കേരള പൊലീസ് ഒടുവിൽ . . ആ ‘കടുംകൈ’ പ്രയോഗത്തിന്, കളിച്ചാൽ പേജുകളും പൂട്ടും !
തിരുവനന്തപുരം: ഒടുവില്‍ സോഷ്യല്‍ മീഡിയകളെയും ഇന്റര്‍നെറ്റിനെയും ദുരുപയോഗം ചെയ്യുന്നവരെയും ‘ബ്ലാക്ക് ലിസ്റ്റില്‍’പ്പെടുത്തി ‘പണി’ കൊടുക്കാന്‍ സൈബര്‍ ഡോം രംഗത്ത്.
വ്യാജ വാര്‍ത്തകളും പ്രകോപിത വാര്‍ത്തകളും നല്കി സോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും മുതലെടുപ്പ് നടത്തുന്നവരെ ‘പൂട്ടിക്കെട്ടാനുള്ള’ പദ്ധതികള്‍ക്കും ഒക്ടോബര്‍ 5,6 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനത്തില്‍ തീരുമാനമെടുക്കും.
വാട്സ് ആപ്പില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് നിരപരാധികളെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന പശ്ചാത്തലത്തില്‍ വാട്സ് ആപ്പ് ചില കര്‍ശന നിയന്തണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അത് വേണ്ടത്ര ഫലപ്രദമല്ലന്ന നിലപാടിലാണ് പൊലീസ്.
വാട്ട്സ് ആപ്പിനു പുറമെ ഫേയ്സ് ബുക്കിലും, ട്വിറ്ററിലും,യു ട്യൂബിലും ഉള്‍പ്പെടെ പ്രകോപിത വാര്‍ത്തകളും ചിത്രങ്ങളും ‘ ടാര്‍ഗറ്റ് ‘ ചെയ്ത് തന്നെ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയകളുടെ പ്രതിനിധികളടക്കം പങ്കെടുക്കുന്ന സൈബര്‍ സമ്മേളനത്തില്‍ പൊലീസിനും അന്വേഷണ ഏജന്‍സികള്‍ക്കും പറയാനുള്ള കാര്യങ്ങള്‍ അവതരിപ്പിച്ച് സമഗ്ര മാറ്റം കൊണ്ടുവരാനാണ് നീക്കം.
സൈബര്‍ ഡോം ഉള്‍പ്പെടെ സൈബര്‍ കുറ്റകൃത്യം കണ്ടു പിടിക്കാന്‍ ചുമതലപ്പെട്ട വിഭാഗങ്ങള്‍ നല്കുന്ന റിപ്പോര്ട്ടിന്മേല് തെറ്റായ ഉദ്യേശത്താല് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ പേജുകള്‍ പൂട്ടുന്ന സാഹചര്യമാണ് ഇതോടെ സൃഷ്ടിക്കപ്പെടുക.
ഇപ്പോള്‍ തന്നെ ഫേയ്സ് ബുക്ക് വെബ് പോര്‍ട്ടലുകളുടെ പേജുകള്‍ക്കു നല്കിയ പരസ്യങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും റീച്ച് കുറച്ചും ജാഗ്രത കാട്ടുന്നുണ്ട്.
എന്നാല്‍ ഇത് പോരെന്നും സോഷ്യല്‍ മീഡിയകളെ ദുരുപയോഗം ചെയ്യുന്നവരുടെ അക്കൗണ്ടുകള്‍ പൂട്ടണമെന്നും ഇതു സംബന്ധമായ വിവരങ്ങള്‍ കാലതാമസമെടുക്കാതെ തന്നെ അന്വേഷണ സംഘത്തിന് ലഭ്യമാക്കണമെന്നതുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.
ഇക്കാര്യങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നതോടെ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
‘കൊക്കൂണ്‍ 11’ എന്നാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന് പേരിട്ടിരിക്കുന്നത്. പോള്സിബ്, ഇസ്ര തുടങ്ങിയ സംഘടനകള്‍ പരിപാടിയുടെ ഭാഗമാകും. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്നത് തടയുന്നതിന് പൊലീസ് സംവിധാനത്തിന് നല്‍കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് 11-ാം സമ്മേളനത്തിന്റെ മുഖ്യ അജണ്ട.
പൊലീസ് സേനാംഗങ്ങള്‍ക്ക് പുറമെ വിവിധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, ഏജന്‍സികള്‍, ദേശീയ-അന്തര്‍ദേശീയ കമ്പനികള്‍, നേതാക്കള്‍ തുടങ്ങിയവരും പങ്കെടുക്കും.
സൈബര്‍ രംഗത്തെ പ്രശ്നങ്ങള്‍ പഠിക്കുക, അപഗ്രഥിക്കുക, പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക, ജനങ്ങളെ ബോധവല്‍ക്കരിക്കുക തുടങ്ങിയവയാണ് സമ്മേളനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
കുറ്റവാളികള്‍ക്ക് അനായാസം മറഞ്ഞിരുന്ന് ഇരകളെ സ്വാധീനിക്കാം എന്നതാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ സാധ്യത ഇരട്ടിയാക്കുന്നത്. രാജ്യാതിര്‍ത്തികള്‍ ഒരു പ്രശ്നമേയാകാറില്ല. സൈബര്‍ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കുക അത്ര എളുപ്പമല്ല.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും ഇന്റര്‍നെറ്റ് രംഗത്തെ വികസനം വളരെ നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ ഭീഷണികളും നിരവധിയാണ്. ഹാക്കിംഗ്, സ്വകാര്യത ലംഘനം, വിവരങ്ങള്‍ ചോര്‍ത്തല്‍, ആള്‍മാറാട്ടം, വിവരങ്ങളുടെ മോഷണം തുടങ്ങിയവയാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍. ഇന്ത്യയുടെ ഐ.ടി കുതിപ്പിനനുസൃതമായി വലിയ സുരക്ഷ ഒരുക്കേണ്ടത് അത്യാവശ്യമാണ്.
കഴിഞ്ഞ കൊക്കൂണ്‍ സമ്മേളനങ്ങളില്‍ കോര്‍പ്പറേറ്റ്-ബാങ്കിംഗ് മേഖലകളിലെ പ്രധാന സുരക്ഷാ സംവിധാനങ്ങള്‍ രൂപീകരിച്ചിരുന്നു. വരും വര്‍ഷങ്ങളിലും ഇത് തുടരും.
അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇത്തവണ സമ്മേളനത്തില്‍ പങ്കെടുക്കും. ഡോ. ഗുല്‍ഷന്‍ റായ്, ആഡംബ്ലാക്ക് വെല്‍, ബെസ്റ്റി ബ്രോഡര്‍, ബെസ്സി പാങ് തുടങ്ങിയ പ്രമുഖര്‍ സംസാരിക്കും. 3,4 തീയതികളില്‍ പ്രത്യേക വര്‍ക്ക്ഷോപ്പും നടക്കും.
സൈബര്‍ സുരക്ഷാ രംഗത്ത് ലോകോത്തര നിലവാരമുള്ള പരിപാടികളാണ് സൈബര്‍ ഡോമിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നത്. മാതൃകാപരമായ ചുവടുവയ്പ്പാണ് കൊക്കൂണ്‍ സമ്മേളനങ്ങളെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
ഐ.ജി മനോജ് എബ്രഹാമാണ് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍.