യാത്രക്കാർക്ക് ബസില്ല, വിജിലൻസിനെ കാണാനില്ല
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയ ശേഷമുണ്ടായ സർവീസ് മുടക്കം പരിശോധിക്കാൻ നിയമിച്ച വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനവും തോന്നിയപടി. സംസ്ഥാനത്തുടനീളം സർവീസുകൾ മുടങ്ങി യാത്രക്കാർ പെരുവഴിയിലായിരിക്കുമ്പോൾ ഇതു പരിശോധിച്ച് മേലുദ്യോഗസ്ഥർക്കു റിപ്പോർട്ട് നൽകേണ്ട ഉദ്യോഗസ്ഥരെ ഡിപ്പോകളിൽപ്പോലും കാണാറില്ലെന്നാണു പരാതി. കോർപ്പറേഷനിൽ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ച് എംഡി ടോമിൻ ജെ. തച്ചങ്കരി ജീവനക്കാർക്ക് നൽകിയ നിർദേശങ്ങളെല്ലാം അട്ടിമറിച്ചാണിപ്പോൾ വിജിലൻസ് വിഭാഗത്തിന്റെ പ്രവർത്തനം.
പരിശോധിക്കാനാളില്ലാതായതോടെ ഒന്നര ഡ്യൂട്ടിയായിരുന്ന സർവീസുകളെല്ലാം രണ്ടു ഡ്യൂട്ടികളായാണിപ്പോൾ ഓടിക്കൊണ്ടിരിക്കുന്നതെന്നും ക്രൂ ചെയ്ഞ്ച് നടക്കുന്ന ഉച്ച സമയങ്ങളിൽ ബസുകൾ ഇല്ലാത്ത സ്ഥിതിയാണെന്നും ജീവനക്കാർ തന്നെ സമ്മതിക്കുന്നു. സുശീല്‍ഖന്ന റിപ്പോര്‍ട്ട് പ്രകാരം കെഎസ്ആർടിസിയുടെ 5,498 ഡ്യൂട്ടികളില്‍ 52 എണ്ണം മാത്രമായിരുന്നു സിംഗിള്‍ ഡ്യൂട്ടി. ഇതു മുഴുവൻ ഡ്യൂട്ടികളിലേക്കും വ്യാപിപ്പിക്കുന്നതിനാണിപ്പോൾ കോർപ്പറേഷൻ നടപടി തുടങ്ങിയത്. കഴിഞ്ഞയാഴ്ച മുതൽ ഡ്യൂട്ടി സമ്പ്രദായം നിലവിൽ വന്നെങ്കിലും ഗ്രാമ പ്രദേശങ്ങളിലടക്കം ബസുകൾ മുടങ്ങുന്ന സ്ഥിതിയായി. ഇതോടെ കെഎസ്ആർടിസിയുടെ 50’ശതമാനം വിജിലൻസ് വിഭാഗം ഇൻസ്പെക്റ്റർമാരെ യൂണിറ്റിൽ നിയമിക്കാനും മുടങ്ങുന്ന ട്രിപ്പുകൾ പരിശോധിക്കാനും എംഡി നിർദേശം നൽകി. ഇവർ പരിശോധിച്ച് യാത്രക്കാർക്ക് ഉപയോഗപ്രദമായ രീതിയിൽ ട്രിപ്പുകൾ ക്രമീകരിക്കാൻവേണ്ട നടപടിയെടുക്കണമെന്നും നിർദേശത്തിലുണ്ട്.
എന്നാൽ ചുരുക്കം ചിലരൊഴികെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും എംഡിയുടെ നിർദേശങ്ങൾ പാലിച്ചില്ല. തുടർന്ന് 19-9-2018 മുതൽ ഒരുമാസക്കാലം വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധനകൾക്കിറങ്ങണമെന്ന് സൗത്ത് സോൺ ചുമതലയുള്ള ഉദ്യോഗസ്ഥൻ പ്രത്യേക നിർദേശം പുറപ്പെടുവിച്ചിട്ടും കെഎസ്ആർടിസി ആസ്ഥാനം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ ഡിപ്പോകളിൽ പോലും വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് റിപ്പോർട്ട്. ഡ്യൂട്ടി പരിശോധിക്കാനാളില്ലാതെ വന്നതോടെ സർവീസ് മുടങ്ങുന്നതിനൊപ്പം ഡ്യൂട്ടികളും താളംതെറ്റി. രാവിലെ എട്ട് മണിക്കൂർ ജോലി ചെയ്യുന്നവർ തന്നെ ഉച്ചയ്ക്ക് ഡ്യൂട്ടിമാറി തുടർന്നും ജോലി ചെയ്യും. ഇതോടെ ഓർഡിനറി ബസുകളിൽ ഡ്രൈവർമാരുടെ ജോലി സമയം ഇപ്പോൾ പ്രതിദിനം 16 മണിക്കൂർവരെയാണ്.
അതേസമയം, ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ സർവീസുകൾ വ്യാപകമായി വെട്ടിക്കുറച്ചിട്ടുള്ളതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഷെഡ്യൂളുകൾ പരിശോധിച്ച് യാത്രക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കുവാൻ സോണൽ ഓഫീസർ മാരോടും, വിജിലൻസ് വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഡി ടോമിൻ ജെ. തച്ചങ്കരി വ്യക്തമാക്കി. കുറ്റക്കാരെ കണ്ടെത്തിയാൽ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം.
സിംഗിള്‍ ഡ്യൂട്ടി പിൻവലിക്കണം: ടിഡിഎഫ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നതും യാത്രക്കാരെ ദുരിതത്തിലാക്കുന്നതും തൊഴിലാളികളെ പീഡിപ്പിക്കുന്നതുമായ സിംഗിള്‍ ഡ്യൂട്ടി പരിഷ്ക്കാരം പിന്‍വലിക്കാന്‍ സര്‍ക്കാരും മാനേജ്മെന്റും എത്രയും വേഗം തയ്യാറാകണമെന്ന് ട്രാന്‍സ്പോര്‍ട്ട് ഡെമൊക്രറ്റിക് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി. പുതിയ പരിഷ്കാരം കെഎസ്ആര്‍ടിസിയുടെ വരുമാനത്തെ ബാധിച്ചു. ഉച്ചനേരങ്ങളില്‍ ബസ് നിര്‍ത്തിയിടാനുള്ള തീരുമാനവും കെഎസ്ആര്‍ടിസിക്ക് ദോഷം ചെയ്യും. കൂടാതെ ഇതു ദേശസാത്കൃത റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമാകും. ഇതുചൂണ്ടിക്കാട്ടി സ്വകാര്യബസുടമകള്‍ ഇതേ റൂട്ടില്‍ പെര്‍മിറ്റ് നേടാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയായിരിക്കും വരുമാനത്തില്‍ ഉണ്ടാകുകയെന്നും തമ്പാനൂർ രവി