ആധാര്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദമെന്ന് സുപ്രീംകോടതി; പൗരന്മാര്ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലത്; ആധാര്‍ വിവരങ്ങള്‍ നല്കുന്നതില് നിയന്ത്രണം; സെക്ഷന്‍ 33(2), 57 റദ്ദാക്കി
പൗരന്മാര്ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്ന് സുപ്രീംകോടതി. ആധാര്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദം. ആധാറില്‍ കൃത്രിമം അസാധ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.ആധാര്‍ നിയമത്തിലെ 33(2) , സെക്ഷന്‍ 57 എന്നിവ റദ്ദാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. സെക്ഷന്‍ 57 പ്രകാരം ആധാര്‍ വിവരങ്ങള്‍ കേന്ദ്രത്തിനും കോര്‍പ്പേറ്റിനും കൈമാറുന്നതിന് തടസമില്ലായിരുന്നു. ഇത് സുപ്രീം കോടതി റദ്ദാക്കി. ദേശീയ സുരക്ഷയ്ക്ക് ആവശ്യമായ സാഹചര്യത്തില്‍ ജോയിന്റ് സെക്രട്ടറിക്ക് പൗരന്മാരുടെ വിവരങ്ങള്‍ കൈമാറുന്നതിന് തടസമില്ലെന്നാണ് 33(2) വകുപ്പില്‍ പറഞ്ഞിരുന്നത്. ദേശീയ സുരക്ഷയുടെ പേരില്‍ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗിക്കുന്നതിനുള്ള സാധ്യത പരിഗണിച്ചാണ് സുപ്രീം കോടതി റദ്ദാക്കിയത്.
വിധി പ്രസ്താവം നടത്തിയത് ജസ്റ്റിസ് എ.കെ.സിക്രിയാണ്. ചീഫ് ജസ്റ്റിസിന് കൂടിവേണ്ടിയാണ് ജസ്റ്റിസ് സിക്രി വിധി പ്രസ്താവം നടത്തിയത്. അഞ്ചംഗ ബെഞ്ചില്‍ 3 ജഡ്ജിമാര്‍ക്കും ഒരേ അഭിപ്രായമാണ്. ആധാര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണെന്ന് എ.കെ.സിക്രി പറഞ്ഞു. ചുരുങ്ങിയ വിവരങ്ങള്‍ മാത്രമാണ് ആധാറിന് വേണ്ടി ശേഖരിക്കുന്നത്. ആധാര്‍ വിവരശേഖരണം പിഴവുകളില്ലാത്തതാണ്. ആധാര്‍ അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ ശാക്തീകരിക്കുമെന്നും ജസ്റ്റിസ് സിക്രി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ സഹായകമാണ്. പൗരന്മാരുടെ അവകാശങ്ങളുടെ മേല്‍ പരിമിതമായ നിയന്ത്രണങ്ങളാകാം. കുട്ടികളുടെ വിവരം ശേഖരിക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം വേണം. സ്കൂള്‍ പ്രവേശനത്തിന് ആധാര്‍ ബാധകമാക്കരുത്. സിബിഎസ്സി, നീറ്റ്, യുജിസി പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാവില്ല.
വിധി പ്രസ്താവത്തില്‍ 40 പേജാണുള്ളത്. ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്യുന്ന 27 ഹര്‍ജികളിലാണ് വിധി. 38 ദിവസം നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്.
ആധാര്‍പദ്ധതി പൗരന്റെ സ്വകാര്യതയ്ക്ക് നേരേയുള്ള കടന്നുകയറ്റമാണെന്നാണ് പൊതുതാല്പര്യ ഹര്‍ജികളിലെ പ്രധാനവാദം. എന്നാല്‍, ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കാനാണ് ആധാര്‍ നടപ്പാക്കുന്നതെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്. പൗരന്റെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണോ, സ്വകാര്യതയ്ക്കും അന്തസായി ജീവിക്കാനുമുള്ള മൗലികാവകാശം നിഷേധിക്കുന്നുണ്ടോ, ആധാര്‍ നിര്‍ബന്ധമാക്കണമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് പ്രധാനമായും അഞ്ചംഗഭരണഘടനാബെഞ്ച് ഉത്തരം നല്‍കിയത്. ആധാര്‍നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമാണെന്നുമായിരുന്നു ഉയര്‍ന്ന ആരോപണങ്ങള്‍. നവജാതശിശുക്കള്‍ അടക്കം രാജ്യത്തെ തൊണ്ണൂറ്റിയഞ്ച് ശതമാനം പേരും ആധാര്‍കാര്‍ഡ് എടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അതീവ നിര്‍ണായകമാണ് കോടതി വിധി.
സ്വകാര്യതയുടെ പേരു പറഞ്ഞ് രാജ്യത്തെ മുപ്പതുകോടി ദരിദ്രരുടെ ഭക്ഷണത്തിനും ജീവിക്കാനുമുള്ള മൗലികാവകാശം ലംഘിക്കാനാകില്ലെന്ന നിലപാടില്‍ ഊന്നിയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദിച്ചത്. ആധാര്‍വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്താന്‍ തുറന്നകോടതിയില്‍ പവര്‍പോയിന്റ് പ്രസന്റേഷനും നടത്തി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആധാര്‍വിവരം കൈമാറുമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി സിഇഒ അജയ് ഭൂഷണ് പാണ്ഡെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ആധാര്‍ നമ്പര്‍ ക്ഷേമപദ്ധതികളുമായും സേവനങ്ങളുമായും ബന്ധിപ്പിച്ചതോടെ ലക്ഷകണക്കിന് വ്യാജന്മാരെ കണ്ടെത്തിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഇടനിലക്കാര്‍ തട്ടിയെടുക്കാതെ ജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിനാണ് ആധാര്‍പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിനുമേലെ അല്ല. പൊതുതാല്പര്യത്തിനല്ല, സ്വകാര്യതയ്ക്കാണ് മുന്‍തൂക്കം നല്കുന്നതെങ്കില് ആധാര്‍ പിന്‍വലിക്കാമെന്ന് ഒരവസരത്തില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറയുന്ന സാഹചര്യമുണ്ടായി.
ആധാര്‍വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ഏജന്‍സിയും, എന്റോള്‍മെന്റ് ഏജന്‍സികളും സുരക്ഷിതമാണോയെന്ന് വാദത്തിനിടെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചിരുന്നു. ഇതിന് പവര്‍പോയിന്റ് പ്രസന്റേഷനിലൂടെയാണ് കേന്ദ്രം മറുപടി നല്‍കിയത്. ഏഴുവര്‍ഷത്തിനിടെ ഒരുതവണ പോലും ഡേറ്റ ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി സിഇഒ അജയ് ഭൂഷണ് പാണ്ഡെ വ്യക്തമാക്കി. കേന്ദ്രീകൃത ഇടത്താണ് ഡേറ്റ ശേഖരിക്കുന്നതെന്നും , പന്ത്രണ്ട് അക്ക ആധാര്‍നമ്ബര്‍, പൗരന് മരിച്ചാലും മറ്റൊരാള്‍ക്ക് കൈമാറുകയില്ലെന്നും സിഇഒ അറിയിക്കുകയുണ്ടായി.