ഫ്രാങ്കോ കുടുങ്ങിയാൽ വോട്ട് ഉറപ്പിക്കാൻ സിപിഎം
തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പൊലീസ് അന്വേഷണവും നടപടികളും രാഷ്ട്രീയനേട്ടമാക്കാൻ ഉറപ്പിച്ച് സിപിഎം . അപരാധികളായ വൈദികരെയും ബിഷപ്പുമാരെയും ശിക്ഷിക്കുമെന്നും എന്നാൽ ഇതിന്റെ പേരിൽ ക്രൈസ്തവസമൂഹത്തെ അടച്ചാക്ഷേപിക്കുന്ന പ്രസ്ഥാനങ്ങളെ പ്രതിരോധിക്കുമെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് സിപിഎം രംഗത്ത് വന്നിരിക്കുന്നത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസ് അറസ്റ്റിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾ പുറത്ത് വരുമ്പോൾ പാർട്ടി സെക്രട്ടറി തന്നെയാണ് ക്രൈസ്തവപുരോഹിതരുടെ സംരക്ഷകരായി രംഗത്ത് എത്തിയിരിക്കുന്നത്.ക്രിസ്തിയ സമൂഹത്തിന് മുന്നിൽ പാർട്ടിയുടെ സ്വീകാര്യത വർധിക്കുന്നതിന് ഒപ്പം ന്യൂനപക്ഷ വിരുദ്ധർ എന്ന പേരു വീഴാതെ കാര്യങ്ങൾ മുന്നോട്ട് നീക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
ഫ്രാങ്കോ മുളയ്ക്കലിനെ എതിരെ കന്യാസ്ത്രീ സമൂഹം നടത്തിയ സമരത്തിൽ സിപിഎമ്മോ അനുകൂലപ്രസ്ഥാനങ്ങളോ പിന്തുണയുമായി രംഗത്ത് വരാതിരുന്നത് വോട്ടുവാങ്ക് രാഷ്ട്രീയം തന്നെയായിരുന്നു കാരണം.എന്നാൽ കേസിൽ ബിഷപ്പ് അറസ്റ്റിലായാൽ ദിലീപ് കേസിന് പുറമെ മറ്റൊന്ന് കൂടി തങ്ങൾക്ക് തിളക്കമുള്ള നേട്ടമാക്കി കാണിക്കാൻ സാധിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ക്രൈസ്തവസമൂഹത്തെ പിണക്കാതെ മുന്നോട്ട് നീക്കാനുള്ള തന്ത്രമാണ് സിപഎം കൊക്കൊള്ളുന്നതെന്ന് വ്യക്തം.ബിഷപ്പിന്റെ ചോദ്യം ചെയ്യൽ കേരളത്തിലെ ക്രൈസ്തവതലസ്ഥാനം എന്ന് വിളിപ്പേരുള്ള കോട്ടയം ജില്ലയിൽ നിന്ന് മാറ്റിയതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. കേരളത്തിലെ ഒരു വൈദികരിലേക്കോ ബിഷപ്പുമാരിലേക്കോ കന്യാസ്ത്രീ മഠങ്ങളിലേക്കോ അന്വേഷണസംഘം എത്താത്ത രീതിയിൽ അതീവശ്രദ്ധയോടെയാണ് കേസ് കൈകാര്യം ചെയ്യുന്നത്.
അറസ്റ്റിനപ്പുറം കേസ് കോടതിയിലെത്തിയാൽ ശിക്ഷ വാങ്ങി കൊടുക്കണം എന്ന നിർദേശമാണ് ആഭ്യന്തരവകുപ്പിന്റെ തലപ്പത്ത് നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. മറിച്ചൊന്നുണ്ടായാൽ വോട്ടുബാങ്കുകളുടെ മേൽ നിർണായകസ്വാധീനമുള്ള കതോലിക്കാ സമൂഹം തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, ലോക്സഭാ മണ്ഡലങ്ങളിൽ തങ്ങൾക്കെതിരെ തിരിയാൻ ഇത് ആയുധമാക്കുമെന്ന പാർട്ടി വിലയിരുത്തുന്നു.
ഫാ.റോബിന്റെ അറസ്റ്റിലും നടപടികളിലും ഒരു ഘട്ടത്തിൽ സഭ സർക്കാരിനോട് മുഖം കറുപ്പിച്ചുവെങ്കിലും കോടതിയിൽ പൊലീസ് നടപടികളെ അംഗീകരിച്ചത് വിശ്വാസി സമൂഹത്തിനിടയിലും പൊതുസമൂഹത്തിലും നേട്ടം നൽകിയിരുന്നു. അത് തന്നെയാണ് ഫ്രാങ്കോ കേസിലും സിപിഎം ആഗ്രഹിക്കുന്നത്.