ഓഫീസിൽ കയറി ഇറങ്ങേണ്ട, വീട്ടുമുറ്റത്ത് എത്തും ഉദ്യോഗസ്ഥർ, ചരിത്രം രചിച്ച് ഡൽഹി!
ന്യൂഡല്‍ഹി : രാജ്യത്ത് ഇപ്പോള്‍ ഭരണം നടത്തുന്ന യഥാര്‍ത്ഥ ജനകീയ സര്‍ക്കാര്‍ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കെജരിവാള്‍ സര്‍ക്കാര്‍ എന്നത്.
ചുമ്മാ ഒരു വാദത്തിനു വേണ്ടിയല്ല ഇതു പറയുന്നത് കണ്ണീരില്‍ ചരിത്രമെഴുതിയ ഡല്‍ഹിയുടെ ചേരി പറയും ആം ആദ്മി സര്‍ക്കാറിന്റെ മാഹാത്മ്യം.
അധികാരത്തില്‍ വന്നതുമുതല്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെയും പിന്നീട് കേന്ദ്രം നിയോഗിച്ച ലഫ്.ഗവര്‍ണറുടെയും ഇടപെടലില്‍ ‘ശ്വാസം’ മുട്ടിയ കെജരിവാള്‍ സര്‍ക്കാര്‍ സകല വെല്ലുവിളികളും അതിജീവിച്ചാണ് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കി കൊണ്ടിരിക്കുന്നത്.
സംസ്ഥാന പൊലീസും ഐ.എ.എസ് ഉദ്യോഗസ്ഥരും എല്ലാം കേന്ദ്രത്തിന്റെ ‘നിയന്ത്രണത്തില്‍’ പ്രവര്‍ത്തിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാറിന്റെ ഈ അതിജീവന വിജയഗാഥ.
തെരഞ്ഞെടുപ്പ് പ്രകടനപത്രിക വോട്ട് തട്ടാനുള്ള മാര്‍ഗ്ഗം മാത്രമായി കാണുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ രാജ്യത്തിന് പുതിയ പ്രതീക്ഷ നല്‍കിയാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
ഏറ്റവും ഒടുവിലായി 40 ഓളം സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന വിപ്ലവകരമായ പദ്ധതിക്കാണ് തിങ്കളാഴ്ച മുതല്‍ ഡല്‍ഹി സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.
തലസ്ഥാന നഗരിയിലെ ജനങ്ങള്‍ക്ക് ഇനി സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങണ്ട. വിവാഹ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, വാട്ടര്‍ കണക്ഷന് തുടങ്ങിയ മിക്ക സര്‍ക്കാര്‍ സേവനങ്ങളും ഇനി വീടുകളില്‍ എത്തും.
Arvind Kejriwal,Aam Aadmi Party
ഈ വര്‍ഷം ആദ്യം തന്നെ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചുവെങ്കിലും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുകൂല നടപടി കൈക്കൊള്ളാന്‍ വൈകിയതാണ് പദ്ധതിയ്ക്ക് കാലതാമസം ഉണ്ടാവാന്‍ കാരണമായിരുന്നത്.
അഞ്ചംഗ ഭരണാഘടനാ ബെഞ്ച് ജൂലായില്‍ സര്‍ക്കാരിന്റെ അധികാരപരിധിയില്‍ അനുകൂലമായ വിധി പ്രസ്താവിച്ചതോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഡല്‍ഹിയിലെ ഒരു വ്യക്തിക്കും ഇനി സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ലോകത്തില്‍ ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്ന ആദ്യ സര്‍ക്കാരാണ് ഇത്, അഴിമതിയ്ക്ക് വന്‍ തിരിച്ചടിയാവും ഈ പദ്ധതിയെന്നും ജനങ്ങള്‍ക്ക് സൗകര്യപ്രദമാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ട്വിറ്ററിലൂടെ അറിയിച്ചു.
നാല്പതോളം സേവനങ്ങളാണ് ഇതിലൂടെ ആദ്യഘട്ടത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാവുക. 50 രൂപ അധിക ഫീസ് ഈടാക്കിയാണ് സേവനം നല്‍കുക. ഈ പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാരിന്റെ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നതിനായി ഒരു സ്ഥാപനത്തെ ഏല്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ജൂലായില്‍ തന്നെ ആരംഭിച്ചിരുന്നു.
