നാലു വര്‍ഷത്തിനകം ഇന്ത്യയുടെ സാമ്പത്തിക ശക്തി ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: നാലു വര്‍ഷത്തിനകം ഇന്ത്യയുടെ സാമ്പത്തിക അടിത്തറ രണ്ടിരട്ടി ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത വര്‍ഷങ്ങളില്‍ 5 ലക്ഷം കോടി ഡോളര്‍ (ഏകദേശം 3.6 കോടി കോടി രൂപ) മൂല്യമുള്ള സമ്പദ്വ്യവസ്ഥയാകുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഉല്‍പ്പാദന മേഖലയും കൃഷിയും കൂടുതല്‍ മെച്ചപ്പെടുത്തും. ഇവ രണ്ടും മൊത്തം ആഭ്യന്തര ഉല്പാദനത്തിലേക്ക് ഓരോ ലക്ഷം കോടി ഡോളര്‍ സംഭാവന ചെയ്യാനാവും വിധം വളരുമെന്നു അദ്ദേഹം പറഞ്ഞു.
ലോകത്തെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് നിലവില്‍ ഇന്ത്യ. മൊത്തം ആഭ്യന്തര ഉല്പാദനം (ജിഡിപി) 2.6 ലക്ഷം കോടി ഡോളറാണ്. 2022നകം ജിഡിപി ഇരട്ടിയോളമാകുമെന്നാണ് വിലയിരുത്തല്‍.
ശക്തമായ സാമ്പത്തിക തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിനു മടിയില്ല. ജിഎസ്ടിയും നോട്ട് നിരോധനവും അതിന് ഉദാഹരണമാണ്. ദേനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ലയിപ്പിച്ച് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കിനു രൂപം നല്കിയതു ദേശതാല്പര്യം മുന്‍നിര്‍ത്തിയാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ വളരെ ശക്തമാണെന്നും മോദി വിലയിരുത്തി.
ഐടി, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ വന്‍ തോതില്‍ തൊഴില്‍ സൃഷ്ടിക്കുന്നതു വഴി രാജ്യം 8 ശതമാനത്തിലേറെ വളര്‍ച്ച കൈവരിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
മെയ്ക് ഇന്‍ ഇന്ത്യ വന്‍ വിജയമാണെന്നും മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിന്റെ 80 ശതമാനവും രാജ്യത്തിനുള്ളില്‍ തന്നെ ആയതു കൊണ്ട് 3 ലക്ഷം കോടി രൂപയുടെ വിദേശ നാണ്യം ലാഭിക്കാനായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്ന പ്യൂ സര്‍വ്വേ ഫലങ്ങള്‍ വന്നതിന് പിന്നാലെയാണ് മോദിയുടെ പ്രഖ്യാപനം. 2019 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജിഎസ്ടിയും നോട്ട് നിരോധനവും എല്ലാം മുഖ്യ ചര്‍ച്ചാ വിഷയങ്ങളാകും. ഈ സാമ്പത്തിക പരിഷ്ക്കരങ്ങളാണ് ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കിയിരുന്നതെന്നും പ്യൂ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.