ബിഷപ്പിന്റെ അറസ്റ്റിന് സാധ്യത; അന്വേഷണസംഘത്തിന് തീരുമാനമെടുക്കാമെന്നു ഡിജിപി
കൊച്ചി: ലൈംഗിക പീഡനപരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നു സൂചന. ബിഷപ്പിന്റെ മൊഴികളിലെ വൈരുദ്ധ്യമാണ് ബിഷപ്പിന് തിരിച്ചടിയായിരിക്കുന്നത്. കന്യാസ്ത്രീയുടെ രഹസ്യമൊഴിയും തെളിവായി സ്വീകരിച്ചാകും അറസ്റ്റെന്നു സൂചനകൾ. വൈകിട്ട് മൂന്നു മണിയോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ബിഷപ്പ് നൽകിയ വൈരുദ്ധ്യങ്ങളാണിപ്പോൾ അറസ്റ്റിലേക്കെത്തിക്കുന്നത്. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നു പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തിൽ പോയില്ലെന്ന ബിഷപ്പിന്റെ മൊഴി തെറ്റാണെന്നു തെളിഞ്ഞിട്ടുണ്ട്. അന്നേദിവസം ബിഷപ് തൊടുപുഴയിലെ ധ്യാനകേന്ദ്രത്തിൽ പോയിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നത്. എന്നാൽ തൊടുപുഴയിൽ ബിഷപ് പോയിട്ടില്ലെന്നും അന്നേ ദിവസം കുറുവിലങ്ങാട്ട് മഠത്തിൽ വന്നതിന്റെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
തെളിവുകളുണ്ടായിട്ടും ബിഷപ് ഇക്കാര്യം നിരാകരിച്ചിട്ടുണ്ട്. മഠത്തിൽ പോയതിനും താമസിച്ചതിനുമെല്ലാം പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ബിഷപ് ഹാജരാക്കിയ വിഡിയോയിൽ എഡിങ് നടന്നിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ ബിഷപ്പിന്റെ കുറ്റസമ്മതമില്ലെങ്കിൽ പോലും അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയാൽ ബിഷപ്പിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. പാല മജിസ്ട്രേറ്റ് 21 വരെ അവധിയായിരുന്നതു കൊണ്ട് ഏറ്റുമാനൂർ മജിസ്ട്രേറ്റിന് മുന്നിലാകും ബിഷപ്പിനെ ഹാജരാക്കുക. ഇതു സംബന്ധിച്ച് പൊലീസ് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ടെന്നും സൂചനകൾ. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡോക്റ്റർമാർക്കും പൊലീസ് പ്രത്യേക നിർദേശം നൽകിയതായും വിവരങ്ങളുണ്ട്.
ബിഷപ്പിനെ അറസ്റ്റ് ചെയ്താൽ പരിശോധനയ്ക്ക് തൂലൂക്ക് ആശുപത്രിയിലേക്കാകും കൊണ്ടുപോകുകയെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ബിഷപ്പിന്റെ അറസ്റ്റിന്റെ കാര്യത്തിൽ അന്വേഷണസംഘത്തിന് സ്വതന്ത്ര തീരുമാനമെടുക്കാം. മുൻകൂർ ജാമ്യേപക്ഷ തടസ്സമെല്ലന്നും ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചു. ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടരുകയാണ്.
എന്നാൽ ബിഷപ് അന്വേഷണസംഘത്തിനോട് സഹകരിക്കുന്നില്ലെന്നും കേൾക്കുന്നുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് തയാറാക്കിയ പത്ത് ചോദ്യങ്ങളിൽ അഞ്ചിനും ബിഷപ് കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ബിഷപ്പിന്റെ അറസ്റ്റിന് ഉണ്ടായാൽ സംഘർഷസാധ്യതയുള്ളതിനാൽ മേഖലയിൽ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇന്നലത്തേതിൽ നിന്നു വ്യത്യസ്തമായി കൂടുതൽ പൊലീസ് സ്ഥലത്തുണ്ട്. ക്രൈംബ്രാഞ്ച് ഓഫിസിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലും വടം കെട്ടി തിരിച്ചിട്ടുണ്ട്. പ്രധാനറോഡിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.