പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം; പത്ത് സംസ്ഥാനങ്ങളില്‍ നിന്ന് പ്രദേശിക പാര്‍ട്ടികളുടെ ഉന്നത നേതാക്കള്‍ പങ്കെടുത്തു
ന്യൂഡല്‍ഹി: ലോക്സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ സംഖ്യം രൂപീകരിക്കുന്നതിന് കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ബിജെപിയെ ഏതുവിധേനേയും തോല്‍പ്പിക്കാനുള്ള രാഷ്ട്രീയ സംഖ്യങ്ങള്‍ക്ക് പദ്ധതികള്‍ ഒരുങ്ങുന്നു. ഇത്തവണ ഏതുവിധേനേയും അധികാരം പിടിച്ചെടുക്കാന്‍ മത്സരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. രണ്ട് പാര്‍ട്ടികളും ഒപ്പത്തിനൊപ്പം തന്ത്രങ്ങള്‍ ഒരുക്കിയാണ് തെരെഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്.
തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് പ്രാദേശിക സഖ്യങ്ങള്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. പത്ത് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരുമെന്ന് ഉറപ്പുള്ള പാര്‍ട്ടികളുടെ പ്രതിനിധികളുമായാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം യോഗം ചേര്‍ന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, അശോക് ഗെലോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ബിഹാര്‍, ഉത്തര്‍ പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, അസം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികളെയാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
ഒരുദിവസം നീളുന്ന യോഗം രണ്ട് ഘട്ടങ്ങളായാണ് നടക്കുന്നത്. പത്ത് സംസ്ഥാനങ്ങളില്‍ സാധ്യമായ സഖ്യങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ രൂപവത്കരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. അഞ്ച് സംസ്ഥാനങ്ങളിലെ നേതാക്കള്‍ രാവിലെയും ബാക്കിയുള്ളവര്‍ വൈകിട്ട് അഞ്ചിന് ശേഷവും യോഗത്തില്‍ പങ്കെടുക്കും. ഒരോ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്ക് 30 മിനിറ്റാണ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്. പ്രാദേശിക പാര്‍ട്ടികളോട് സഖ്യത്തേക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, അശോക് ഗെലോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. അതേസമയം, സ്വന്തം മണ്ഡലമായ അമേഠിയില്‍ ആയിരുന്നതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുത്തില്ല.
ചൊവ്വാഴ്ച അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസുമായി മായാവതിയുടെ ബിഎസ്പി സഖ്യത്തിലേര്‍പ്പെട്ടിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് യോഗം വിളിച്ചുചേര്‍ത്തതെന്നാണ് വിവരം. മധ്യപ്രദേശിലും പ്രതിപക്ഷ സഖ്യത്തിനോട് താല്പര്യം കാണിക്കാതെ മായാവതി സ്വന്തമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.