സേവനം ആവശ്യപ്പെടുന്നവരെ സഹായിക്കാന്‍ ഒരു ഉദ്യാഗസ്ഥന് വീട്ടിലെത്തുകയും ആവശ്യമായ വിവരങ്ങളും രേഖകളും ശേഖരിക്കുകയും ചെയ്യും. ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാവണം. വീട്ടില്‍ വിവരങ്ങള്‍ ശേഖരിക്കാനെത്തുന്ന ഉദ്യോഗസ്ഥന് ക്യാമറ,ബയോമെട്രിക് ഉപകരണങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ വൈദ്യുതി, വെള്ളം നിരക്കുകളില്‍ വന്‍തോതില്‍ കുറവു വരുത്തിയാണ് കെജ്രിവാള് ഡല്‍ഹി ഭരണം തുടങ്ങിയത്. വൈദ്യുതി നിരക്ക് പകുതിയായി കുറച്ചു. പ്രതിമാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് ഇളവ്. ഒപ്പം ഒരു കുടുംബത്തിനു പ്രതിമാസം 20,000 ലിറ്റര്‍ വെള്ളമാണ് സൗജന്യമായി നല്കി വരുന്നത്.
പാവപ്പെട്ടവര്‍ക്കായി ഡല്‍ഹിയില്‍ 1000 മൊഹല്ല ക്ലിനിക്കുകള്‍ തുടങ്ങിയും ആം ആദ്മി സര്‍ക്കാര്‍ ഞെട്ടിച്ചു. ഇതിനകം തന്നെ സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ച് 300 പുതിയ ക്ലിനിക്കുകള്‍ തുറന്നു കഴിഞ്ഞു.ആരോഗ്യ രംഗത്തെ വിപ്ലവകരമായ മുന്നേറ്റമായാണ് മൊഹല്ല ക്ലിനിക്കുകള്‍ വിലയിരുത്തപ്പെടുന്നത്.
ചേരി നിവാസികള്‍ക്ക് സ്വന്തമായി ഫ്ലാറ്റ് നല്കി സകലരേയും അമ്പരപ്പിച്ച സര്‍ക്കാര്‍ ഇന്റര്‍നാഷണല്‍ സ്കൂളുകളെ വെല്ലുന്ന രീതിയില്‍ സര്‍ക്കാര്‍ സ്കൂളുകളെ ഉടച്ച് വാര്‍ത്ത് മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.
രാജ്യത്തെ വന്‍കിട മാനേജ്മെന്റ് സ്കൂളിനെ പോലും വെല്ലുന്ന അടിസ്ഥാന സൗകര്യങ്ങളാണ് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരത്തിലേക്ക് കുതിക്കുകയാണ് ഡല്‍ഹിയിലെ സ്കൂളുകള്‍.
അന്താരാഷ്ട്ര നിലവാരം എന്നത് അടിസ്ഥാന സൗകര്യ വികസനത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അത് അദ്ധ്യാപകരുടെ കാര്യത്തില്‍ മുതല്‍ തുടങ്ങുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയുടെ നേതൃത്വത്തില്‍ വിപ്ലവകരമായ മാറ്റമാണ് കുറഞ്ഞ കാലത്തിനിടയില്‍ ഡല്‍ഹിയില്‍ പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസ രംഗത്തുകൊണ്ടുവന്നത്. 2015 ല്‍ മനീഷ് സിസോദിയ തന്നെ പ്രഖ്യാപിച്ച മോഡല്‍ സ്കൂള്‍ പദ്ധതി വിവിധ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടാണ് സ്കൂള്‍ പരിഷ്ക്കരണം.
എ സിയും എല്‍സിഡി സ്ക്രീനുമുള്ള സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഡല്‍ഹി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ‘ചുനോട്ടി 2018’ ന്റ ഭാഗമായി ഡല്‍ഹിയിലെ സ്കൂളുകളെല്ലാം ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് എ സി ക്ലാസ്സ് മുറികള്‍, മുറികളില്‍ പഠനത്തിനായി കമ്പ്യൂട്ടര്‍ എല്‍ സി ഡി സ്ക്രീന്‍,വിദ്യാര്‍ത്ഥികള്‍ക്കുള്ള നൂതനമായ ഇരിപ്പിടങ്ങള്‍, എന്നിവയ്ക്ക് പുറമേ ആരോഗ്യ പരിപാലനത്തിന് ജിംനേഷ്യം, ശുദ്ധജലവും വൃത്തിയുള്ള കക്കൂസ് സൗകര്യങ്ങളും സ്കൂളുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഇങ്ങനെ അന്താരാഷ്ട്ര ക്ലാസ് സ്കൂളുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ക്ലാസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള അദ്ധ്യാപകര്‍ സംഗീതം, നൃത്തം, ചലച്ചിത്രം, കരകൗശല നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസും പരിശീലനവും സ്കൂളില്‍ ഉണ്ടാകും. എ.എ.പി സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ ‘ ചുനോട്ടി 2018’ ന്റെ ഭാഗമായാണ് സ്കൂളുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.
