മ്മളെ മാലിക്ക് പുയ്യാപ്പിളേ; മലയാളി ആരാധകന്റെ സ്നേഹ പ്രകടനം; തിരിഞ്ഞ് നോക്കി പാക് താരം;
കായിക ലോകത്ത് ഏറ്റവും അധികം ആവേശം നിറയ്ക്കുന്ന മത്സരങ്ങളാണ് ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവ. ഇഷ്ടടീമുകളും താരങ്ങളും എതിര് ടീമുകളോട് ഏറ്റുമുട്ടുന്ന നിമിഷങ്ങള്‍ ആരവങ്ങളും കരഘോഷങ്ങളും മുഴക്കി സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ച അവിസ്മരണിയമാണ്. ഗ്യാലറിയെ ആഘോഷങ്ങള്‍ കളത്തിലുള്ളവര്ക്കും ആവേശം നല്കുന്ന കാഴ്ചകള്‍ക്കും സ്റ്റേഡിയങ്ങള്‍ സാക്ഷികളാകാറുണ്ട്.
ഇപ്പോള്‍ ആരാധകര്‍ക്ക് ആവേശം നല്‍കികൊണ്ട് ഏഷ്യാകപ്പിന് തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ 26 റണ്‍സിന് ഹോങ്കോങിനെ തകര്‍ത്തെറിഞ്ഞപ്പോഴും ആരാധകര്‍ കാത്തിരുന്നത് ഇന്നലെ നടന്ന മത്സരത്തിന് വേണ്ടിയായിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏറ്റമുട്ടല്‍ എന്നും ആരാധകര്‍ക്ക് ഹരമായിരുന്നു. ഇപ്പോഴും അത് മാറ്റമില്ലാതെ തുടരുന്നുണ്ട്. ഓരോ ബൗണ്ടറിയും ഓരോ വിക്കറ്റും മുതല്‍ ഓരോ സിംഗിളുവരെ ആഘോഷിക്കപ്പെടുന്ന മത്സരം. ഗ്യാലറിയിലും തെരുവുകളിലും യുദ്ധ സമാനമായ കാഴ്ച്ചകളുമുണ്ടാകും. എന്നാല്‍, വീറും വാശിയുമൊക്കെ കളിക്കളത്തില്‍ മാത്രമാണ്. പുറത്തിറങ്ങിയാല്‍ പരസ്പരം ഏറെ ബഹുമാനിക്കുന്നവരാണ് ഇരു ടീമിലേയും താരങ്ങള്‍.
പാക് താരങ്ങളില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവന് ആരെന്ന് ചോദിച്ചാല്‍ അതിനുത്തരം ഷൊയ്ബ് മാലിക്കെന്നായിരിക്കും. ഇന്‍സമാം ഉള് ഹഖ്, ഷാഹിദ് അഫ്രീദി, മുഹമ്മദ് യൂസഫ്, സെയ്യ്ദ് അന്‍വര്‍, അക്തര്‍ തുടങ്ങി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം പാക് നിരയില്‍ അണിനിരന്നിട്ടുള്ള മാലിക്ക് എന്നും പ്രിയങ്കരനാണ്. ഇന്ത്യയ്ക്കെതിരായ മത്സരങ്ങളില്‍ പാകിസ്താന്റെ മാലിക്കിനു മുകളിലുള്ള പ്രതീക്ഷയും ഒരുപാടാണ്. ഇന്നലത്തെ മത്സരത്തില്‍ ഇന്ത്യന്‍ ആരാധകരായ മലയാളികള്‍ മാലിക്കിനെ തങ്ങളുടെ സ്നേഹം അറിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
മാലിക്കിനെ ഇന്ത്യയുമായി ബന്ധപ്പെടുത്തുന്ന മറ്റൊരു കാര്യം അദ്ദേഹത്തിന്റെ ഭാര്യ സാനിയ മിര്‍സയാണ്. ഇന്ത്യന്‍ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വലിയ വനിതയാണ് സാനിയ. ഇന്ത്യക്കാരിയായ സാനിയയും പാകിസ്താനിയായ മാലിക്കും തമ്മിലുള്ള വിവാഹം വലിയ വിവാദവുമായിരുന്നു. എന്നാല്‍, മാലിക്കിനെ ഇന്ത്യയുടെ മരുമകനായാണ് ഇന്ത്യന്‍ ആരാധകര്‍ കാണുന്നത്.
കളിക്കിടെ ബൗണ്ടറി ലൈനിനരികെ ഫീല്‍ഡ് ചെയ്യുകയായിരുന്നു മാലിക്ക്. ഈ സമയം പിന്നില്‍ നിന്നും ‘ മ്മളെ സാനിയേന്റെ പുയ്യാപ്പിള, മാലിക്ക് പുയ്യാപ്പിളേ ‘ എന്ന വിളി ഉയരുകയായിരുന്നു. മലയാളി ആരാധകനാണ് വിളിക്ക് പിന്നില്‍. മാലിക്ക് പുറകിലേക്ക് തിരിഞ്ഞ് നോക്കുകയും ചെയ്തു. ഇന്ത്യന്‍ താരങ്ങളെ മാത്രമല്ല എതിരാളികളേയും മനസ്സറിഞ്ഞ് സ്വീകരിക്കുന്നവരാണ് മലയാളികള്‍ എന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.
അതേസമയം, തുടക്കത്തില്‍ തന്നെ പതറിയ പാകിസ്താനെ ബാബര്‍ അസമുമായി ചേര്‍ന്ന് ഒരുഘട്ടത്തില്‍ രക്ഷിച്ചത് മാലിക്കായിരുന്നു. 43 റണ്‍സാണ് മാലിക്ക് നേടിയത്. എന്നാല്‍, മത്സരം ഇന്ത്യ അനായാസമായി ജയിക്കുകയായിരുന്നു.