ഞാന്‍ വിവാഹ വീരനോ പ്രണയ രോഗിയോ അല്ല; രണ്ടാമത്തെ ഭാര്യയെ എങ്ങനെയോ പ്രണയിച്ചു പോയതാണ്; അവളെ ഉപേക്ഷിക്കാന്‍ മനസ്സ് വന്നില്ല; വിവാഹത്തിന് ശേഷം മാത്രമേ സെക്സ് പാടുള്ളൂ എന്നാണ് എന്റെ അഭിപ്രായം: ബഷീര്‍ ബഷി
ആകാംക്ഷയും ഉദ്യോഗവും നിറഞ്ഞ ബിഗ് ബോസ് എലിമിനേഷന് എപ്പിസോഡില്‍ കഴിഞ്ഞ ദിവസം പുറത്തായത് മോഡലായ ബഷീര്‍ ബഷിയാണ്. ഗംഭീര സ്വീകരണമാണ് ബഷീറിന് കുടുംബാംഗങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. രണ്ടു വിവാഹം കഴിച്ച വ്യക്തിയാണ് ബഷീര്‍, രണ്ടു ഭാര്യമാരും കഴിയുന്നതും ഒരുമിച്ചു തന്നെ. എന്നാല്‍, രണ്ട് വിവാഹം കഴിച്ചതിന്റെ പേരില്‍ സമൂഹത്തില്‍ നിന്ന് നിരന്തരം കുത്തുവാക്കുകള്‍ ഏറ്റുവാങ്ങുന്ന വ്യക്തിയാണ് താനെന്നും പക്ഷേ താനൊരു വിവാഹ വീരനോ പ്രണയ രോഗിയോ അല്ല എന്നും തന്റെ ജീവിതത്തില്‍ ഇനിയൊരു വിവാഹമോ പ്രണയമോ ഉണ്ടാകില്ലെന്നും ബഷീര്‍ പറയുന്നു. പേളിയുമായി ബിഗ് ബോസ് ഹൗസിനകത്ത് നടന്ന വഴക്കുകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ബഷീര്‍. ഹൗസില്‍ നിന്നും പുറത്തായതിന് ശേഷം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ബഷീറിന്റെ പ്രതികരണം.
‘രണ്ടു വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ ആളുകളുടെ കുത്തുവാക്കുകള്‍ നിരന്തരം ഏറ്റുവാങ്ങുന്ന ആളാണ് ഞാന്‍. അതിനാല്‍ തന്നെ പേര്ളിയുടെ അത്തരം പരാമര്‍ശങ്ങള്‍ എനിക്ക് പ്രകോപനമുണ്ടാക്കി. ഞാന്‍ അങ്ങനെ പ്രതികരിക്കാന്‍ പാടില്ലായിരുന്നു. അപ്പോള്‍ വന്ന ദേഷ്യത്തില്‍ നിയന്ത്രണമില്ലതെ എന്തൊക്കെയോ പറഞ്ഞു.
ഞാന്‍ രണ്ടു സ്ത്രീകളെ ഹലാലായ രീതിയില്‍ വിവാഹം കഴിക്കുകയാണ് ചെയ്തത്. ആദ്യ ഭാര്യയെയും ഞാന്‍ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. രണ്ടാമത്തെ ഭാര്യയെ എങ്ങനെയോ പ്രണയിച്ചു പോയി. ഞങ്ങള്‍ പരസ്പരം വല്ലാതെ ഇഷ്ടപ്പെട്ടു പോയി. എനിക്ക് അവളെ ഉപേക്ഷിക്കാന്‍ മനസ്സ് വന്നില്ല. വേണമെങ്കില്‍ എനിക്ക് അവളെ മറ്റാരുമറിയാതെ പ്രണയിക്കാമായിരുന്നു. പലരും ചെയ്യുന്ന പോലെ രഹസ്യമായി ബന്ധം വെക്കാമായിരുന്നു, ഉപേക്ഷിക്കാമായിരുന്നു. അതിനൊന്നും മനസ്സ് വന്നില്ല. എനിക്ക് അവളെ വഞ്ചിക്കേണ്ടായിരുന്നു, വേദനിപ്പിക്കേണ്ടായിരുന്നു.
ഞാന്‍ എന്റെ ആദ്യ ഭാര്യയുമായി സംസാരിച്ചു. അവളുടെ സമ്മതത്തോടു കൂടി വീണ്ടും വിവാഹം കഴിച്ചു. എന്ന് വച്ച് ഞാനൊരു അരാജകവാദിയല്ല. പ്രണയമൊക്കെ എല്ലാവര്ക്കും ആകാം. എന്നാല്‍ സെക്സ് പവിത്രമെന്ന് കരുതുന്ന ആളാണ് ഞാന്‍. വിവാഹം കഴിച്ചതിന് ശേഷം മാത്രമേ സെക്സ് പാടുള്ളൂ എന്നാണ് എന്റെ അഭിപ്രായം. ബന്ധങ്ങള്‍ക്ക് ഞാന്‍ വില കല്പിക്കുന്നുണ്ട്. ജീവിതത്തിനു മൂല്യവും.
രണ്ടു വിവാഹം കഴിക്കാന്‍ വേണ്ടി വിവാഹം കഴിച്ച ആളല്ല ഞാന്‍. സംഭവിച്ചു പോയി. എനിക്ക് വേണമെങ്കില്‍ ആദ്യ ഭാര്യയോട് പറയാതെ ഈ ബന്ധം തുടരാമായിരുന്നു. നാട്ടുകാരെ അറിയിക്കാതിരിക്കാമായിരുന്നു. എന്നാല്‍ എനിക്കത് തോന്നിയില്ല. എന്നെ സംബന്ധിച്ചിടത്തോളം സ്വന്തമാക്കലാണ് പ്രണയം.