ഷൊര്‍ണ്ണൂര്‍ എം.എല്‍.എ ശശിക്ക് എതിരായി പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെയും നടപടി വരും ?
പാലക്കാട്: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ പ്രവര്‍ത്തിച്ച ഡി.വൈ.എഫ്.ഐ – സി.പി.എം നേതാക്കള്‍ക്ക് എതിരെയും നടപടിയുണ്ടാകും.
പാര്‍ട്ടിക്ക് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗം നല്കിയ പരാതി പുറത്ത് വരുന്ന ‘സാഹചര്യം’ ഉണ്ടാക്കിയത് ചില ‘ആദര്‍ശ’ സഖാക്കളുടെ ബുദ്ധിയാണെന്നാണ് സി.പി.എം നേതൃത്വം കണ്ടെത്തിയിരിക്കുന്നത്.
തനിക്കെതിരെ നടക്കുന്ന ഗൂഢാലോചന സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലേക്ക് പോകുന്നതിനു മുന്‍പു തന്നെ എം.എല്‍.എ നേരിട്ട് കണ്ട് പരാതി പറഞ്ഞിരുന്നു.
സി.പി.എം വിഭാഗീയത കൊടുംമ്പിരികൊണ്ടിരുന്ന സമയത്ത് ഏറ്റവും ശക്തമായി പ്രതികൂല സാഹചര്യം അവഗണിച്ച് പിണറായിക്കൊപ്പം തുടക്കം മുതല്‍ ഉറച്ച് നിന്ന നേതാവാണ് ശശി. തുടര്‍ച്ചയായി ഇദ്ദേഹത്തിന് സീറ്റ് ലഭിച്ചതിനു പിന്നിലും പിണറായിയുടെ താല്‍പ്പര്യം ഉണ്ടായിരുന്നു.
ഈ സീറ്റു മോഹികള്‍ ഉള്‍പ്പെടെ ഇപ്പോള്‍ അവസരം മുതലെടുക്കാന്‍ രംഗത്തിറങ്ങി എന്നത് ഗൗരവമായാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ കാണുന്നത്.
പാര്‍ട്ടിക്കകത്ത് തീര്‍ക്കേണ്ട പ്രശ്നം പുറത്ത് ചര്‍ച്ചയാക്കി പൊതു സമൂഹത്തില്‍ നാണം കെടുത്തിയവരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കാന്‍ പാടില്ലന്ന കടുത്ത നിലപാട് ജില്ല – സംസ്ഥാന നേതൃത്വത്തിലുണ്ട്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കാതെ പാര്‍ട്ടിക്ക് പരാതി നല്‍കിയത് പാര്‍ട്ടി നീതിയില്‍ വിശ്വാസമുള്ളതു കൊണ്ടാണെന്നും എന്നാല്‍ ചില നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ട് വഷളാക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നുമാണ് ഔദ്യോഗിക വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
എം.എല്‍.എക്ക് എതിരായി പരാതി നല്‍കിയതിനു പിന്നില്‍ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗവും സഹകരണ ബാങ്ക് ജീവനക്കാരനുമായ വ്യക്തി ഇടപെട്ടിരുന്നതായി സി.പി.എം നേതൃത്വത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാളെ ഏതൊക്കെ നേതാക്കള്‍ സഹായിച്ചു എന്നതിനെ പറ്റിയും പാര്‍ട്ടി തലത്തില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ട്.
ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാകും മന്ത്രി എ.കെ.ബാലനും ശ്രീമതിയും അന്യേഷിക്കുന്ന പരാതിയില്‍ സി.പി.എം അന്തിമ നിലപാട് സ്വീകരിക്കുക.
മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സ കഴിഞ്ഞ് എത്തിയിട്ടുമതി നിലപാട് പ്രഖ്യാപനമെന്ന ആവശ്യവും സംസ്ഥാന നേതൃത്വത്തിനു മുന്‍പാകെ ഉണ്ട്.
യുവതിയുടെ പരാതിയില്‍ ശശിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ തന്നെ പിന്നില്‍ നിന്നും ‘കളിച്ച’ വര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം.
സംഘടനാപരമായി വിഷയം കൈകാര്യം ചെയ്യുമെന്നാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വവും അനൗദ്യോഗികമായി പ്രതികരിച്ചത്.