വരുന്നത് കുടിവെള്ളക്ഷാമം
കൊച്ചി: പ്രളയത്തിനു ശേഷം കേരളത്തെ കാത്തിരിക്കുന്നതു കടുത്ത കുടിവെള്ളക്ഷാമം. വേനല്ക്കാലത്തു പോലും വറ്റാത്ത പുഴകളും കിണറുകളും വറ്റിത്തുടങ്ങി. മറ്റു കുടിവെള്ള സ്രോതസുകളിലെയും വെള്ളം താഴ്ന്നു. ഭൂഗർഭ ജലനിരപ്പു വലിയ തോതിൽ താഴ്ന്നത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പ്രളയബാധിത പ്രദേശങ്ങളിലാണു കുടിവെള്ളക്ഷാമം രൂക്ഷമാവാൻ സാധ്യത. അസാധാരണമാം വിധം ഇത്തരത്തില്‍ വെള്ളം താഴുന്നത് കൊടുംവരള്‍ച്ചയ്ക്കു വഴിവച്ചേക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പമാണ് ഇടുക്കിയിലെ മലയോര മേഖലകളിൽ ഭൂമി വിണ്ടുകീറുന്നത്. ഇതുവഴി വീടുകൾക്കു നാശം സംഭവിക്കുന്നു. കൃഷിസ്ഥലങ്ങൾ നശിക്കുന്നു.
പ്രളയത്തിനു ശേഷം ഒഴുക്കിനു തടസങ്ങള്‍ ഇല്ലാതായതോടെ കടലിലേക്കു വെള്ളം ഒഴുകിപ്പോയതിനെ തുടർന്ന് ജലാശയങ്ങളിൽ വെള്ളം കൂടുതലായി ശേഖരിക്കപ്പെട്ടിട്ടില്ല. ഇതിനാലാണു ഭൂഗർഭ ജലത്തിന്റെ അളവു കുറയുന്നതെന്നു വിലയിരുത്തൽ. ജലസ്രോതസുകളിൽ വൻതോതിൽ മാലിന്യങ്ങൾ അടിഞ്ഞിട്ടുമുണ്ട്. ഇവ പൂർണമായും മാലിന്യമുക്തമാക്കിയതിനു ശേഷമേ കുടിവെള്ളത്തിനായി ഇവയെ ആശ്രയിക്കാനാവൂ. ജലവിഭവ വകുപ്പിന്റെ ജലസംഭരണികൾ കഴിഞ്ഞ വർഷങ്ങളിൽ മാർച്ച് മാസത്തോടെയാണു വരണ്ടുതുടങ്ങിയത്. എന്നാൽ വേനലിനു മാസങ്ങൾക്കു മുൻപു തന്നെ സംഭരണികൾ വറ്റാൻ തുടങ്ങിയതോടെ വരുംദിവസങ്ങളിൽ എങ്ങനെ കുടിവെള്ളമെത്തിക്കുമെന്ന ആശങ്കയിലാണു വകുപ്പ്.
ഇതിനിടയിൽ വിതരണം ചെയ്യപ്പെടുന്ന കുടിവെള്ളത്തിന്റെ പകുതിയോളം നഷ്ടപ്പെടുന്നതിനു ശാശ്വത പരിഹാരം കാണാൻ ജലവിഭവ വകുപ്പിന് ഇതുവരെയും സാധിച്ചിട്ടില്ല. ജലസ്രോതസുകളില്‍ നിന്നു ശേഖരിച്ച് ശുദ്ധീകരിച്ച് പൈപ്പ് ലൈനുകളിലൂടെ വിതരണം ചെയ്യുന്നതിനിടെയാണ് വന്‍തോതില്‍ കുടിവെള്ളം പാഴാകുന്നത്. ദേശീയ തലത്തില്‍ ഇത്തരത്തില്‍ 20 ശതമാനം മാത്രം കുടിവെള്ളം പാഴാകുമ്പോഴാണ് കേരളത്തില്‍ പകുതിയോളം നഷ്ടപ്പെടുന്നത്. 1200 ദശലക്ഷം ലിറ്റര്‍ വരെ പ്രതിദിനം നഷ്ടമാവുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുവഴി ഒരുദിവസം 44 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. കുടിവെള്ള പൈപ്പ് ലൈനുകളിലെ ചോര്‍ച്ചകള്‍, പൈപ്പ് കണക്ഷന് മീറ്ററുകളിലെ ക്രമക്കേട്, കുടിവെള്ള മോഷണം തുടങ്ങിയ കാരണങ്ങൾ ഇതിനുണ്ട്.
പൈപ്പ് ലൈനുകളിലെ ചോർച്ചകളില്‍ പകുതിയിലേറെയും ഹിഡണ്‍ ലീക്കുകളാണ്. ചോര്‍ച്ചകള്‍ കണ്ടെത്തുന്നതിന് അത്യാധുനിക സംവിധാനങ്ങളോ വിദഗ്ധരായ ഉദ്യോഗസ്ഥരോ ജലവിഭവ വകുപ്പില്‍ ഇല്ല. പതിറ്റാണ്ടുകള്‍ക്കു മുന്‍പുള്ള സംവിധാനങ്ങള്‍ മാത്രമാണ് ചോര്‍ച്ച കണ്ടെത്തുന്നതിന് ഇപ്പോഴും ഉപയോഗിക്കുന്നത്. ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന വലിയ പൈപ്പ് ലൈനുകളിലെ ചെറിയ ചോര്‍ച്ചകള്‍ കണ്ടെത്താൻ ഈ സംവിധാനങ്ങള്‍ക്കു കഴിയില്ല.
കാലപ്പഴക്കം മൂലം ലീക്കുകള്‍ ഉണ്ടാവുന്ന പൈപ്പ് മാറ്റിസ്ഥാപിച്ച് ജലനഷ്ടം ഒഴിവാക്കാനാണ് ഇപ്പോഴത്തെ ശ്രമം. എന്നാല്‍, ജല അഥോറിറ്റിയുടെ ജലവിതരണ ശൃംഖല ആയിരക്കണക്കിനു കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നതിനാല്‍ പഴയ പൈപ്പുകളെ സംബന്ധിച്ച് കൃത്യമായ വിവരം കണക്കാക്കാന്‍ സാധിക്കില്ലെന്നതും തിരിച്ചടിയാണ്.