ഗോൾഡൻ ഗ്ലോബ് പ്രയാണം: അപകടത്തിൽപ്പെട്ട അഭിലാഷ് ടോമി സുരക്ഷിതൻ
പ്രയാണത്തിനിടെ കാണാതായ അഭിലാഷ് ടോമി സുരക്ഷിതൻ.നേരത്തെ അഭിലാഷ് ടോമി പെർത്തിൽ നിന്നു 3000 കിലോമീറ്റർ പടിഞ്ഞാറു വച്ച് അപകടത്തിൽപ്പെട്ടിരുന്നു
പെർത്ത്: പായ്വഞ്ചിയില് ഗോള്‍ഡണ്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്നതിനിടെ കാണാതായ മലായാളി നാവികന് അഭിലാഷ് ടോമി സുരക്ഷിതന്‍. ഇത് സംബന്ധിച്ച് അദ്ദേഹത്തില്‍ നിന്ന് സന്ദേശം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. അടിയന്തിര സന്ദേശത്തിന്റെ റേഡിയോ ബീക്കണ്‍ സംവിധാനവും ജിപിഎസ് സംവിധാനവും പ്രവര്‍ത്തന ക്ഷമമാണെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ അഭിലാഷ് ടോമി പെർത്തിൽ നിന്നു 3000 കിലോമീറ്റർ പടിഞ്ഞാറു വച്ച് അപകടത്തിൽപ്പെട്ടിരുന്നു. ആദ്യ രക്ഷാപ്രവർത്തനഘട്ടത്തിൽ അഭിലാഷുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. പായ്വഞ്ചിയുടെ കഴ തകർന്നുവെന്നും തന്റെ മുതുകിന് പരുക്കേറ്റെന്നും എഴുന്നേല്ക്കാന് സാധിക്കുന്നില്ലെന്നുമായിരുന്നു ഇന്നലെ വൈകുന്നേരത്തോടെ ലഭിച്ച അവസാന സന്ദേശം. എന്നാൽ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.
തൂരിയ എന്ന പായ്വഞ്ചിയിലാണ് അഭിലാഷ് സഞ്ചരിക്കുന്നത്. അതിശക്തമായ കാറ്റില്‍ 14മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍പ്പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടേയും പായ്ക്കപ്പല്‍ അപകടത്തില്‍പ്പെട്ടത്.
ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം ആരംഭിച്ചത്. നിലവില്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. ഒറ്റയ്ക്ക് ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയെടുത്തു തന്നെ തിരിച്ചെത്തുകയാണ് ലക്ഷ്യം. 18 പായ്ക്കപ്പലുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
ഏഴുപേര്‍ ഇതിനകം തന്നെ മത്സരത്തില്‍ നിന്നും പിന്മാറിയിട്ടുണ്ട്. അഭിലാഷ് ഉള്‍പ്പെടെ 11 പേരായിരുന്നു മത്സരരംഗത്തു ബാക്കിയുണ്ടായിരുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള വെറ്ററന്‍ നാവികന് ജീന്‍ ലുക് വാന്‍ ഡെന്‍ ഹീഡാണ് ഒന്നാമതുള്ളത്. 50 വർഷം മുൻപത്തെ കടൽ പര്യവേക്ഷണ സമ്പ്രദായങ്ങൾ മാത്രം ഉപയോഗിച്ച് സംഘടിപ്പിക്കുന്ന പ്രയാണമാണിത്.
ഓസ്ട്രേലിയന്‍ കാന്‍ബറയില്‍ നിന്നാണ് രക്ഷാ പ്രവര്‍ത്തനം ഇപ്പോള്‍ നടക്കുന്നത് ഫ്രഞ്ച് നാവികസേനയും തെരച്ചില്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിലാഷ് ടോമി സുരക്ഷിതനാണെന്ന സന്ദേശം ലഭിച്ചതായി ഗോള്ഗണ് ഗ്ലോബ് അധികൃതര്‍ അറിയിക്കുന്നത്. 2013ൽ ആണ് നാവികസേനയിൽ ലഫ്റ്റനന്റ് കമാൻഡറായ അഭിലാഷ് തന്റെ അതിസാഹസികമായ ആദ്യ ലോകസഞ്ചാരം പൂർത്തിയാക്കുന്നത്.