കോഹ്ലിക്ക് പാകിസ്താനെ പേടിയാണെന്ന് പാക് താരം; രോക്ഷാകുലനായി ഗംഭീര്‍
ഇംഗ്ലീഷ് പടയോട് ഏറ്റുമുട്ടിയതിന് ശേഷം ഇന്ത്യന്‍ നായകന് കോഹ്ലി വിശ്രമത്തിലാണ്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഏറ്റ കനത്ത പ്രഹരത്തിന്റെ ക്ഷീണം മാറുമ്പോഴേയ്ക്കും ഏഷ്യാ കപ്പ് തുടങ്ങിയെങ്കിലും തുടക്കംതന്നെ ഇന്ത്യ മികച്ച ഫോമിലാണ്. എന്നാല്‍, കോഹ്ലിയുടെ അസാന്നിധ്യം ചെറിയ തോതില്‍ ടീമിനെ ബാധിക്കുന്നുണ്ട്. ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തിനിടയില്‍ കോഹ്ലിയെ നടുവേദന അലട്ടിയിരുന്നു. അതുകൊണ്ട് തന്നെയാണ് കോഹ്ലിയ്ക്ക് വിശ്രമം നല്‍കിയിരിക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസുമായുളള ആഭ്യന്തര മത്സരങ്ങളിലും ഓസ്ട്രേലിയന്‍ ടൂറിലും കോഹ്ലി സാന്നിധ്യം ഇന്ത്യന്‍ ടീമില്‍ ഉണ്ടാവേണ്ടതുണ്ട്. ഇതേ തുടര്‍ന്നാണ് ഏഷ്യ കപ്പിനുളള ടീമില്‍നിന്നും കോഹ്ലിയെ ഒഴിവാക്കി വിശ്രമം അനുവദിച്ചിരിക്കുന്നത്. കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിന്റെ നായകന്.
വിശ്രമത്തിലായതിനാല്‍ ഏഷ്യാ കപ്പില്‍ നടന്ന ഇന്ത്യ-പാക് പോരാട്ടത്തില്‍ താരത്തിന് കളത്തിലിറങ്ങാനായില്ല. ബുധനാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 8 വിക്കറ്റിന് പാകിസ്താനെതിരെ ജയം നേടിയിരുന്നു. മത്സരത്തിന് മുമ്പായി പാകിസ്താനിലെ എആര്‍വൈ ന്യൂസും ഇന്ത്യയിലെ എബിപി ന്യൂസും മത്സരത്തെക്കുറിച്ചുളള സംവാദം സംഘടിപ്പിച്ചു. പാക് മുന്‍താരം തന്‍വീര്‍ അഹമ്മദും ഇന്ത്യന്‍ താരം ഗൗതം ഗംഭീറുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ചര്‍ച്ചയ്ക്കിടെ ഏഷ്യ കപ്പില്‍നിന്നും വിരാട് കോഹ്ലി വിട്ടുനില്‍ക്കുന്നതിനെക്കുറിച്ച് തന്‍വീര്‍ പറഞ്ഞൊരു കാര്യം ഗംഭീറിനെ രോഷം കൊള്ളിച്ചിരിക്കുകയാണ്. കോഹ്ലിയെ ഒളിച്ചോടിയവന്‍ എന്നാണ് തന്‍വീര്‍ വിളിച്ചത്. കോഹ്ലി ഒളിച്ചോടുകയായിരുന്നുവെന്നും ഇംഗ്ലണ്ടില്‍ നടന്ന മുഴുവന്‍ മത്സരങ്ങളിലും കോഹ്ലി കളിച്ചു. ഏകദിന മത്സരങ്ങളില്‍ കോഹ്ലിയെ നടുവേദന അലട്ടിയിരുന്നു. എന്നിട്ടും കോഹ്ലി കളിച്ചുവെന്ന് തതന്വീര് പറഞ്ഞു.
നടുവേദന സഹിച്ചും ഇംഗ്ലണ്ടില്‍ നടന്ന മത്സരങ്ങളില്‍ ഇന്ത്യയ്ക്കു വേണ്ടി കോഹ്ലിക്ക് കളിക്കാനായെങ്കില്‍ ഏഷ്യ കപ്പിലും കളിക്കാന്‍ സാധിക്കും. പാകിസ്താനെതിരെ ഫൈനല്‍ ഉള്‍പ്പെടെ മൂന്ന് തവണ ഇന്ത്യയ്ക്ക് കളിക്കേണ്ടി വരുമെന്ന് കോഹ്ലിക്ക് അറിയാമായിരുന്നു. അതിനാലാണ് കോഹ്ലി ഒളിച്ചോടിയതെന്ന് തന്‍വീര്‍ പറഞ്ഞു.
തന്‍വീറിന്റെ അഭിപ്രായത്തിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗംഭീര്‍. കാഹ്ലിയുടെ പേരില്‍ 35-36 സെഞ്ചുറികളുണ്ട്. തന്‍വീറിന് സ്വന്തം പേരില്‍ പറയാന്‍ 35 ഏകദിന മത്സരങ്ങള്‍ പോലുമില്ലെന്നായിരുന്നു ഗംഭീറിന്റെ മറുപടി. ഇതോടെ കത്തിക്കറിയ സംവാദത്തിന് അവസാനമായി.