ഏറെ ആത്മബന്ധമുണ്ടായിരുന്ന കെ.കരുണാകരന് നിര്‍ബന്ധിച്ചിട്ടും ക്യാപ്റ്റന്‍ രാജു രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയ്യാറായിരുന്നില്ല; അതിന് കാരണം ഇതാണ്
കൊച്ചി: കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന് കെ.കരുണാകരനും കുടുംബവുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന ആളായിരുന്നു ക്യാപ്റ്റന്‍ രാജു. ആ അടുപ്പം വെച്ച് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ക്യാപ്റ്റന്‍ രാജുവിനെ ലീഡര്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങാനോ മത്സരിക്കാനോ ക്യാപ്റ്റന്‍ രാജു തയ്യാറായിരുന്നില്ല.
ജന്മസ്ഥലമായ പത്തനംതിട്ടയില്‍ ക്യാപ്ടന് മത്സരിക്കണമെന്ന് ലീഡര്‍ ഒരുപാട് തവണ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. അതിന് വ്യക്തമായ കാരണവും ക്യാപ്ടന് രാജുവിന് ഉണ്ടായിരുന്നു.
‘പ്രസംഗിക്കുന്നത് പ്രാവര്‍ത്തികമാക്കാന്‍ കഴിവുള്ളയാളാകണം ഒരു രാഷ്ട്രീയക്കാരന്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിട്ട് സിനിമാക്കാരനെന്ന് പറഞ്ഞ് കറങ്ങി നടന്നാല്‍ പോരാ, ജനങ്ങള്‍ക്കിയടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിയണം. അങ്ങനെ വരുമ്പോള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന സിനിമ ഉപേക്ഷിക്കേണ്ടി വരും. അവിടെ നഷ്പ്പെടുക ഒരു പക്ഷേ രാഷ്ട്രീയ പ്രവര്‍ത്തനത്തിനോടുള്ള ആത്മാര്‍ത്ഥത തന്നെയാകും’ ഒരു അഭിമുഖത്തില്‍ ക്യാപ്റ്റന്‍ രാജു പറഞ്ഞിട്ടുണ്ട്.
ക്യാപ്റ്റന്‍ രാജുവിന്റെ മരണം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. ജീവിതത്തിന്റെ അവസാന നാളുകളിൽ ക്ഷീണിതനായിരുന്നെങ്കിലും അദ്ദേഹം പകർന്നാടിയ വേഷങ്ങൾ മലയാളി ഒരിക്കലും മറക്കില്ല. ‘വടക്കൻ വീരഗാഥ’യിലെ അരിങ്ങോടരെയും, ആഗസ്റ്റ് ഒന്നിലെ കില്ലറും, ‘നാടോടിക്കാറ്റി’ലെ പവനായിയുമൊക്കെ മലയാള സിനിമയെ വിസ്മയിപ്പിച്ച കഥാപാത്രങ്ങളാണ്.
ഒരു കാലത്ത് ഏറ്റവും കൂടുതൽ അന്യഭാഷാ ചിത്രങ്ങൾ ചെയ്തിരുന്ന മലയാള നടനായിരുന്നു ക്യാപ്ടൻ രാജു. തമിഴിൽ മാത്രം അറുപതിലധികം ചിത്രങ്ങളിലാണ് ക്യാപ്ടൻ രാജു അഭിനയിച്ചത്. തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ളീഷ് എന്നീ ഭാഷകളിലെല്ലാം തന്റെ കഴിവ് തെളിയിക്കാൻ ക്യാപ്റ്റന്‍ സാധിച്ചു. അന്യഭാഷാ ചിത്രങ്ങളിലെ തിരക്ക് കണ്ട് ഒരിക്കൽ മമ്മൂട്ടി പോലും ക്യാപ്റ്റനോട് ചോദിച്ചിട്ടുണ്ട് ‘ഒന്നു മാറി തരോ, ഞങ്ങൾക്കും ഒരു അവസരം കിട്ടട്ടെയെന്ന്’.