മുടി വെട്ടിയതിനു കാരണം ക്യാൻസറാണ്; പക്ഷേ രോഗം എനിക്കല്ല
നീണ്ട സുന്ദരമായ മുടികൾ.. വാ നിറയെ പല്ലുകൾ... നല്ല ഉയരം ഇങ്ങനെ തനി നാടൻ പെൺകുട്ടിയായ സംവൃത സുനിലിനെ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നത് സംവിധായകൻ ലാൽജോസാണ്. തങ്കി എന്ന പേരിൽ ദാവണിക്കാരിയായെത്തിയ ആദ്യചിത്രം രസികന്‍ വലിയ വിജയമൊന്നും സ്വന്തമാക്കാനായില്ലെങ്കിലും പിന്നീട് ആ നായികയാണ് മലയാളസിനിമകളിൽ നിറഞ്ഞുനിന്നത്. അഭിനയലോകത്തിൽ നിന്നകന്നുവെങ്കിലും സംവൃത ഇന്നും വാർത്തകളിൽ നിറയുന്നു.
നാടൻ പെണ്ണും മോഡേൺ സുന്ദരിയുമൊക്കെയായി തകർത്ത് അഭിനയിച്ച സംവൃതയുടെ മുടിയുടെ സൗന്ദര്യം അന്നും വാർത്തകളിൽ നിറഞ്ഞിരുന്നു. വിവാഹമൊക്കെ കഴിഞ്ഞു വിദേശത്തേക്ക് പോയ സംവൃത ഇപ്പോൾ ടെലിവിഷൻ പരിപാടികളിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ സജീവമാണ്. എന്നാലിപ്പോൾ പഴയ നീളൻ മുടിയൊന്നും ഈ നായികയിൽ ഇല്ലെന്നതാണ് ആരാധകരുടെ പരിഭവം.
സംവൃതയുടെ നീളൻ മുടിക്കെന്തുപറ്റിയെന്ന ചോദ്യത്തിന് നടി തന്നെ ഉത്തരം നൽകുകയാണിപ്പോൾ. ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് വിഗ് ഉണ്ടാക്കാന്‍ വേണ്ടിയാണ് സംവൃത മുടി മുറിച്ച് നല്‍കിയത്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
സംവൃതയുടെ വീടിന് സമീപത്തായി വിഗ്സ് ഫോര്‍ കിഡ്സ് എന്നൊരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാന്‍സര്‍ ബാധിച്ച് കീമോ തെറാപ്പിക്ക് വിധേയമാകുന്ന കുട്ടികള്‍ക്കും ജന്മനാ മുടി വളരാത്ത കുട്ടികള്‍ക്കും വേണ്ടിയാണ് ഈ സംഘടന വിഗ് ഉണ്ടാക്കുന്നത്.
ഒരിക്കല്‍ ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയപ്പോള്‍ മുടി മുറിക്കുന്ന സ്ത്രീ സംവൃതയുടെ മുടികൊണ്ട് മൂന്ന് കുട്ടികള്‍ക്ക് വിഗ് ഉണ്ടാക്കാമെന്നു പറഞ്ഞു. അപ്പോഴാണ് മുടി ഡൊണേറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. നീളന്‍ മുടിയായിരുന്നു ഇഷ്ടമെങ്കിലും മുടി ഡൊണേറ്റ് ചെയ്യാന്‍ തയാറാവുകയായിരുന്നു താനെന്നും സംവൃത പറഞ്ഞു.
ചലച്ചിത്രതാരം മംമ്താ മോഹന്‍ദാസാണ് മുടി മുറിച്ച സംവൃതയുടെ ചിത്രം ആദ്യമായി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചിത്രം വൈറലായിരുന്നുവെങ്കിലും മുടി വെട്ടിയതിന്റെ കാരണം ഇപ്പോഴാണ് സംവൃത തുറന്നുപറയുന്നത്.