ഫ്രാങ്കോ എന്ന വ്യക്തിയോടല്ല, അദ്ദേഹത്തിന്റെ ചെയ്തികളെയാണ് എതിര്‍ത്തത്; ഇനിയെങ്കിലും സഭ മൗനം വെടിയണം: സിസ്റ്റര്‍ അനുപമ
കൊച്ചി: സമരത്തിന് നല്കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് കന്യാസ്ത്രീകള്‍. ഫ്രാങ്കോ എന്ന വ്യക്തിയോടല്ല, അദ്ദേഹത്തിന്റെ ചെയ്തികളെയാണ് എതിര്‍ത്തതെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. തങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചവരോട് ക്ഷമിക്കുന്നുവെന്ന് സിസ്റ്റര്‍ പറഞ്ഞു.
ഇനിയെങ്കിലും കുറ്റകരമായ മൗനം സഭയില്‍ നിന്ന് ഉണ്ടാകരുതെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു.സഭ മൗനം വെടിഞ്ഞില്ലെങ്കില്‍ പല കന്യാസ്ത്രീകള്‍ക്കും ഇതേ അനുഭവം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
തുടർച്ചയായി മൂന്നു ദിവസം ചോദ്യം ചെയ്തതിനു ശേഷമാണ് ബിഷപ്പിന്റെ അറസ്റ്റ്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത് പഞ്ചാബ് പൊലീസിനെയും പഞ്ചാബിലുള്ള അഭിഭാഷകനെയും പൊലീസ് അറിയിച്ചു.
മൂന്നാം ദിവസം 10.30ന് ചോദ്യം ചെയ്യലിന് ഹാജരായ ഫ്രാങ്കോ മുളക്കലിനോട് അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൂടെ എത്തിയവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ട പൊലീസ് അടുത്ത ബന്ധുക്കളെയും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് അറിയിച്ചു. ബിഷപ്പിന്റെ കൂടുതല്‍ വസ്ത്രങ്ങളടക്കമുള്ളവ എത്തിക്കാനും നിര്‍ദേശം നല്കി.
എട്ട് മണിക്കൂര്‍ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നത്. ബലാല്‍സംഗ കുറ്റം നിഷേധിച്ച ഫ്രോങ്കോ മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ബിഷപ്പിനെ കുരുക്കുന്ന പത്തിലേറെ തെളിവുകളാണ് ചോദ്യംചെയ്യലിന്റെ രണ്ടാംദിവസം അന്വേഷണ സംഘം നിരത്തിയത്. കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നതു പോലെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. ബിഷപ്പ് എത്തിയതിന് തെളിവായി മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍ അന്വേഷണ സംഘം ആദ്യം പുറത്തെടുത്തു. മഠത്തില്‍ ബിഷപ്പ് എത്തിയ തീയതികള്‍ രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപതാം നമ്പര്‍ മുറിയിലായിരുന്നു ബിഷപ്പിന്റെ താമസം. ഇതെല്ലാം കൃത്രിമമാണെന്ന് ബിഷപ്പ് വാദിച്ചു. ഇതോടെ മൂന്ന് നിര്‍ണായക മൊഴികള്‍ പൊലീസ് നിരത്തി.
കുറവിലങ്ങാട് മഠത്തില്‍ ആറ് മാസത്തിലേറെ ഉണ്ടായിരുന്ന കന്യാസ്ത്രീയുടെ മൊഴിയാണ് ഒന്ന്. കന്യാസ്ത്രീ ആദ്യ പീഡനത്തിന് ഇരയായ 2014 മെയ് അഞ്ചിന് ബിഷപ്പ് എത്തിയത് രജിസ്റ്ററില്‍ എഴുതിയത് ഈ കന്യാസ്ത്രീയാണ്. ബിഷപ്പ് ഇവിടെ തങ്ങിയിട്ടുണ്ടെന്ന് മൊഴിയിലുണ്ട്. ബിഷപ്പ് മഠത്തിലെത്തിയ ബിഎംഡബ്ള്യു കാറിന്റെ ഡ്രൈവറുടെ മൊഴിയാണ് മറ്റൊന്ന്. മുതലക്കോടം മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പിന് എതിരായി. ഇതോടെ ബിഷപ്പ് നിരാശനായി. തുടര്‍ന്നുള്ള ചോദ്യങ്ങളില്‍ ഉത്തരംമുട്ടിയ ബിഷപ്പ് മറുപടികളില്ലാതെ കുഴഞ്ഞു. ഒടുവില്‍ അച്ചടക്ക നടപടിയുടെ പ്രതികാരമാണ് പരാതിക്ക് കാരണമെന്ന് ബിഷപ്പ് ആവര്‍ത്തിച്ചു.
ഇതോടെ അച്ചടക്ക നടപടിക്ക് മുന്‍പ് തന്നെ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയതിന്റെ തെളിവുകളും പൊലീസ് നിരത്തി. ഇതോടെ പ്രതിരോധിക്കാനുള്ള ബിഷപ്പിന്റെ വഴികളെല്ലാം അടഞ്ഞു. ചോദ്യം ചെയ്യലിന്റെ എണ്‍പത് ശതമാനം പൂര്‍ത്തിയാകുമ്പോള്‍ ബിഷപ്പ് കുറ്റകാരനെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതേസമയം മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതുവരെ അറസ്റ്റ് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയും ബിഷപ്പിന്റെ അഭിഭാഷകര്‍ മുന്നോട്ടുവെച്ചു. എന്നാല്‍ ഇതില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
എന്നാല്‍ പൊലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിനായി കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. കുറവിലങ്ങാട്ടെ മഠത്തിലെത്തിയായിരുന്നു മൊഴിയെടുത്തത്.