത്തിറക്കിയ വിധി പ്രസ്താവത്തിൽ രേഖപ്പെടുത്തി.