ജീവനക്കാരെ പ്രതിസന്ധിയിലാക്കി സാലറിചലഞ്ച്; ഇനി രണ്ട് ദിനങ്ങള്‍ മാത്രം; വിസമ്മതപത്രം നല്‍കാത്തവരില്‍ നിന്ന് ശമ്പളം പിടിക്കുമെന്ന അവസ്ഥയില്‍ സര്‍ക്കാര്‍
തിരുവനന്തപുരം: ശമ്പളം നല്കാന് സമ്മതമല്ലെന്ന് എഴുതി നല്‍കിയില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുമെന്ന അവസ്ഥയിലാണ് സര്‍ക്കാര്‍. ഇതിനെ നിര്‍ബന്ധിത പിരിവെന്ന് കുറ്റപ്പെടുത്തി വിവിധ സംഘടനകളും ജീവനക്കാരും തമ്മിലുള്ള ഉണ്ടായ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുന്ന അവസ്ഥയിലാണ്. അവധി ആനുകൂല്യം ഉള്‍പ്പെടെയുള്ള സൗകര്യം പ്രയോജനപ്പെടുത്തി സാലറി ചലഞ്ചില്‍ നല്ലൊരു ഭാഗം ജീവനക്കാര്‍ പങ്കാളികളാകുന്നുമുണ്ട്.
ശമ്പളവും ഉത്സവബത്തയും ദുരിതാശ്വാസനിധിയിലേക്ക് ഈടാക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശങ്ങളില്‍ സാലറിചലഞ്ചിനെ എതിര്‍ക്കുന്നവര്‍ക്ക് പ്രതീക്ഷയുണ്ട്. നിര്‍ബന്ധമായി ശമ്പളം പിടിക്കുന്നത് പിടിച്ചുപറിക്ക് സമാനമാണെന്നാണ് കോടതി പറഞ്ഞത്. ബുധനാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയമാണെങ്കില്‍പ്പോലും സാലറിചലഞ്ചിന് ബാധകമാവുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ വന്നാല്‍ അത് സര്‍ക്കാരിന് പരിഗണിക്കേണ്ടിവരും.
സര്‍വീസ് സംഘടനകളുടെ എതിര്‍പ്പും നിര്‍ദേശവും പരിഗണിച്ച് ശമ്പളം ഈടാക്കുന്നതിലെ വ്യവസ്ഥകളില്‍ ഭേദഗതി ഉണ്ടാകുമെന്നായിരുന്നു ഒരുവിഭാഗം ജീവനക്കാരുടെ പ്രതീക്ഷ. മറ്റു സാഹചര്യങ്ങളൊന്നും ഉണ്ടാകാത്തതിനാല്‍ നിലപാടു മാറ്റേണ്ടതില്ലെന്നാണ് ധനവകുപ്പ് അധികൃതര്‍ പറയുന്നത്. 70 ശതമാനം ജീവനക്കാരെങ്കിലും ചലഞ്ചില്‍ ഭാഗമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. പൊതുമേഖലാ സ്ഥാപനങ്ങളെ ശമ്പളം ഈടാക്കുന്ന ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അത്തരം സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്ക് സാലറി ചലഞ്ചിന്റെ ഭാഗമാകുന്നുണ്ട്.
ഇതുവരെ വിസമ്മതപത്രം നല്കിയവരില് ഭരണപക്ഷ അനുകൂല അധ്യാപക, സര്‍ക്കാര്‍ ജീവനക്കാരുമുണ്ട്. ഭരണപക്ഷ അനുകൂലവിഭാഗങ്ങളുടെ സമ്മര്‍ദം, സ്ഥലംമാറ്റ ഭീഷണി തുടങ്ങിയവയുണ്ടെന്നാണ് എതിര്‍പ്പുള്ള ജീവനക്കാര്‍ പറയുന്നത്.
അതിനിടെ, ചൊവ്വാഴ്ച സെറ്റോ സംഘടന ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. വിസമ്മതപത്രത്തിനുപകരം സമ്മതപത്രം വാങ്ങുക, ജീവനക്കാരെ പല തട്ടിലാക്കുന്നത് തടയുക, അഞ്ചരലക്ഷം ജീവനക്കാരെയും സര്ക്കാര്യജ്ഞത്തില് പങ്കാളികളാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
പെന്‍ഷന്‍കാരെയും സാലറിചലഞ്ചിന്റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന് സംഘടനകളുടെ യോഗം വിളിക്കുന്നുണ്ട്. എന്നാല്‍, ദീര്‍ഘകാലത്തെ സേവനത്തിനുശേഷം വിരമിച്ച ജീവനക്കാരുടെ അവകാശമാണ് പെന്‍ഷനെന്നും അത് നല്‍കാതിരിക്കുന്നത് മൗലികാവകാശം നിഷേധിക്കലാണെന്നും സുപ്രീം കോടതി വിധിയുണ്ട്. അതിനാല്‍ത്തന്നെ പെന്‍ഷന്‍കാരുടെ കാര്യത്തില്‍ വിസമ്മതപത്രം പറ്റില്ല. പകരം അവരുടെ സമ്മതപത്രം വാങ്ങി നല്കുന്ന തുക സ്വീകരിക്കാനേ മാര്‍ഗമുള്ളൂ.