അഭിമന്യുവിനെ കുത്തി വീഴ്ത്തിയത് ഷഹീം.
മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് ഒളിവിൽ കഴിയുന്ന പന്ത്രണ്ടാം പ്രതി പള്ളുരുത്തി ശശി റോഡിൽ നമ്പിപുത്തലത്ത് വീട്ടിൽ മുഹമ്മദ് ഷഹീം (31). ജില്ലാ ജയിലിൽ കഴിഞ്ഞ 10നു ജുഡിഷ്യൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ നടത്തിയ ഫോട്ടോ തിരിച്ചറിയൽ പരേഡിൽ സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞു. പള്ളുരുത്തിയിൽ നിന്ന് ഇപ്പോൾ ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം കാരിപ്പുഴ അമ്പലത്തിനു സമീപം നമ്പിപുത്തലത്ത് വീട്ടിൽ താമസിക്കുന്ന ഇയാൾ കൊലപാതകത്തിനു ശേഷം ഒളിവിലാണ്.
കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരിൽ ഇനി പിടിയിലാകാനുള്ള എട്ടംഗ സംഘത്തിലെ മുഹമ്മദ് ഷഹീം ഉൾപ്പെടെ എട്ടു പേർക്കെതിരേ കഴിഞ്ഞ ദിവസം പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അഭിമന്യുവിനെ ജൂലൈ രണ്ടിന് അർധാരാത്രി മഹാരാജാസ് കോളെജ് വളപ്പിൽ കുത്തിപരുക്കേൽപ്പിച്ച 16 അംഗ സംഘത്തിൽ ഇവരുണ്ടായിരുന്നു. അഭിമന്യുവിന്റെ നെഞ്ചിൽ മരണകാരണമായ കുത്തേൽപ്പിച്ചതു മുഹമ്മദ് ഷഹീമായിരുന്നു. ഇതിനു ശേഷം കത്തിയുമായി സംഘാംഗങ്ങൾക്കൊപ്പം ഇയാൾ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ കോളെജിന് പിൻവശത്തെ കവാടത്തിനു സമീപമുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. കുത്താൻ ഉപയോഗിച്ച കത്തിയുമായി ഇയാൾ നീങ്ങുന്ന ദൃശ്യങ്ങളാണുള്ളത്.
ചിത്രങ്ങൾ അവ്യക്തമാണെങ്കിലും സംഭവ സമയത്ത് അഭിമന്യുവിനൊപ്പമുണ്ടായിരുന്ന എസ്എഫ്ഐ വിദ്യാർഥികളുടെ സഹായത്തോടെയാണു പ്രതിയെ തിരിച്ചറിഞ്ഞത്. തിരിച്ചറിയൽ പരേഡിലും ഇക്കാര്യം സ്ഥിരീകരിച്ചു. എസ്ഡിപിയുടെ ഭാരവാഹി കൂടിയായ ഇയാൾ സായുധ പരിശീലനം നേടിയിട്ടുണ്ട്. ആയുധം പ്രയോഗിക്കുന്നതിൽ പരിശീലനം നേടിയിട്ടുള്ള ആളാണ് മരണകാരണമായ കുത്തേൽപ്പിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാക്കിയിരുന്നു. അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന അർജുനൻ, വിനീത് എന്നീ വിദ്യാർഥികളെ കുത്തി പരുക്കേൽപ്പിച്ച എസിഡിപിഐ-ക്യാംപസ് ഫ്രണ്ട് പ്രവർത്തകൻ നേരത്തേ അറസ്റ്റിലായിരുന്നു.
