ഫ്രാങ്കോ മുളയ്ക്കലിനെ കോടതി ശിക്ഷിച്ചാലും ബിഷപ് പദവി മാറ്റാനാകില്ല
കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി ശിക്ഷിച്ചാലും കത്തോലിക്കാസഭാ ചട്ടങ്ങളും പാരമ്പര്യവും അനുസരിച്ചു പൗരോഹിത്യം നഷ്ടമാകുന്നില്ല, പൗരോഹിത്യത്തിന്റെ പൂര്‍ണതയെന്ന മെത്രാന് പട്ടവും. പേരിനൊപ്പം ‘ബിഷപ്’ എന്നു ചേര്‍ക്കുന്നതും വിലക്കാനാവില്ല.
പക്ഷേ, സഭാപരമായ ചുമതലകളില്‍നിന്നും രൂപതകളുടെ അജപാലന, ഭരണച്ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്താനാകും. ജലന്ധര്‍ രൂപതയുടെ ചുമതലകള്‍ ബിഷപ് ഫ്രാങ്കോ ഒഴിഞ്ഞെങ്കിലും കേസില്‍ കുറ്റമുക്തനാക്കപ്പെട്ടാല്‍ തിരിച്ചുവരവിനു സാധ്യതയുണ്ട്. ശിക്ഷിക്കപ്പെട്ടാല്‍ തിരിച്ചുവരവ് ഉണ്ടാകില്ല.
താൽക്കാലികമായി അജപാലന ചുമതലയിൽനിന്നു മാറിയെങ്കിലും ബിഷപ് ഫ്രാങ്കോ ഇപ്പോഴും ജലന്തർ രൂപതാധ്യക്ഷനാണ്. ആ സ്ഥാനത്തുനിന്ന് അദ്ദേഹം സ്വമേധയാ രാജിവയ്ക്കുമോ അതോ, സഭ ആവശ്യപ്പെടേണ്ടിവരുമോ എന്നാണു വ്യക്തമാവാനുള്ളത്.
സഭയുടെ അന്വേഷണം
പൊലീസ് അന്വേഷിച്ചു റിപ്പോർട്ട് നൽകിയാലുടനെ സഭയുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകുമെന്നാണ് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) കഴിഞ്ഞദിവസം വ്യക്തമാക്കിയത്. അറസ്റ്റുണ്ടായ സ്ഥിതിക്കു വത്തിക്കാന്റെ നടപടികൾക്കു വേഗം കൂടുമെന്നാണു സഭാവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അന്വേഷണത്തിനു വത്തിക്കാൻ ചിലരെ ചുമതലപ്പെടുത്തിക്കഴിഞ്ഞെന്നു സൂചനയുണ്ട്. എന്നാൽ, ഇതു സ്ഥിരീകരിക്കാൻ സഭാനേതൃത്വം തയാറായിട്ടില്ല. അന്വേഷകരുടെ നടപടികളും റിപ്പോർട്ടും രഹസ്യസ്വഭാവമുള്ളതാണ്.
സഭയുടെ നടപടികള്‍
കുറ്റത്തിന്റെ ഗൗരവമനുസരിച്ച്, രൂപതയുടെ ചുമതലയിൽനിന്നു മാറ്റുകയെന്നതാണു ബിഷപ് ഫ്രാങ്കോയ്ക്കു സഭയിൽ നിന്നുണ്ടാകാവുന്ന പ്രധാന നടപടി. കേസിൽ വിചാരണക്കോടതിയുടെ വിധിക്കുമുൻപേ ബിഷപ് ഫ്രാങ്കോ രൂപതാധ്യക്ഷസ്ഥാനം ഒഴിയുന്നില്ലെങ്കിൽ വിധി വന്നാലുടനെ സഭയുടെ തീരുമാനവും വരാം. രൂപതാധ്യക്ഷ സ്ഥാനത്തുനിന്നു പുറത്താക്കുകയല്ല, ‘നിഷേധിക്കാനാവാത്ത അഭ്യർഥന’യിലൂടെ രാജിക്കു പ്രേരിപ്പിക്കുകയാണു സഭ ചെയ്യുന്നത്. അതിനു വഴങ്ങുന്നില്ലെങ്കിൽ മാത്രമേ അച്ചടക്ക നടപടിയുടെ സ്വഭാവം കൈവരുന്നുള്ളൂ.
വിധി ബിഷപ് ഫ്രാങ്കോയ്ക്ക് അനുകൂലമെങ്കിൽക്കൂടി അദ്ദേഹത്തെ ഏതെങ്കിലും രൂപതയുടെ ചുമതലയിൽ തുടരാൻ അനുവദിച്ചേക്കില്ലെന്നാണു സഭാവൃത്തങ്ങൾ പറയുന്നത്. പരിവർത്തനത്തിന് അവസരം നൽകാൻ സഭ താൽപര്യപ്പെടും. പരസ്യമായ അജപാലന ചുമതലകൾ വീണ്ടും ലഭിക്കണമെന്നില്ല. ഉത്തരേന്ത്യയിലെ ഒരു രൂപതാധ്യക്ഷനെ സഭാവ്യവസ്ഥകൾ ലംഘിച്ചുവെന്ന കുറ്റത്തിന് ഏതാനും വർഷംമുൻപു രാജിവയ്പിച്ചിരുന്നു. അദ്ദേഹമിപ്പോൾ പ്രാർഥനാ ജീവിതത്തിലാണ്.
ഒരിക്കൽ മെത്രാൻപട്ടം ലഭിച്ചാൽ അതു മായാത്ത മുദ്രയായി നിലനിൽക്കുമെന്നാണു സഭയുടെ വിശ്വാസവും നിയമവും. അസാധാരണ സാഹചര്യത്തിൽ പട്ടം അസാധുവാക്കാം. അതിനു വത്തിക്കാനിലെ വിശ്വാസ തിരുസംഘത്തിന്റെ ചുമതലയിലുള്ളതും അവസാനം മാർപാപ്പയുടെ അംഗീകാരം നേടേണ്ടതുമായ നടപടിക്രമങ്ങളുണ്ട്.
കേരളത്തിൽ ഏതാനും വർഷംമുൻപു വിവാദത്തിലായ കത്തോലിക്കാ ബിഷപ്പിനെ അജപാലന ചുമതലകളിൽനിന്ന് ഒഴിവാക്കി റോമിലേക്കു മാറ്റുകയാണു സഭ ചെയ്തത്.