അദ്ധ്യാപകര്‍ക്കും ആശ്വാസം അവരുടെ ജോലികള്‍ മാത്രം കൃത്യമായി ചെയ്താമതി
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി സ്കൂള്‍ ടീച്ചര്‍മാരുടെ ജോലി പഠിപ്പിക്കുന്നത് മാത്രമാക്കി ആപ്പ് സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിരുന്നു. ഇത് പ്രകാരം സെന്‍സസ്, പോളിയോ ഇലെക്ഷന് വര്‍ക്ക് തുടങ്ങിയവയില്‍ ഡല്‍ഹി അദ്ധ്യാപകര്‍ ഒഴിവായി. അതുകൊണ്ട് തന്നെ പഠിപ്പിക്കല്‍ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും അദ്ധ്യാപകര്‍ക്ക് കഴിയുന്നു.
അദ്ധ്യാപക-രക്ഷിതാക്കള്‍ ബന്ധം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനുള്ള പദ്ധതികളും തയ്യാറാക്കി. കൂടാതെ അധ്യായനവും മറ്റു കാര്യങ്ങളും എളുപ്പത്തിലാക്കാന്‍ സ്കൂള്‍ ടീച്ചര്‍മാര്‍ക്ക് ടാബ്ലറ്റ് നല്കി. ഇതോടെ അവര്‍ക്ക് അറ്റന്‍ഡന്‍സ് ഷീറ്റ്, മറ്റു റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുബോഴുള്ള സമയം ലാഭിക്കാനും, സ്കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ രക്ഷ്താക്കള്‍ക്ക് എസ്എംഎസ് വഴി അറിയിപ്പ് നല്‍കാനും സാധിക്കുന്നുണ്ട്.
കച്ചവട സ്ഥാപനങ്ങളായി മാത്ര പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിച്ചു എന്നതാണ് കെജരിവാള്‍ സര്‍ക്കാറിന്റെ മറ്റൊരു സുപ്രധാന നേട്ടം. സര്‍ക്കാര്‍ ഭൂമിയില്‍ പണിത സ്കൂളുകള്‍ക്ക് സര്‍ക്കാറിന്റെ അനുവാദം ഇല്ലാതെ ഫീസ് കൂട്ടാന്‍ പറ്റില്ല എന്ന നിബനന്ധ കൊണ്ടുവന്നു. സര്‍ക്കാരിന്റെ അനുവാദം കൂടാതെ അധികം ഫീസ് ഈടാക്കിയ സ്കൂളുകളില്‍ നിന്നും രക്ഷിതാക്കള്‍ക്ക് റീഫണ്ട് നല്‍കിപ്പിച്ചു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ മക്കള്‍ക്ക് 25% സീറ്റ് സംവരണം നല്‍കാനും തീരുമാനിച്ചു. ഇതെല്ലാം സാധാരക്കാര്‍ക്ക് ഏറെ ഗുണം ചെയ്തു. സ്വകാര്യ സ്കൂളുകളിലെ മാനേജ്മെന്റ് ക്വാട്ട റദ്ദാക്കാനെടുത്ത തീരുമാനം സര്‍ക്കാരിന്റെ കര്‍ശന നിലപാടുകളുടെ മുഖമുദ്രയായി.
അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 സ്കൂളുകള്‍ എന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം. ഇതില്‍ 25 സ്കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 54 മാതൃകാ സ്കൂളുകളും 45 സ്മാര്‍ട്ട് ക്ലാസ് മുറികളും യാഥാര്‍ഥ്യമാക്കി. ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ വിദ്യാഭ്യാസ വായ്പ നല്‍കാനുള്ള തീരുമാനവും നിര്‍ണായകമായിരുന്നു. ഉന്നത വിദ്യാഭ്യാസ നൈപുണ്യ പദ്ധതി പ്രകാരം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ്പ നല്‍കാനും സാധിച്ചു. ഇത്തരം വായ്പ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുമെന്നത് തന്നെയാണ് പ്രധാന നേട്ടങ്ങള്‍.
കേന്ദ്രത്തില്‍ നിന്നും കാര്യമായ സാമ്പത്തിക സഹായം ലഭിക്കാതെയാണ് ഇത്രയും നേട്ടങ്ങള്‍ ആം ആദ്മി സര്‍ക്കാര്‍ കൈവരിച്ചിരിക്കുന്നത്.