സഹകരണ സ്ഥാപനങ്ങളിലെ ഉത്തരവിന് 23 വയസ്; പിഎസ്സി നിയമനം ഇനിയുമായില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ അപെക്സ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്സിക്ക് വിടണമെന്ന ഉത്തരവ് 23 വർഷം പിന്നിടുമ്പോഴും പാലിക്കപ്പെടുന്നില്ല. സാമ്പത്തിക പരാധീനതയും തസ്തിക നിർണയത്തിലെ കാലതാമസവും ചൂണ്ടിക്കാട്ടിയാണു പല സ്ഥാപനങ്ങളും ഉത്തരവ് അട്ടിമറിക്കുന്നത്.
സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നിയമനം പൂർണമായി പിഎസ്സിക്ക് വിടണമെന്ന് 1995ലാണ് സഹകരണ രജിസ്ട്രാർ ഉത്തരവിറക്കിയത്.
കേരള കാർഷിക ഗ്രാമ വികസന ബാങ്കിലെ നിയമനം പിഎസ്സിക്ക് വിട്ട് അടുത്തിടെ വിജ്ഞാപനമിറങ്ങിയതുമാത്രമാണ് അപവാദം. ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരാണ് ഇതിനു മുൻകൈ എടുത്തത്. ഇതോടെ, ഉത്തരവ് മറ്റു സ്ഥാപനങ്ങളിലും കർക്കശമായി നടപ്പാക്കാൻ നടപടിവേണമെന്ന് ആവശ്യപ്പെടുകയാണ് ഉദ്യോഗാർഥികൾ.
സഹകരണ വകുപ്പിനു കീഴിലുള്ള 11 അപെക്സ് സ്ഥാപനങ്ങളിൽ ഏഴെണ്ണത്തിലെ നിയമനം മാത്രമാണ് പിഎസ്സിക്ക് വിട്ടിട്ടുള്ളത്. ശേഷിക്കുന്നവയിൽ തയാറെടുപ്പു നടക്കുന്നു എന്ന ഉത്തരം മാത്രം. സഹകരണവകുപ്പിനു പുറമെ വ്യവസായ വകുപ്പിനുകീഴിലും അപെക്സ് സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതോടൊപ്പം മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റീസ് അക്റ്റ് പ്രകാരം 34 കേന്ദ്ര സംഘങ്ങളും സഹകരണ വകുപ്പിനു കീഴിലുണ്ട്. ഇവയില്‍ 16 എണ്ണം മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയമനം പിഎസ്സിക്ക് വിട്ടു കൊടുത്ത സ്ഥാപനങ്ങളിൽ പോലും എല്ലാ തസ്തികകളും ഉൾപ്പെടുത്തിയിട്ടില്ല.
സാമ്പത്തിക പരാധീനതയുടെ പേരു പറഞ്ഞു മാർക്കെറ്റ് ഫെഡ് പോലുള്ള സ്ഥാപനങ്ങൾ തസ്തിക നിർണയം വൈകിപ്പിക്കുന്നെന്ന ആരോപണവുമുണ്ട്. കൂടാതെ ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാതെ പിൻവാതിൽ നിയമനം നടത്തുന്ന പ്രവണതയും പല സ്ഥാപനങ്ങളും പിന്തുടരുന്നു. പ്രാഥമിക സഹകരണ സംഘങ്ങളിൽ പരീക്ഷാ ബോർഡ് വഴി നിയമിക്കേണ്ട 4300 ഓളം തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിൽ ആയിരത്തോളം ഒഴിവുകൾ മാത്രമാണ് പരീക്ഷാ ബോർഡിനു റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് കണ്‍സ്യൂമര്‍ ഫെഡറേഷന്(കണ്‍സ്യൂമര്‍ഫെഡ്), കേരള സ്റ്റേറ്റ് ഫെഡറേഷന്ഓഫ് എസ് സി/ എസ് ടിഡെവലപ്മെന്റ്, കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്,കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന് ലിമിറ്റഡ്, റബര്‍മാര്‍ക്ക്, മാര്‍ക്കറ്റ് ഫെഡ്,സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് എന്നീ സ്ഥാപനങ്ങളാണു നിയമനം പിഎസ്സിക്ക് വിടാനുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിച്ചിട്ടുള്ളത്.
സഹകരണ വകുപ്പിന്റെ കീഴിലുള്ള വനിതാഫെഡ്, ടൂര്‍ഫെഡ്, ഹോസ്പിറ്റല്‍ ഫെഡ്, ലെബര്‍ ഫെഡ് എന്നീ സ്ഥാപനങ്ങളിലും വ്യവസായ വകുപ്പിനു കീഴില്‍ വരുന്ന സഹകരണ സ്ഥാപനങ്ങളായ ഹാന്റെക്സ്, ടെക്സ്ഫെഡ്, കയര്‍ഫെഡ്, സുരഭി, കാപെക്സ് എന്നിവയിലുമാണ് പിഎസ്സി നിയമനം ഇനിയും നടപ്പാക്കാത്തത്. ചില സ്ഥാപനങ്ങളുടെ കരട് സ്പെഷ്യൽ റൂൾസ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിട്ട് നാളുകളായെങ്കിലും ഇവയിൽ നടപടിയായിട്ടില്ല. പിഎസ്സി വിജ്ഞാപനം നടത്തി നികത്താനുള്ള സുപ്രധാന പോസ്റ്റുകള്‍ ഈ വകുപ്പുകളില്ലെന്ന വിശദീകരണവും അധകൃതർ നൽകുന്നു.
1995ല്‍ എ.കെ. ആന്റണി സര്‍ക്കാരാണു സഹകരണ അപെക്സ് സ്ഥാപനങ്ങളിലെ നിയമനം പൂര്‍ണമായി പിഎസ്സിക്ക് വിട്ട് ഉത്തരവിറക്കിയത്. ഈ ഉത്തരവു പൂർണമായി നടപ്പാക്കിയാൽ നിരവധി ഉദ്യോഗാർഥികൾക്ക് ആശ്വാസമാവും. ആയിരക്കണക്കിനു വിദ്യാർഥികളാണു സഹകരണം മുഖ്യവിഷയമായി ഒരോ വർഷവും പഠിച്ചിറങ്ങുന്നത്.
അക്കാഡമിക് നിലവാരമുള്ള ജീവനക്കാരെ ഉൾപ്പെടുത്താനുള്ള അവസരമാണു പിൻവാതിൽ നിയമനത്തിലൂടെ നഷ്ടമാവുന്നതെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. സ്പെഷ്യല്‍ റൂള്‍സ് തയാറാക്കാന്‍ ഇനിയും സ്ഥാപനങ്ങള്‍ കാലതാമസം വരുത്തിയാല്‍ പ്രത്യേക ഉത്തരവിറക്കി ഈ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്നുള്ള ആവശ്യവും ഉദ്യോഗാർഥികൾ ഉന്നയിക്കുന്നു