സര്‍പ്രൈസ് പൊളിച്ച് ബ്ലാസ്റ്റേഴ്സ്; പുതിയ ജെഴ്സിയുമായി താരങ്ങള്‍; സച്ചിന് പകരം ലാലേട്ടനും
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ കിക്കിന് കണ്ണുകള്‍ കൂര്‍പ്പിച്ച് കാത്തിരിക്കുകയാണ് ആരാധകര്‍. ആരവങ്ങള്‍ക്ക് ഇനി രണ്ടുനാളുകള്‍ മാത്രമാണ് ബാക്കി. ആരാധകരെ വരവേല്‍ക്കാന്‍ ഗ്യാലറകളും ഒരുങ്ങി കാത്തിരിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ ഐഎസ്എല്‍ പുതിയ സീസണിന്റെ ജെഴ്സികള്‍ അവതരിപ്പിച്ചു. കൊച്ചിയിലെ ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തിലാണ് ചടങ്ങ് നടന്നത്. ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസ് നല്‍കിയാണ് ബ്ലാസ്റ്റേഴ്സ് ചടങ്ങ് നടത്തിയത്. സച്ചിന് പോയെങ്കിലെന്താ ബ്ലാസ്റ്റേഴ്സ് പുതിയ ബ്രാന്‍ഡ് അംബാസഡര്‍ ആയി മലയാളികളുടെ പ്രിയ നടന് ടീമിലെത്തി.
കഴിഞ്ഞ വര്‍ഷത്തെ കിറ്റ് പാര്‍ട്ണര്‍ ആയിരുന്ന അഡ്മിറലിന്റെ തന്നെ six5six ആണ് ഈ വര്‍ഷത്തെയും ബ്ലാസ്റ്റേഴ്സിന്റെ കിറ്റ് പാര്‍ട്ണര്‍. ക്ലോസ്ഡ് സെറിമണി ആയി നടത്തിയ പരിപാടികള്‍ മാധ്യമങ്ങളില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. സെപ്റ്റംബര്‍ 29നാണ് ഈ വര്‍ഷത്തെ ഐഎസ്എല്‍ സീസണ് ആരംഭിക്കുന്നത്. ഇത്തവണ പതിവിന് വിപരീതമായി ലീഗിനിടയില്‍ ഇടവേളകളുണ്ടാകും. ഇന്ത്യയുടെ ഫിഫ സൗഹൃദ മത്സരങ്ങള്‍ നടതക്കുന്നതിനാല് ഡിസംബര്‍ പകുതിയോടെ നിര്‍ത്തിവയ്ക്കുന്ന ഐഎസ്എല്‍ ഫെബ്രുവരി മൂന്നാം തീയതി പുനരാരംഭിക്കൂം.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറുടെ സാന്നിധ്യമായിരുന്നു നേരത്തെ ബ്ലാസ്റ്റേഴ്സിന്റെ ആവേശം. എന്നാല്‍, ടീമില്‍ തനിക്കുള്ള ഓഹരികളല്ലാം ഇക്കുറി സച്ചിന് വിറ്റൊഴിഞ്ഞു. തെന്‍ഡുല്‍ക്കറുടെ കൈയ്യിലുണ്ടായിരുന്ന 20 ശതമാനം ഓഹരികളും ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രസാദ് ഗ്രൂപ്പിനാണ് കൈമാറിയത്. ഇവര്‍ക്ക് നേരത്തെ 80 ശതമാനം ഓഹരികളുണ്ടായിരുന്നു.
ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങള്‍
ഗോള്‍ കീപ്പര്‍: ധീരജ് സിംഗ്, നവീന്‍ കുമാര്‍, സുജിത് എം എസ്
ഡിഫന്‍സ്: സന്ദേശ് ജിങ്കന്, അനസ് എടത്തൊടിക, സിറില്‍ കാലി, ലാല്‍റുവത്താര, മുഹമ്മദ് റാകിപ്, ലാകിച് പെസിച്, പ്രിതം സിംഗ്
മിഡ്ഫീല്‍ഡ്: പെകൂസണ്, ഋഷി ദത്ത്, നേഗി, നര്‍സാരി, കിസിറ്റോ, ലോകന്‍ മീതെ, സൈനന്‍ ദോംഗല്‍, സഹല്‍, നികോള, പ്രശാന്ത്, സൂരജ് രാവത്, എം പി സക്കീര്‍
ഫോര്‍വേഡ്: സി കെ വിനീത്, മറ്റെഹ് പൊപ്ലാനിക്, സ്ലാവിസിയ എന്നിവരടങ്ങുന്നതാണ് ബ്ലാസ്റ്റേഴ്സ് ടീം.