രണ്ട് വര്‍ഷത്തിനിടയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചത് 13 തവണ; തെളിവുകള്‍ അക്കമിട്ട് നിരത്തുന്ന റിമാന്‍ഡ് റിപ്പോര്‍ട്ട്; വൈദ്യ പരിശോധന പൂര്‍ത്തിയായി; നാളെ തെളിവെടുപ്പ്; ബിഷപ്പിന്റെ കുരുക്ക് മുറുകുന്നു
ലൈംഗികപീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതി രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബിഷപ്പ് രണ്ടുവര്‍ഷത്തിനിടെ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വസ്ത്രങ്ങളും ലാപ്ടോപ്പും കണ്ടെത്തണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടില്‍ അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും അക്കമിട്ട് നിരത്തുന്നു. ബിഷപ്പിനെ ലൈംഗികശേഷി പരിശോധയ്ക്ക് വിധേയനാക്കണം. ഭീഷണി കാരണമാണ് കന്യാസ്ത്രീ ആദ്യം നിശബ്ദത പാലിച്ചത്. പരാതിപ്പെട്ടത് സഭ വിടേണ്ട സാഹചര്യമുണ്ടാക്കിയപ്പോള്‍ ആണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതിനിടെ ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവന്നു തുടങ്ങി. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാലാ കോടതിയിലാണ് പ്രോസിക്യൂഷന് പുതിയ പരാതികളുടെ വിവരം അറിയിച്ചത്.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ഉച്ചയോടെയാണ് പാലാ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് ബിഷപ്പിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പാലാ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ച കോടതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. വിധിക്ക് ശേഷം ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി.
രക്തസാംപിളും ഉമിനീര് സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് ബിഷപ്പ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. കസ്റ്റഡി അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നായിരുന്നു ബിഷപ്പിന്റെ വാദം. കോട്ടയം മെഡിക്കല്‍ കോളെജില്‍നിന്ന് ചികിത്സ രേഖകള്‍ ശേഖരിച്ചതിനുശേഷമാണ് ബിഷപ്പിനെ കോടതിയിലെത്തിച്ചത്.
തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയായി. കോട്ടയം മെഡിക്കല്‍ കോളെജിലാണ് ലൈംഗിക ക്ഷമതാ പരിശോധനയും ഡിഎന്‍എ പരിശോധനയും നടത്തിയത്. പരിശോധനയ്ക്ക് ശേഷം ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി.
അതേസമയം, ബിഷപ്പിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതിനെതിരെ അഭിഭാഷകന് മന്ദീപ് സിംഗ് സച്ച്ദേവ്. ബിഷപ്പിനെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടത് ഉചിതമായില്ലെന്ന് അഡ്വക്കേറ്റ് മന്ദീപ് സിംഗ് സച്ച്ദേവ് പറഞ്ഞു. ബിഷപ്പിനെ നാല് ദിവസം ചോദ്യം ചെയ്തിട്ടുണ്ട് ഇനിയും പൊലീസ് കസ്റ്റഡിയില്‍ വിടേണ്ട ആവശ്യമില്ലെന്ന് മന്ദീപ് സിംഗ് പറഞ്ഞു. കേസില്‍ ഡിഎന്‍എ പരിശോധന ഗുണം ചെയ്യില്ലെന്നും കാലപ്പഴക്കം ചെന്ന കേസില്‍ പ്രതിയുടെ ഉമിനീരും രക്തവും എടുക്കുന്നത് ശരിയല്ലെന്നും ജലന്ധറിലെ അഭിഭാഷകന് കൂട്ടിച്ചേര്‍ത്തു.
ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും പരിഗണിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. മൂന്നുദിവസം ചോദ്യം ചെയ്തതിനാല്‍ കസ്റ്റഡിയില്‍ നല്‍കരുതെന്നായിരുന്നു ബിഷപ്പ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയത്. കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ബിഷപ്പിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ട് തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലും തൃപ്പൂണിത്തുറ ജില്ലാശുപത്രിയിലും നടത്തിയ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടിരുന്നു. ഇതില്‍ ആശങ്കപ്പെടാനില്ലെന്നും ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നുള്ള വ്യതിയാനം മാത്രമാണെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.