ആരോപണം അടിസ്ഥാനരഹിതം; ചെന്നിത്തലക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയത് കൊണ്ട് സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുളള ശ്രമമായേ ഇതിനെ കാണാനാവൂ. പ്രളയദുരിതാശ്വാസ, പുനരധിവാസ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി നല്ല രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഏകോപിപ്പിക്കുയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ദുരിതാശ്വാസത്തിന്റെ ഭാഗമായുളള 10,000 രൂപ ധനസഹായത്തിന് അര്‍ഹരായ 6,05,555 പേരില്‍ 4,95,000 പേര്‍ക്ക് ഇന്നലെ ഉച്ചയോടെ തുക ലഭ്യമാക്കി. ബാക്കിയുളളവര്‍ക്ക് ഇന്നത്തോടെ സഹായം ലഭിക്കും. 7,18,674 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു. പ്രളയക്കെടുതിക്ക് ഇരയായവരുടെ പുനരധിവാസം, തകര്‍ന്ന കേരളത്തിന്റെ മെച്ചപ്പെട്ട നിലയിലുളള പുനര്‍നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ മുന്നോട്ടുപോകുകയാണ്. സ്ഥലത്തില്ലെങ്കിലും അപ്പപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന കാര്യങ്ങളില്‍ മുഖ്യമന്ത്രി തന്നെ തീരുമാനമെടുക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മന്ത്രിമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തുന്നുണ്ട്.
വിദേശത്ത് പോയ ശേഷം സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒമ്ബതു വരെയുളള ദിവസങ്ങളില്‍ 316 ഫയലുകളില്‍ മുഖ്യമന്ത്രി തീര്‍പ്പ് കല്പിച്ചു. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ഫയല്‍ കൈകാര്യം ചെയ്യാന്‍ എല്ലാ ഏര്പ്പാടുകളുമുണ്ടാക്കിയിട്ടുണ്ട്. മുഖ്യന്ത്രി സ്ഥലത്തില്ലെങ്കിലും മന്ത്രിമാര്‍ കൂട്ടായി പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നു. വിവിധ ജില്ലകളില്‍ വിഭവസമാഹരണത്തിന്റെ ചുമതലയിലാണ് ഇപ്പോള്‍ മന്ത്രിമാര്‍. മന്ത്രിസഭാ ഉപസമിതിയില്‍ അംഗങ്ങളല്ലാത്ത മന്ത്രിമാര്‍ ഇന്നും വിവിധ ജില്ലകളില്‍ ഈ ചുമതലകള്‍ നിര്‍വഹിക്കും. കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുളള സഹായ പദ്ധതികളുമായും സ്പോണ്‍സര്‍ഷിപ്പുമായും വിവിധ സ്ഥാപനങ്ങളും ഏജന്‍സികളും സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. അതെല്ലാം ശരിയായ വിധത്തില്‍ ക്രമീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന സംഭാവനകള്‍ സ്വീകരിക്കാനുളള ക്രമീകരണവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏര്‍പ്പെടുത്തി.
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ലോകബാങ്ക്, എ.ഡി.ബി, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്പ്പറേഷന് എന്നീ ഏജന്‍സികളുടെ പ്രതിനിധികള്‍ ആഗസ്റ്റ് 29-ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ലോകബാങ്ക്-എ.ഡി.ബി സംഘം കേരളത്തില്‍ വന്ന് നാശനഷ്ടം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടുമൂന്ന് ദിവസത്തിനകം ഈ വിലയിരുത്തല്‍ പൂര്‍ത്തിയാകും. അതിനുശേഷമായിരിക്കും സംസ്ഥാനത്തിനുളള സഹായം സംബന്ധിച്ച് തീരുമാനം എടുക്കുക. സപ്തംബര്‍ 20-നകം ലോകബാങ്ക്-എ.ഡി.ബി സംഘം അവരുടെ വിലയിരുത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുപോലുളള എല്ലാ കാര്യങ്ങളും ഒരു തടസ്സവുമില്ലാതെ സര്‍ക്കാര്‍ നിര്വഹിച്ചുപോരുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി