ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം
ന്യൂഡല്‍ഹി : ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി. 12 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം പൂര്‍ത്തിയാക്കിയശേഷം വിധിപറയുന്നത്. ജസ്റ്റിസുമാരായ ആര്.എഫ്. നരിമാന്, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍.
ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധാനലായ പ്രവേശന ചട്ടത്തിലെ 3 ബി വകുപ്പ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഈ വകുപ്പ് അനുസരിച്ചാണ് കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് റദ്ദാക്കിയാല്‍ ശബരിമലയെ മാത്രമല്ല മുഴുവന്‍ ക്ഷേത്രങ്ങളെയും അത് ബാധിക്കും.
പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് സ്ത്രീകള്‍ക്ക് ഭരണഘടന നല്കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരായ യങ് ലോയേഴ്സ് അസോസിയേഷന് സുപ്രീം കോടതിയില്‍ ഉന്നയിച്ച പ്രധാന വാദം.
ക്ഷേത്രത്തില്‍ സ്ത്രീകളെ വിലക്കുന്നതു ഭരണഘടനാ വിരുദ്ധമെന്ന് വാദത്തിനിടെ സുപ്രീം കോടതിയും പറഞ്ഞിരുന്നു. ക്ഷേത്രത്തില്‍ എല്ലാവര്ക്കും പോകാം. ശബരിമലയില്‍ എന്തുകൊണ്ടാണ് യുവതികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.
ശബരിമല മറ്റേതൊരു ക്ഷേത്രവും പോലെതന്നെയാണെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഹിന്ദുവിശ്വാസം പിന്തുടരുന്ന ശബരിമലയില്‍ വിവേചനമില്ലാതെ എല്ലാവര്ക്കും പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്നും ശബരിമല പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്ഷേത്രമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.