ശബരിമല: കോടതി വിധി നിരാശജനകമെന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും
കൊച്ചി: പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നിരാശജനകമെന്ന് തന്ത്രി കുടുബം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് മലചവിട്ടാമെന്ന വിധി നിരാശയുണ്ടാക്കുന്നുവെന്ന് തന്ത്രി രാജീവ് കണ്ഠരര് രാജീവര് പ്രതികരിച്ചു. അതേസമയം, കോടതി വിധി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. വിധിക്കെതിരെ നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് തന്ത്രി കുടുംബാംഗമായ രാഹുൽ ഈശ്വറും വ്യക്തമാക്കി.
എന്നാൽ ആചാരത്തിൽ കോടതി ഇടപെട്ടത് ശരിയല്ലെന്നായിരുന്നു പന്തളം രാജകുടുംബത്തിന്റെ പ്രതികരണം. വിശ്വാസികളുടെ താല്പര്യം കണക്കിലെടുത്തില്ലെന്നും പന്തളം രാജകുടുംബം പ്രതികരിച്ചു. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
സുപ്രീം കോടതി വിധി അംഗീകരിക്കേണ്ടി വരുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശന്. എന്നാല്‍ വിധി നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സുപ്രീം കോടതി വിധിയില്‍ സമന്വയത്തിന്റെ അന്തരീക്ഷം ഉണ്ടാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരന് പിളള പറഞ്ഞു. സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തിലേക്ക് ദേവസ്വം ബോര്‍ഡ് പോകരുതെന്നും ബിജെപി.
നേരത്തെ, സുപ്രീം കോടതിയുടെ ഉത്തരവ് പൂർണമായും നടപ്പിലാക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി ചരിത്രപരമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിധിയെ സ്വാഗതം ചെയ്യുന്നു. എന്നാൽ സർക്കാരല്ല ദേവസ്വം ബോർഡാണ് സുപ്രീം കോടതി വിധി നടപ്പാക്കേണ്ടതെന്നും കടകംപള്ളി പ്രതികരിച്ചു. സ്ത്രീകളുടെ ഭരണഘടനപരമായ അവകാശങ്ങൾ സംരക്ഷിക്കുന്ന സുപ്രധാന വിധിയാണിതെന്ന് മന്ത്രി ജി.സുധാരകരനും പ്രതികരിച്ചു.
പ്രായഭേദ്യമില്ലാതെ സ്ത്രീകൾക്ക് ശബരിലയിൽ പ്രവേശിക്കാമെന്ന് സുപ്രീം കോടതിയുടെ ചരിത്ര വിധി. ശാരീരിക ഘടനയുടെ പേരിൽ ആർക്കും മതസ്വാതന്ത്ര്യം നിഷേധിക്കാൻ പാടില്ല. വർഷങ്ങൾ നീണ്ട വിശ്വാസങ്ങൾ ആയാലും തിരുത്താവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീപ്രവേശന നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് വിധി.
ശബരിമലയിലെ ആചാരങ്ങള്‍ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ ഭാവവുമായി ബന്ധപ്പെട്ടതാണെന്ന വാദത്തിലൂന്നിയാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും, തന്ത്രികുടുംബവും, പന്തളം രാജകൊട്ടാരവും, നായര്‍ സര്‍വീസ് സൊസൈറ്റിയും സ്ത്രീപ്രവേശനം പാടില്ലെന്ന നിലപാട് വ്യക്തമാക്കിയത്. പത്തിനും അന്‍പതിനുമിടയ്ക്ക് പ്രായമുളള സ്ത്രീകളെ വിലക്കുന്നത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമാണെന്ന് തന്ത്രി വ്യക്തമാക്കിയിരുന്നു.