മുഹമ്മദ് ഷഹീമിന് പുറമെ, രണ്ടാംപ്രതി ആലുവ ഈസ്റ്റ് എരുമത്തല ചാമക്കാലയിൽ വീട്ടിൽ ആരിഫ് ബിൻ സലിം (25), ഒൻപതാം പ്രതി പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വീട്ടിൽ വി.എൻ.ഷിഫാസ് (23), പത്താംപ്രതി നെട്ടൂർ മസ്ജിദ് റോഡ് മേക്കാട്ട് വീട്ടിൽ സഹൽ (21), പതിനൊന്നാംപ്രതി പള്ളുരുത്തി വെളി പൈപ്പ് ലൈൻ പുതുവീട്ടിൽ പറമ്പിൽ ജിസാൽ റസാഖ് (21), പതിനാലാം പ്രതി ആലുവ ഉളിയന്നൂർ പാലിയത്ത് വീട്ടിൽ പി.എം.ഫായിസ് (20),പതിനഞ്ചാം പ്രതി ഫോർട്ട് കൊച്ചി ജിസിഡിഎ കോളനിയിൽ നിന്നു നെട്ടൂർ ഹോണ്ടാ ഷോ റൂമിന് സമീപം കരിങ്ങമ്പാറ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തൻസീൽ (25), പതിനാറാം പ്രതി മരട് നെട്ടൂർ മസ്ജിദ് റോഡിൽ മേക്കാട്ട് വീട്ടിൽ സനിദ് (26) എന്നിവർക്കു വേണ്ടിയും തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മുഹമ്മദ് ഷഹീം ഉൾപ്പെടെയുള്ളവർ എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സജീവ പ്രവർത്തകരാണ്. എന്നാൽ, തെരച്ചിൽ നോട്ടീസിൽ ആരാണ് അഭിമന്യുവിനെ കുത്തിയതെന്നു വ്യക്തമാക്കിയിട്ടില്ല. എട്ടു പ്രതികൾക്കും കുറ്റകൃത്യത്തിൽ തുല്യ പങ്കാളിത്തമാണുള്ളത്. തിരിച്ചറിയൽ പരേഡിന്റെ രഹസ്യ സ്വഭാവം കണക്കിലെടുത്താണിത്.
പ്രതികൾ രാജ്യം വിട്ടു പോയിട്ടില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണർ എസ്.ടി.സുരേഷ് കുമാർ അറിയിച്ചു. ജൂലൈ മൂന്നിനു തന്നെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പ്രതികൾക്കെതിരെ ലുക്ക് ഓട്ട് സർക്കുലറുകൾ നൽകിയിരുന്നു. രണ്ടു പ്രതികൾക്ക് മാത്രമാണു പാസ്പോർട്ടുള്ളത്. കൊലപാതകത്തിനു ശേഷം പ്രതികൾ പത്തനംതിട്ടയിലും കർണാടകയിലെ മംഗലാപുരത്തും എത്തിയതായി മൊബൈൽ കോളുകൾ പരിശോധിച്ചു കണ്ടെത്തിയിരുന്നു. ഫോണുകൾ ഇപ്പോൾ പ്രവർത്തന രഹിതമാണ്. എസ്ഡിപിഐയുടെ ശക്തികേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുന്നതായിട്ടാണു സംശയം. ഇവരെ പുകച്ചു ചാടിക്കുന്നതിനാണ് ലുക്ക്ഔട്ട് നോട്ടീസുകൾ പുറപ്പെടുവിച്ചത്. അഭിമന്യു വധക്കേസിൽ ഇതുവരെ 18 പ്രതികളാണു പിടിയിലായത്. ഇവരിൽ എട്ടു പേർ ഒളിവിൽ കഴിയുന്ന പ്രതികൾക്കൊപ്പം ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവരാണ്. റിമാന്റിൽ കഴിയുന്ന എട്ടു പ്രതികളുടെ തിരിച്ചറിയൽ പരേഡ് കഴിഞ്ഞ 10നു നടത്തി. ഇതോടൊപ്പമാണ് ഒളിവിൽ കഴിയുന്നവരുടെ ഫോട്ടോ തിരിച്ചറിയൽ പരേഡും നടത്തിയത്. അറസ്റ്റിലായ പ്രതികൾക്കെതിരെ ഈ മാസം കുറ്റപത്രം സമർപ്പിക്കും.