ബോള്‍ കീപ്പിങില്‍ ധോണിയെ വെല്ലാനാളില്ല; ആരാധകരെ ഞെട്ടിച്ച് താരത്തിന്റെ കിടിലന്‍ സ്റ്റമ്പിങ്.
മുന്‍ നായകന് എം എസ് ധോണിയുടെ പ്രകടനത്തിനെതിരെ പലഭാഗങ്ങളില്‍ നിന്നുമായി നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാംതന്നെ താരം നിമിഷങ്ങള്‍ക്ക് ക്രീസ് വിട്ട് പുറത്താകുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ നായകന് കോഹ്ലി പുറത്തിരിക്കുമ്പോള്‍ ഏവരുടേയും പ്രതീക്ഷ ഓധിയിലായിരുന്നു. എന്നാല്‍, ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഹോങ്കോങിനെതിര ബാറ്റിങിനിറങ്ങിയ ധോണി നിമിഷങ്ങള്‍ക്കകം സംപൂജ്യനായി പുറത്തുപോയി.
നാളുകളായി ഇന്ത്യന്‍ ടീമിനെ അലട്ടുന്ന പ്രശ്നവും ധോണിയുടെ ഇത്തരത്തിലുള്ള പ്രകടനം തന്നെയാണ്. ധോണിയ്ക്ക് പഴയത് പോലെ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും കീപ്പിങ് മികവിന് യാതൊരു തരത്തിലുമുള്ള കോട്ടം തട്ടിയില്ലെന്നാണ് ഇന്ത്യ-പാക് മത്സരത്തില്‍ നിന്ന് വ്യക്തമാകുന്നത്. വിക്കറ്റിന് പിന്നില്‍ ധോണിയെ വെല്ലാനാളില്ല. അത് ഒരിക്കല്‍ കൂടി അടിവരയിട്ട് പറയുന്നതായിരുന്നു ഇന്നലത്തെ പ്രകടനം.
ഇന്നലെ പാകിസ്താനെതിരെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഷൊയ്ബ് മാലിക്ക് ക്യാച്ച് നഷ്ടമാക്കിയപ്പോള്‍ ധോണിയുടെ കീപ്പിങ്ങിനെക്കുറിച്ചും ചില സംശയങ്ങളുയര്ന്നതാണ്. എന്നാല്‍, തൊട്ട് പിന്നാലെ അതിവേഗത്തില്‍ സ്റ്റമ്പിങ് ചെയ്ത് ധോണി മറ്റുള്ളവരുടെ സംശയം തീര്‍ക്കുകയായിരുന്നു. പാകിസ്താന് സ്കോര്‍ 121/6ല്‍ നില്‍ക്കെ കേദാര്‍ ജാദവിന്റെ പന്തില്‍ ഷദാബ് ഖാനെ മിന്നല്‍ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയാണ് ധോണി വിക്കറ്റിന് പിന്നില്‍ താന്‍ ഇപ്പോഴും കോടുങ്കാറ്റാണെന്ന് തെളിയിച്ചത്.
ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയത്. പാകിസ്താന് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ദ്ധ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, കേദാര്‍ ജാദവ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
രോഹിത് ശര്‍മ 39 പന്തില്‍ 51 റണ്‍സെടുത്തു. 56 പന്ത് നേരിട്ട ശിഖര്‍ ധവാന് 46 റണ്‍സുമായി മടങ്ങി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ തുടക്കത്തില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ ഞെട്ടിച്ചു. നേരിട്ട ഏഴാം പന്തില്‍ രണ്ട് റണ്‍സുമായി ഇമാം ഉള് ഹഖാണ് ആദ്യം ഭുവിക്ക് മുന്നില്‍ വീണത്. പിന്നാലെ 9 പന്ത് നേരിട്ട ഫഖര്‍ സമാന് റണ്ണൊന്നുമെടുക്കാതെ ഭുവിക്ക് വിക്കറ്റ് നല്കി മടങ്ങി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഷൊയ്ബ് മാലിക്കും ബാബര്‍ അസമും ചേര്‍ന്നുളള കൂട്ടുകെട്ട് പാകിസ്താന്റെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. 62 പന്തില്‍ 47 റണ്‍സെടുത്ത ബാബര്‍ അസമിന്റെ വിക്കറ്റ് വീഴ്ത്തി കേദാര്‍ ജാദവാണ് ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.